വെസ്റ്റ് കൊരട്ടി: അന്നമനട കൃഷിഭവന്റേയും വെസ്റ്റ് കൊരട്ടി കൂട്ടുകൃഷിസംഘത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ വെള്ളിലം പാടത്ത് നവര, തവളക്കണ്ണൻ, രക്തശാലി എന്നീ ഔഷധഗുണമുള്ള പരമ്പരാഗത നെൽഇനങ്ങളുടെ കൃഷിക്ക് തുടക്കമായി. ഔഷധ - പോഷകഗുണങ്ങളേറെയുള്ള നെല്ലുല്പാദനവും വിതരണവുമാണ് കർഷക സംഘം ലക്ഷ്യമിടുന്നത്.
വിത്ത് വിതച്ചതിന് ശേഷം വെറും 80 ദിവസത്തിനുള്ളിൽ കൊയ്തെടുക്കാൻ കഴിയുന്ന നവരനെല്ലിന് ആയുർവേദ ചികിത്സയിലും കർക്കടക ചികിത്സയിലും കർക്കടക കഞ്ഞി, കർക്കടക കിഴി എന്നിവയിലും പ്രധാന സ്ഥാനമാണുള്ളത്.
ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഔഷധഗുണമുള്ള നെല്ലിനോടുള്ള ജനങ്ങളുടെ വർധിച്ചുവരുന്ന താൽപര്യം കണക്കിലെടുത്താണ് കൂട്ടുകൃഷി സംഘം ഈ സദുദ്യമത്തിന് തയ്യാറായത്.
വിത്തിറക്കൽ ഉദ്ഘാടനം അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത സജീവൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാജൻ കൊടിയൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി. ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാത്തിമ നിസാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.യു. കൃഷ്ണകുമാർ, ഷിജി ബിജു, വി.എ. പോളി, കൃഷിഓഫീസർ പി.കെ. ബിജുമോൻ എന്നിവർ പങ്കെടുത്തു.
സംസ്ഥാനത്തെ മാതൃകാപരമായ കർഷക കൂട്ടായ്മകളിലൊന്നാണ് വെസ്റ്റ് കൊരട്ടി കൂട്ടു
കൃഷി സംഘം. നെൽകൃഷിയുടെ സംരക്ഷണത്തിനും വികസനത്തിനുമായി സംഘം നടത്തിയ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് 2017ൽ സംസ്ഥാന സർക്കാരിന്റെ നെൽക്കതിർ പുരസ്കാരം ലഭിച്ചിരുന്നു.
Tags : Nattuvishesham District News