കാട്ടുപോത്ത്
വലഞ്ഞ് അന്വേഷണ സംഘം, ആശങ്ക മാത്രം ബാക്കി
നാദാപുരം: വിലങ്ങാട് വായാട് ഉന്നതിയിലെ സുനിലിനെ കൊലപ്പെടുത്തിയ അക്രമകാരിയായ കാട്ടുപോത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ പോത്ത് കാട് കയറി ഉൾക്കാട്ടിലേക്ക് നീങ്ങിയോ എന്ന സംശയം നാട്ടുകാരിൽ ഉണ്ടെങ്കിലും അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. കാട്ടുപോത്തിനെ വെടിവച്ചു കൊല്ലുമെന്ന് വനംവകുപ്പ് നാട്ടുകാർക്ക് നൽകിയ വാഗ്ദാനം നടപ്പിലായില്ല.
സുനിലിനെ കൊലപ്പെടുത്തിയത് അക്രമകാരിയായ ആൺ കാട്ടുപോത്താണെന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ മുതൽ വനാതിർത്തിയിലെ കൃഷിഭൂമിയിൽ കാട്ടുപോത്തിനായി വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പെരുവണ്ണാമൂഴി, കുറ്റ്യാടി എന്നിവിടങ്ങളിലെ 22 പേർ അടങ്ങുന്ന ആർആർടിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
മൂന്ന് ദിവസമായി ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയിട്ടും പോത്തിനെ കണ്ടെത്താൻ കഴിയാത്തത് ഉദ്യോഗസ്ഥരെ വലയ്ക്കുന്നുമുണ്ട്. അക്രമകാരിയായ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് അടിയന്തര പ്രാധാന്യത്തോടെ സംസ്ഥാന ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പുറപ്പെടുവിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് നാട്ടുകാർക്ക് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ഉത്തരവാണ് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്.
വിലങ്ങാട് ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെ അസൗകര്യങ്ങൾ വിലങ്ങാട്ടെ വന്യജീവി ആക്രമണത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. സെക്ഷൻ ഓഫീസിൽ ആകെ അഞ്ച് ജീവനക്കാരാണ് ഉള്ളത്.
അഞ്ചുപേരിൽ മൂന്നുപേർ വനിതകളാണ്. കണ്ണവം, പെരിയ റിസർവ് വനമേഖലകളിലെ വിശാലമായ വനാതിർത്തികളിൽനിന്നും അതിക്രമിച്ച് കയറുന്ന വന്യമൃഗങ്ങളെ തുരത്തുന്നതിനായി ഈ ജീവനക്കാരെ കൊണ്ട് കഴിയില്ല. ഇവർക്ക് വേണ്ട സൗകര്യങ്ങളൊന്നും ഈ ഓഫീസിൽ ലഭ്യമല്ല. കണ്ടിവാതുക്കൽ മുതൽ വായാട് വരെയുള്ള ഏതാണ്ട് 15 കിലോമീറ്റർ അധികം വരുന്ന വനാതിർത്തികളിൽ ഓടിയെത്താൻ ഇവർക്കുള്ളത് ഒരു ബൈക്ക് മാത്രമാണ്. ചെങ്കുത്തായ മലകളിലേക്ക് പോകാൻ വാഹനമില്ലാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
പെരിയ, കണ്ണവം റേഞ്ച് ഉദ്യോഗസ്ഥർ ഈ മേഖലയിലേക്ക് തിരിഞ്ഞുനോക്കാറുപോലുമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ മാനന്തവാടിയിൽ നിന്നും തെർമൽ ഡ്രോൺ, ആർആർടി സംഘവും ആറളത്തുനിന്നും മയക്കുവെടിവയ്ക്കാൻ വെറ്റിനറി ഡോക്ടർ ഉൾപ്പെടെയുള്ള സംഘവും വായാട് എത്തിച്ചേരും.
സുനിലിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന്
തൊട്ടില്പാലം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച നരിപ്പറ്റ പഞ്ചായത്ത് വായാട് സ്വദേശി സുനിലിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും ആശ്രിതർക്ക് ഉടൻതന്നെ സർക്കാർ ജോലി നൽകണമെന്നും വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരള കോൺഗ്രസ്-എം നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് എൻ.കെ. സണ്ണി അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ആന്റണി ഇരുരി, ജില്ലാ ജനറൽ സെക്രട്ടറി ബോബി മൂക്കൻതോട്ടം, റോബിറ്റ് പുതുക്കുളങ്ങര, ബേബി കറുകമാലി, ഷാജു ഫിലിപ്പ് കണ്ടത്തിൽ, ജെയിൻ ചൂരപ്പൊയ്ക, സാബു എടാട്ടുകുന്നേൽ, ജോബി വാതപ്പള്ളി, തോമസ് കടത്തലക്കുന്നേൽ, ബാബു കുന്നിപ്പറമ്പിൽ, ഫിലിപ്പ് ചൂരപൊയ്ക, സ്കറിയ കണിപറമ്പിൽ, ബാബു കിഴക്കേക്കര, സാലി സജി കൊഴുവനാൽ, അൽഫോൻസാ റോബിൻ തുടങ്ങിയവർ പ്രസംഗിച്ചു.
വായാട് വീണ്ടും കാട്ടുപോത്തിന്റെ സാന്നിധ്യമെന്ന് പ്രദേശവാസികള്
നാദാപുരം: വിലങ്ങാട് വായാട് വീണ്ടും കാട്ടുപോത്തിന്റെ സാന്നിധ്യമെന്ന് പ്രദേശവാസികള്. ഇന്നലെ വൈകുന്നേരം നെല്ലിപ്പുഴ എസ്റ്റേറ്റിന് സമീപം ജനവാസ മേഖലയോട് ചേർന്ന് വനത്തിൽ കുടിവെള്ള പൈപ്പുകൾ പരിശോധിക്കാനെത്തിയ പ്രദേശവാസികളാണ് പോത്തിന്റെ സാന്നിധ്യമുള്ളതായി അറിയിച്ചത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. കാട്ടുപോത്തിന്റെ കാൽപ്പാടുകൾ മണ്ണിൽ പതിഞ്ഞ നിലയിലായിരുന്നു.
മനുഷ്യജീവന് ആദ്യ പരിഗണന നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
കോഴിക്കോട്: വന്യമൃഗ ആക്രമണം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളിൽ മനുഷ്യജീവന്റെ സംരക്ഷണത്തിന് ആദ്യ പരിഗണന നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. വന്യജീവി ശല്യം ലഘൂകരിക്കുന്നതിനും മനുഷ്യ ജീവൻ നടഷ്ടമാകുന്ന സംഭവങ്ങൾ തടയുന്നതിനും ഊന്നൽ നൽകിക്കൊണ്ട് ഫലപ്രദവും സമഗ്രവുമായ ഒരു സംവിധാനത്തിന് രൂപം നൽകണമെന്നും കമ്മിഷൻ ജുഡീഷൽ അംഗം.
കെ. ബൈജുനാഥ് വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. റാപിഡ് റെസ്പോൺസ് ടീം ശക്തിപ്പെടുത്തി നീരീക്ഷണ മുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്തണം.
വന്യജീവികൾ മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ പ്രവേശിക്കുന്നത് തടയുന്നതിന് സംരക്ഷണവേലികൾ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം. അപകട സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിഞ്ഞ് സംഘർഷ ലഘൂകരണ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കണമെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.
മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനുള്ള കൃത്യമായ കർമപദ്ധതി മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണം. നിലവിലുള്ള സംവിധാനത്തിലെ പോരായ്മകൾ കണ്ടെത്തി ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അറിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
കോഴിക്കോട് വിലങ്ങാട് സ്വദേശിയും കോടതി ജീവനക്കാരനുമായ വി.സി. സുനിൽ വന്യമൃഗ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 29 ന് കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
Tags : Nattuvishesham DistrictNews DeepikaNews wild gaur