ചാലക്കുടി: കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ. ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുകൾഭാഗത്ത് സിമന്റ്്കട്ടകൾ അടർന്നു വീണുകൊണ്ടിരിക്കുകയാണ്. യാത്രക്കാർ ബസ് കാത്തുനില്ക്കുന്ന ഭാഗത്താണ് സിമന്റ്്കട്ടകൾ അടർന്നുവീഴുന്നത്. യാത്രക്കാരുടെ ദേഹത്തേയ്ക്ക് പലപ്പോഴും സിമന്റ്് കട്ടകൾ അടർന്ന് വീഴുകയുണ്ടായിട്ടുണ്ട്. വളരെ പഴക്കമുള്ള കെട്ടിടത്തിന്റെ അവസ്ഥ ശോചനീയമാണ്.
പുതിയ ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം കഴിഞ്ഞ ഫെബ്രുവരി 17ന് അന്നത്തെ ഗതാഗതമന്ത്രി കെ.ബി ഗണേശ്കുമാർ നിർവഹിച്ചതായിരുന്നു. എന്നാൽ ഇതുവരെ നിർമാണം ആരംഭിച്ചിട്ടില്ല. നവകേരള സദസിന്റെ ഭാഗമായി അനുവദിച്ച നാലുകോടി രൂപ വിനിയോഗിച്ചാണ് പുതിയ ടെർമിനൽ നിർമാണം. എന്നാൽ ഉദ്ഘാടനം നിർവഹിച്ചതല്ലാതെ നിർമാണത്തിനു യാതൊരുനടപടിയും സ്വീകരിച്ചില്ല.
കെട്ടിടത്തിന്റെ സുരക്ഷ പരിശോധനയ്ക്ക് വിധേയമാക്കി. സുരക്ഷിതമല്ലെന്ന് കണ്ടെത്തുന്നപക്ഷം യാത്രക്കാരുടെയും ജീവനക്കാരുടെയും പ്രവേശനം ഉടൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മാള സോഷ്യൽ ഫോറം സെന്റർ ഫോർ സോഷ്യൽ ചെയ്ഞ്ചസ് പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത് ഗതാഗതമന്ത്രി സി.പി. ജോണിനും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്കും ജില്ലാ കളക്ടർക്കും പരാതി നൽകി.
ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ മേൽക്കൂരയിലും ബീമുകളിലും കോൺക്രീറ്റ് വ്യാപകമായി ഇളകിവീണ് ഇരുമ്പുകമ്പികൾ പുറത്തു കാണുന്ന നിലയിലാണെന്നും കമ്പികൾ തുരുമ്പിച്ച് നാശം സംഭവിച്ചതായും ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാരും വിദ്യാർഥികളും സ്ത്രീകളും കുട്ടികളും വയോജനങ്ങളും ജീവനക്കാരും ഈ അപകടഭീഷണിക്കു കീഴിലൂടെയാണ് സഞ്ചരിക്കുന്നതെന്നും ഏത് നിമിഷവും കോൺക്രീറ്റ് അടർന്ന് വീഴുകയോ ഘടനാപരമായ തകർച്ച സംഭവിക്കുകയോ ചെയ്താൽ വലിയ ദുരന്തത്തിന് ഇടയാകാമെന്നും പരാതിയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാത്രക്കാർക്കായി താൽക്കാലികമായി സുരക്ഷിതമായ കാത്തിരിപ്പ് സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
Tags : Nattuvishesham District News