ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിൽ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനസജ്ജമാകാതെ കിടക്കുന്ന ഡയാലിസിസ് സെന്റര്‍.
ഇരിങ്ങാലക്കുട: നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനസജ്ജമായില്ല. വൃക്കരോഗികള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിച്ച സര്‍ക്കാര്‍ പദ്ധതിയാണ് രോഗികള്‍ക്ക് പ്രയോജനപ്പെടാതെ കിടക്കുന്നത്.
2025 ഓഗസ്റ്റ് ഒന്നിനാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നടന്നത്. ആരോഗ്യമന്ത്രിയായിരുന്ന വീണ ജോര്‍ജാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഒരേസമയം 20 രോഗികള്‍ക്ക് ഡയാലിസിസ് നടത്താന്‍ കഴിയുന്ന തരത്തില്‍ നാല് ഡയാലിസിസ് മെഷീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓരോ ഡയാലിസിസിനും 900 രൂപ നിരക്കാണ് നിശ്ചയിച്ചിരുന്നത്.
2012 മുതല്‍ ജനറല്‍ ആശുപത്രിയായി പ്രവര്‍ത്തിച്ചുവരുന്ന ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായിരുന്നു ഡയാലിസിസ് യൂണിറ്റ്. ഒരു കോടി 29 ലക്ഷം രൂപ ചെലവഴിച്ച് ഡയാലിസിസ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. നാല് ഡയാലിസിസ് യൂണിറ്റില്‍ രണ്ടെണ്ണം സര്‍ക്കാരില്‍ നിന്നുമാണ്.
സാധാരണക്കാരായ വൃക്കരോഗികൾക്കു ആശ്രയമാകേണ്ട സർക്കാർ ആശുപത്രിയിലെ ഈ സൗകര്യങ്ങൾ ഇനിയും പ്രവര്‍ത്തനം ആരംഭിക്കാത്തതിനാൽ തൃശൂരിലെ മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രികളിലും അഭയം തേടുകയാണ് സാധാരണക്കാർ. പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ ജനറല്‍ ആശുപത്രിയില്‍ തന്നെ ഡയാലിസിസ് സൗകര്യം ലഭ്യമാകുന്ന ഈ കെട്ടിടസമുച്ചയം ഉടൻ പ്രവർത്തനം തുടങ്ങുമെന്ന പ്രതീക്ഷയിലാണ് രോഗികളും നാട്ടുകാരും.
Tags : NattuVishesham DistrictNews