നൂറാം പ്രദർശന നിറവിൽ കോലഴി സിനിമ കൊട്ടക
തൃശൂർ: തൃശൂരിൽനിന്ന് ഏഴു കിലോമീറ്റർ അകലെയുള്ള കോലഴി ഗ്രാമീണ വായനശാലയ്ക്ക് ഒരു പ്രത്യേകതയുണ്ട്. മാസത്തിലെ ഒരു ഞായറാഴ്ച ഈ വായനപ്പുര സിനിമകൊട്ടകയാണ്. നല്ല സിനിമകളെ സ്നേഹിക്കുന്നവർക്ക് ഒത്തുചേരാനുള്ള ഇടം. ലോകസിനിമകളുടെ ജാലകം തുറക്കുന്പോൾ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ പ്രേക്ഷകർ നിറയും. ഇംഗ്ലീഷോ, ഹിന്ദിയോ, മറാത്തിയോ, സ്പാനിഷോ, ഇറാനിയനോ ഒന്നും പ്രശ്നമല്ല. കാരണം പ്രദർശനം മലയാളം സബ്ടൈറ്റിലോടെയാണ്. നാട്ടുകാർ ഈ ശീലം തുടങ്ങിയിട്ട് പത്തുവർഷമെത്തുകയാണ്.
മുടക്കമില്ലാതെ എല്ലാമാസവും നാട്ടുകാർക്ക് മുന്പിൽ സിനിമ എത്തുന്നുണ്ട്. അവർ അതിൽ ആഹ്ലാദിക്കുന്നുമുണ്ട്. കോലഴി വായനശാലയുമായി ബന്ധപ്പെട്ടുതന്നെയാണ് സിനിമ കൊട്ടകയുടെ പ്രവർത്തനം തുടങ്ങുന്നത്. നാടിനെ വായനശാലയിലേക്ക് എങ്ങനെ തിരികെയെത്തിക്കാമെന്ന ചിന്തയാണു സിനിമാ കൊട്ടകയെന്ന ആശയത്തിനിടയാക്കിയത്. സിനിമകൾക്ക് മലയാളം സബ്ടൈെറ്റിലുകളും നിർമിച്ചു.
2016 ഫെബ്രുവരിയായിരുന്നു ആദ്യ പ്രദർശനം. ആളുകളെ തുടർച്ചയായി സിനിമ പ്രദർശനത്തിന് എത്തിക്കുക എന്നതായിരുന്നു വെല്ലുവിളി. സ്ത്രീകളും വീട്ടമ്മമാരും വയോധികരുൾപ്പെടെയുള്ളവരും സ്ഥിരം പ്രേക്ഷകരായത് പ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ജനങ്ങൾക്ക് മുഖ്യധാര സിനിമകൾ മാത്രമേ കാണാൻ അവസരം കിട്ടുന്നുള്ളൂ. ലോക സിനിമകൾ അവർക്ക് കേട്ടറിവ് മാത്രമേയുള്ളൂ. കാണാൻ അവസരമുണ്ടാകില്ല. പുതുസിനിമകൾ മാത്രമല്ല പഴയ ക്ലാസിക് സിനിമകളും അവർക്കു മുന്നിലെത്തിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം- സിനിമകൊട്ടകയുടെ അണിയറ ശില്പികൾ പറഞ്ഞു.
കെ.ബി. മധുസൂദനൻ, പി.പി. പ്രശാന്ത്, കെ.കെ. ആനന്ദ, എസ്.എൻ. പോറ്റി, വി. രമേഷ്, സി. അജിതൻ എന്നിവരാണ് സിനിമകൊട്ടകയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ഫിലിം സൊസൈറ്റി ഫെഡറേഷൻ അംഗമായ സിനിമ കൊട്ടകയുടെ പ്രവർത്തനങ്ങൾക്ക് കോലഴി ഗ്രാമീണ വായനശാലയുടെ പിന്തുണയുമുണ്ട്. സിനിമയെക്കുറിച്ചറിയാൻ കൂടുതൽ ചെറുപ്പക്കാരത്തെുന്നു എന്നതാണ് സമാന്തര സിനിമാ പ്രദർശനങ്ങളെ സന്പുഷ്ടമാക്കുന്നത്.
നൂറാമത് പ്രദർശനവും ശിൽപശാലയും 19ന്
തൃശൂർ: കോലഴി സിനിമ കൊട്ടക നൂറാമത് സിനിമ പ്രദർശനത്തോടനുബന്ധിച്ച് അന്യ ഭാഷാ സിനിമകൾക്ക് മലയാളം സബ്ടൈറ്റിൽ തയാറാക്കുന്നതിൽ സംസ്ഥാന ശില്പശാല 19ന് രാവിലെ 9.30ന് സാഹിത്യ അക്കാദമി ചങ്ങന്പുഴ ഹാളിൽ നടക്കും.
പയ്യന്നൂർ ഓപണ് ഫ്രെയിം ചലച്ചിത്രപ്രവർത്തകൻ ആർ. നന്ദലാൽ ശില്പശാലക്ക് നേതൃത്വം നൽകും. തുടർന്ന് വൈകീട്ട് നാലിന് പ്രദർശനാഘോഷം ഗാനരചയിതാവ് റഫീക്ക് അഹമ്മദ് ഉദ്ഘാടനം ചയ്യും. സിനിമയും മതനിരേപക്ഷതയും എന്ന വിഷയത്തിൽ ഡോ. കെ.പി.എൻ. അമൃത പ്രസംഗിക്കും.
Tags : Nattuvishesham District News