കിടങ്ങൂര്‍-അയര്‍ക്കുന്നം റോഡില്‍ മോനിപ്പള്ളി വളവിലെ വെള്ളക്കെട്ട്.
കിടങ്ങൂര്‍: അയര്‍ക്കുന്നം റോഡില്‍ മോനിപ്പള്ളി വളവിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ദുരിതമാകുന്നു. ചെറിയ മഴ പെയ്താല്‍പോലും റോഡില്‍ വളരെ ദൂരത്തില്‍ വെള്ളം കയറി കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്.
അശാസ്ത്രീയമായ റോഡ് നിര്‍മാണവും മഴവെള്ളം ഒഴുകിപ്പോയിരുന്ന ചെറുതോടുകള്‍ നികത്തിയതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. മുമ്പ് ഈ പ്രദേശത്ത് വെള്ളം ഒഴുകിപ്പോകാന്‍ ചെറുതോടുകളും രണ്ട് കലുങ്കുകളും ഉണ്ടായിരുന്നു. മേക്കാട്ട് തോട് വഴിയായിരുന്നു പ്രധാനമായും വെള്ളം ഒഴുക്കിവിട്ടിരുന്നത്. കൂടാതെ കൊച്ചുപാലം വഴിയും കടുതോടില്‍ തോട്, ഇരുട്ടുകുഴി തോട് എന്നിവ വഴിയും വെള്ളം ഒഴുകിപ്പോയിരുന്നു. എന്നാല്‍ റോഡ് വീതികൂട്ടി നിര്‍മിച്ചതോടൊപ്പം ഈ തോടുകളെല്ലാം നികത്തപ്പെടുകയും കലുങ്കുകള്‍ അപ്രത്യക്ഷമാവുകയും ചെയ്തതാണ് മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമായത്.
റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചെളിവെള്ളവും മലിനജലവും കാല്‍നടയാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നതും പതിവാണ്. കാല്‍നടയാത്രക്കാര്‍ക്ക് ഇതുവഴി കടന്നുപോകാന്‍ വലിയ ബുദ്ധിമുട്ടാണ്. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം തെറിച്ചുവീഴുന്നതിനാല്‍ വ്യാപാരികളും കടുത്ത പ്രതിസന്ധിയിലാണ്. വളവുള്ള പ്രദേശം കൂടിയായതിനാല്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയുമുണ്ട്.
റോഡിന്റെ ഇരുവശങ്ങളിലും ശാസ്ത്രീയമായി ഓടകള്‍ നിര്‍മിക്കുക, കെട്ടിക്കിടക്കുന്ന വെള്ളം പഴയതുപോലെ മേക്കാട്ട് തോട് വഴി ഒഴുക്കിവിടാനുള്ള സംവിധാനം ഒരുക്കുക തുടങ്ങിയ നടപടികള്‍ അടിയന്തരമായി സ്വീകരിച്ചാല്‍ മാത്രമേ മോനിപ്പള്ളി വളവിലെ രൂക്ഷമായ വെള്ള+ക്കെട്ടിന് ഒരു പരിധിവരെയെങ്കിലും പരിഹാരമാകൂവെന്ന് നാട്ടുകാര്‍ പറയുന്നു.
Tags : Nattuvishesham District news