പ്രതീകാത്മക ചിത്രം
കോട്ടയം: വാഗമണ്‍ മലനിരകളില്‍ നിന്നാരംഭിച്ച് 78 കിലോമീറ്റര്‍ ദൂരം പിന്നിട്ട് വേമ്പനാട്ട് കായലില്‍ പതിക്കുന്ന മീനച്ചിലാറിന്റെ ഒഴുക്കിനുണ്ടായിരിക്കുന്ന തടസങ്ങളാണ് ഈരാറ്റുപേട്ടയിലെയും പാലായിലെയും വെള്ളപ്പൊക്കത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതും പടിഞ്ഞാറന്‍ മേഖലയില്‍ ഇതുവരെയുണ്ടാകാത്ത രീതിയില്‍ വെള്ളം കയറി ജനജീവിതം ദുരിതപൂര്‍ണമാക്കിയതും.
പൂഞ്ഞാര്‍, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂര്‍, കോട്ടയം ടൗണുകളിലൂടെ ഒഴുകുന്ന മീനച്ചിലാറിന് 38 പോഷക നദികളാണുള്ളത്. ഇവയ്ക്ക് പുറമെ 47 ഉപപോഷക നദികളും 114 ചെറുഅരുവികളുമുണ്ട്. ആറിലും തോടിലും അരുവികളിലും ഒഴുക്ക് തടസപ്പെടുത്തി വന്‍ തോതിലാണ് മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്നത്. ചെളിയും മാലിന്യങ്ങളും വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസപ്പെടുത്തുന്നു. ആറ്റിലും തോടുകളുടെ വശങ്ങളിലും വലിയതോതില്‍ എക്കലും അടിഞ്ഞിട്ടുണ്ട്. ഇവയില്‍ മരങ്ങളും കാടുകളും വളര്‍ന്നനിലയിലാണ്. തോടുകളില്‍ ചെളിയും മാലിന്യവും അടിഞ്ഞ് തോടിന്റെയും ആറിന്റെയും ആഴം കുറഞ്ഞിട്ടുമുണ്ട്.
പലയിടങ്ങളിലും മീനച്ചിലാര്‍ വീതി കുറഞ്ഞ് മെലിഞ്ഞ നിലയിലാണ്. ചെളിയും മാലിന്യവും നീക്കം ചെയ്യാത്തതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് സുഗമമല്ല. വലിയ മരങ്ങളാണ് പലയിടത്തും ആറിനു കുറുകെ കിടക്കുന്നത്. പഞ്ചായത്ത് റോഡുകളെ ബന്ധിപ്പിച്ചു തോടുകളിലും മറ്റും നിര്‍മിച്ച ചെക്ക്ഡാമുകളും പാലങ്ങളും കലുങ്കുകളുമാണ് സുഗമമായ വെള്ളമൊഴുക്കിനു തടസമായ മറ്റൊരു കാരണം. തോടുകളുടെ വീതിയും പൊക്കവും കുറച്ചാണ് പാലങ്ങളും കലുങ്കുകളും നിര്‍മിച്ചിരിക്കുന്നത്. ഇതു വലിയ തോതില്‍ ഒഴുക്കിനെ തടസപ്പെടുത്തുന്നു.
ഈ പാലങ്ങളിലെല്ലാം ഒഴുകിവരുന്ന മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതും പ്രതിസന്ധിയാണ്. പ്രളയത്തില്‍ മീനച്ചിലാറ്റിലെ എല്ലാ പാലങ്ങളുടെയും അടിയില്‍ ടണ്‍ കണക്കിനു മാലിന്യങ്ങളാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. നദികളിലും തോടുകളിലേക്കു വീണുകിടക്കുന്ന മരങ്ങളും അതില്‍ തടഞ്ഞുകിടക്കുന്ന മാലിന്യങ്ങളും പായലും വെട്ടിമാറ്റുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നില്ല. ഇതും ഒഴുക്കിനെ തടസപ്പെടുത്തുന്നു. പടിഞ്ഞാറന്‍ മേഖലയില്‍ വേനല്‍ക്കാലത്ത് ഓരുമുട്ടുകള്‍ നിര്‍മിക്കാനായി ഇറക്കിയ തെങ്ങിന്‍കുറ്റികളും മണ്ണും നീക്കം ചെയ്തിട്ടില്ല. ഇതു മൂലം ഒഴുക്ക് തടസപ്പെട്ട് വെള്ളം റോഡിലേക്കും മറ്റും ഇരച്ചുകയറുകയായിരുന്നു.
കായലിലെ തടസങ്ങള്‍ ഒഴിവാക്കണം: ഡോ. കെ.ജി. പത്മകുമാർ
കോട്ടയം: കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നത് കായലിലൂടെയാണ്. കായലിലെ ഓരോ തടസങ്ങളും പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളപ്പൊക്കത്തന്റെ ആഘാതവും വ്യാപതിയും കൂട്ടുമെന്ന് കുട്ടനാട് കായല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാര്‍ പറഞ്ഞു.
വെള്ളത്തിനു തടസമായ എക്കല്‍ മണ്ണ് നീക്കം ചെയ്യണം. കൈപ്പുഴ, ചീപ്പുങ്കല്‍, കവണാര് തോടുകള്‍ കായലില്‍ പതിക്കുന്ന ഭാഗത്തെ എക്കല്‍ നീക്കി വെള്ളമൊഴുക്ക് സുഗമമാക്കണം. മീനച്ചിലാറ്റിലും മണിമലയാറ്റിലും രണ്ടു ആറുകളുടെ കൈവഴികളിലും ധാരാളം തടസങ്ങളുണ്ട് ഇതും നീക്കം ചെയ്യണം. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ഇത് ചെയ്യേണ്ടതായിരുന്നു. ഇതു ചെയ്യാതിരുന്നതു വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി കൂട്ടി. ആറുകളോട് ചേര്‍ന്ന ബൈപാസ് കനാലുകള്‍ അത്യാവശ്യമാണെന്നും ഇതിനായി ആറിന്റെയും തോടുകളുടെയും വശങ്ങളില് കൃഷിയില്ലാതെ കിടക്കുന്ന പാടങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തണമെന്നും കെ.ജി. പത്മകുമാര്‍ പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews Were obstructions