ശാന്തൻപാറ പന്തടികളത്തിൽ കാട്ടാനയാക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ നാട്ടുകാർ നടത്തിയ പ്രതിഷേധം.
മൂന്നാർ/ രാജാക്കാട്: രൂക്ഷമായ വന്യജീവി ആക്രമണത്തിൽ ഉറക്കം നഷ്ടപ്പെട്ട് ജില്ലയിലെ ജനങ്ങൾ. ശാന്തന്പാറ, മാങ്കുളം, ചിന്നക്കനാൽ, മുള്ളരിങ്ങാട്, പീരുമേട്, മലയിഞ്ചി, മാട്ടുപ്പെട്ടി തുടങ്ങി വിവിധ പ്രദേശങ്ങളിൽ കാട്ടാനയാക്രമണം രൂക്ഷമാകുന്പോൾ ജനജീവിതം ദുസ്സഹമാകുകയാണ്. മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നതിനൊപ്പം കർഷകരുടെ ഒരായുസിന്റെ അധ്വാനഫലവും ചവിട്ടിമെതിക്കുകയാണ്.
ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസിനു കീഴിൽ നാലുമാസത്തിനിടെ നാലുപേരുടെ ജീവനാണ് കാട്ടാന അപഹരിച്ചത്. ചിന്നക്കനാലിൽ കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ പോയ വീട്ടമ്മയെ കാട്ടാനകൊലപ്പെടുത്തിയതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. വേനൽകടുക്കുന്നതോടെ വനമൃഗശല്യം രൂക്ഷമാകാനുള്ള സാധ്യത കൂടിവരികയാണ്. കാടിറങ്ങുന്ന വന്യജീവികൾക്കു മുന്നിൽ നാടൊന്നാകെ പകച്ചുനിൽക്കുന്പോഴും വനം വകുപ്പിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും അടിയന്തര നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാർ ടൗണിനോടു ചേർന്ന് ഏറ്റവും തിരക്കുള്ള പ്രദേശങ്ങളിൽ കാട്ടാനയും കടുവയും കാട്ടുപോത്തും വിലസുന്നത് ആശങ്കയുടെ ആഴം വർധിപ്പിക്കുന്നു. മൂന്നാർ ടൗണിൽ രണ്ടാഴ്ചയ്ക്കിടെ ആറു തവണയാണ് കാട്ടാന എത്തിയത്. ടൗണിന്റെ മധ്യഭാഗത്തു സ്ഥിതി ചെയ്യുന്ന മൗണ്ട് കാർമൽ ബസിലിക്കയ്ക്കു സമീപം രാത്രിയിൽ രണ്ടുതവണ കാട്ടാനയെത്തി. ഇതിനു സമീപം വ്യാപാരികൾ താമസിക്കുന്ന ലയങ്ങൾക്കു സമീപവും ഏറെ നേരം കാട്ടാന നിലയുറപ്പിച്ചു.
പുറത്തെ ബഹളം കേട്ട് ഇറങ്ങിയ വീട്ടുകാർ കണ്ടത് വാതിലിനു തൊട്ടരികിലൂടെ നീങ്ങുന്ന കാട്ടാനയെയാണ്. ഇതിനു പിന്നാലെയാണ് ടൗണിനോടുചേർന്നുള്ള ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായ ഇക്കാനഗറിനു സമീപം കടുവ എത്തിയത്. രാത്രി ഒന്നോടെ സമീപത്തുള്ള റിസോർട്ടിൽ താമസത്തിനെത്തിയ വിനോദസഞ്ചാരികളുടെ വാഹനത്തിനു മുന്നിലാണ് കടുവ പ്രത്യക്ഷപ്പെട്ടത്.
പ്രശ്നം ഇത്രയേറെ വഷളായിട്ടും വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന അനാസ്ഥ വലിയ ആക്ഷേപങ്ങൾക്ക് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എസ്റ്റേറ്റ് മേഖലയിൽ പശുവിനെ കടുവ ആക്രമിച്ച സംഭവം വനം വകുപ്പിനെ അറിയിച്ചിട്ട് മണിക്കൂറുകൾക്കു ശേഷവും ആവശ്യമായ നടപടിയുണ്ടായില്ല.
കാമറ പ്രതിവിധിയല്ല
വന്യജിവികൾ ഇറങ്ങുന്പോൾ വനം വകുപ്പ് ഇപ്പോൾ സ്വീകരിക്കുന്ന അടിയന്തര നടപടികളിൽ ഒന്ന് വന്യജീവികൾ എത്തുന്ന സ്ഥലങ്ങളിൽ കാമറ സ്ഥാപിക്കുകയാണ്. എന്നാൽ വന്യജീവികൾ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നതിനപ്പുറം ഇത് കാര്യമായ പ്രയോജനം ചെയ്യുന്നില്ലെന്നതാണ് യാഥാർഥ്യം. വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നടപടികളാണ് അടിയന്തരമായി നടപ്പാക്കേണ്ടത്.
വന്യജീവികൾ എത്തുന്ന വേളയിൽ മൊബൈലുകളിലും മറ്റും ചിത്രങ്ങൾ പകർത്തുന്നതിനാൽതന്നെ കാമറ സ്ഥാപിക്കുന്നതുകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കാറില്ല. ദിവസങ്ങൾക്കു മുന്പ് തലേദിവസം കൊലപ്പെടുത്തിയ കന്നുകാലിയുടെ ജഢം അടുത്ത ദിവസം ഭക്ഷിക്കാൻ എത്തുന്ന കടുവയുടെ ചിത്രം കാമറയിൽ പതിഞ്ഞിരുന്നു. വന്യജീവി പ്രദേശത്തു തന്നെയുണ്ടെന്നു തിരിച്ചറിയുന്ന വിധത്തിൽ പ്രയോജനപ്പെടുന്നുണ്ടെങ്കിലും ജനങ്ങൾക്ക് ഒരു വിധത്തിലും ഗുണകരമാകുന്നില്ല.
അതിനാൽ ഇത്തരം നടപടികളോടൊപ്പംതന്നെ പ്രതിരോധ നടപടികൾക്ക് പ്രാധാന്യം നൽകണമെന്നുള്ള ആവശ്യം ശക്തമാണ്. വനാതിർത്തികളിൽ സൗരവേലി, കിടങ്ങുകൾ എന്നിവ നിർമിച്ചും ജനകീയ പങ്കാളിത്തത്തോടെ വനംവകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുകയും ചെയ്താൽ വന്യമൃഗശല്യത്തിൽനിന്ന് ഒരുപരിധിവരെ ജനങ്ങളെ സംരക്ഷിക്കാനാകും.
ഓടിത്തളർന്ന് ആർആർടി സംഘം
വന്യജീവികൾ നാട്ടിലേക്ക് എത്തുന്പോൾ അവയെ നിരീക്ഷിക്കുകയും പ്രദേശത്തെ ജനങ്ങൾക്ക് കൃത്യമായ വിവരം നൽകി കാട്ടിലേക്ക് തുരത്തുകയും ചെയ്യുക എന്നതാണ് ആർആർടി സംഘത്തിനുള്ളത്. എന്നാൽ വിസ്തൃതമായ പ്രദേശത്ത് എല്ലായിടത്തും ഓടിയെത്താനുള്ള ബുദ്ധിമുട്ടും ആർആർടി സംഘത്തെ തളർത്തുന്നുണ്ട്. ഒരേ സമയം പലയിടങ്ങളിൽ വന്യജീവികൾ എത്തുന്പോഴാണ് ഈ സംഘം കുഴങ്ങുന്നത്. പ്രശ്നം രൂക്ഷമായതോടെ രണ്ടു സംഘങ്ങളെയാണ് വനം വകുപ്പ് നിയോഗിച്ചത്. നാട്ടിലെത്തുന്ന ഒറ്റയാനെ ഏതു വിധത്തിലെങ്കിലും കാട്ടിലേക്ക് മടക്കി അയയ്ക്കാൻ സാധിക്കാറുണ്ടെങ്കിലും ആനകൾ കൂട്ടമായി എത്തുന്പോൾ ഇതു ഫലപ്രദമാകാറില്ല.
കഴിഞ്ഞ ദിവസം എസ്റ്റേറ്റ് മേഖലയായ സൈലന്റ് വാലിക്കു സമീപം ആനക്കുട്ടി ഉൾപ്പെടെ ഏഴ് ആനകളാണ് കൂട്ടമായി എത്തിയത്. കാട്ടാനകൾ എത്തുന്പോൾ ആർആർടി സംഘത്തിന് കാട്ടിലേക്ക് ഓടിക്കാൻ സാധിക്കുന്നുണ്ടെങ്കിലും കടുവ, പുലി എന്നിവ വരുന്പോൾ അത്തരത്തിൽ ഇടപെടാൻ സാധിക്കാത്തതും പ്രശ്നമാണ്. അതീവ വേഗതയിൽ കുതിക്കുകയും മറഞ്ഞിരിക്കുന്ന കുറ്റിക്കാടുകൾ കണ്ടെത്താൻ സാധിക്കാത്തതുമാണ് തിരിച്ചടിയാകുന്നത്.
പ്രതിസന്ധിയുടെ ആഴം കൂട്ടി കാലാവസ്ഥ വ്യതിയാനവും
ജനവാസ മേഖലകളിലെ വന്യജീവിസാന്നിധ്യം പ്രതിദിനം വർധിക്കുന്നതിനു തടയിടാൻ അധികൃതർ നെട്ടോട്ടമോടുന്പോഴാണ് ഇതിന് ആക്കംകൂട്ടി കാലാവസ്ഥ വ്യതിയാനം വലിയ തിരിച്ചടിയാകുന്നത്. ഇത്തവണത്തെ മണ്സൂണ് സീസണിൽ പതിവുള്ള മഴ ലഭിക്കാതെവന്നതോടെ കാടുകളിലെ ജലാശയങ്ങളിലും അരുവികളിലും ജലദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്. കാട്ടാനയുൾപ്പെടെ വെള്ളംകുടിക്കുന്നതിനായി ആശ്രയിക്കുന്ന മാട്ടുപ്പെട്ടി ഡാം ഇതിന് ഉദാഹരണമാണ്.
കഴിഞ്ഞ വർഷം ഇതേ സമയം സംഭരണ ശേഷിയുടെ 75 ശതമാനത്തിനു മുകളിൽ വെള്ളമുണ്ടായിരുന്നു. നിലവിൽ ഇരുപത് ശതമാനം വെള്ളം മാത്രമാണുള്ളത്. കാട്ടാനകൾക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥയുള്ള ഇവിടെ വെള്ളമില്ലാതായാൽ കാട്ടാന ഉൾപ്പെടെയുള്ളവയുടെ സ്ഥിതി കൂടുതൽ സങ്കീർണമാകും.
പ്രതിരോധ മാർഗങ്ങൾക്ക് പുതുവഴികൾ വേണം
ജനവാസ മേഖലകളിൽ വന്യജീവികൾ എത്തുന്നത് തടയാൻ സ്വീകരിക്കുന്ന പരന്പരാഗതമായ മാർഗങ്ങൾക്കു പുറമേ പുതു വഴികൾകൂടി തേടേണ്ടത് അത്യാവശ്യമാണ്. ജനവാസ മേഖലകൾക്ക് സമീപം വൈദ്യുതി വേലികൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. പട്ടാപ്പകൽ പോലും ആനകൾ ജനവാസമേഖലകളിലും തേയിലത്തോട്ടങ്ങളിലും എത്തുന്ന സാഹചര്യത്തിൽ ഡ്രോണുകൾ ഉപയോഗിച്ച് ആനകളുടെ സഞ്ചാരപഥം തിരിച്ചറിഞ്ഞ് ആപത്ത് മുൻകൂട്ടി അറിയിക്കാനുള്ള സൗകര്യവും ഒരുക്കണം.
വനങ്ങൾക്കുള്ളിൽ മാട്ടുപ്പെട്ടി മാതൃകയിൽ ആവാസ വ്യവസ്ഥ ഒരുക്കാനുള്ള നടപടികളും ശക്തമാക്കണം. ഇത്തരം പദ്ധതികൾ നടപ്പിൽ വരുത്താനുള്ള ആലോചന നേരത്തേ തുടങ്ങിയെങ്കിലും പിന്നീട് ഇക്കാര്യത്തിൽ തുടർനടപടി ഉണ്ടായില്ല.
പ്രതികരണങ്ങൾ
ജില്ലയിലെ ശാന്തൻപാറ, ചിന്നക്കനാൽ, പൂപ്പാറ പ്രദേശങ്ങളിൽ കാട്ടാന ആക്രമണത്തിൽ നിരവധി ജീവനാണ് നഷ്ടപ്പെടുന്നത്. കഴിഞ്ഞ നാലുമാസത്തിനിടെ നാലുപേരാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് ഗുരുതരപരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത്തരം ആക്രമണം ഉണ്ടാവുന്പോൾ മാത്രം ഉണരുന്ന സർക്കാരാണുള്ളത്. ഓരോ അത്യാഹിതം സംഭവിക്കുന്പോഴും ഓടിവന്ന് മുതലകണ്ണീർ പൊഴിക്കുന്നതിൽ അർഥമില്ല.
നഷ്ടപരിഹാരമായി മരിച്ചയാളുടെ കുടുംബത്തിന് പണം നൽകിയാൽ ജീവൻ തിരിച്ചുകിട്ടുമോ. കാട്ടാന ആക്രമണത്തിൽ ഇനി ആരുടേയും ജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള നടപടിയാണ് ഉണ്ടാകേണ്ടത്.
രഘുനാഥ് കണ്ണാറ (കർഷക മോർച്ച ഇടുക്കി സൗത്ത്
ജില്ലാ കമ്മിറ്റിയംഗം)
ഓരോ വർഷവും വനമേഖലയിൽ വനസംരക്ഷണത്തിന്റെ പേരിൽ കോടികൾ മുടക്കുന്പോഴും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. കാട്ടിലെ മൃഗങ്ങൾക്ക് ഭക്ഷണം ലഭിക്കാതെ വരുന്പോൾ നാട്ടിൻ പുറങ്ങളിൽ എത്തി കർഷകരുടെ കൃഷി ദേഹണ്ഡങ്ങൾ നശിപ്പിക്കുകയും മനുഷ്യരെ കൊല്ലുകയും ചെയ്യുന്നു.
ഇതിന് ഒരു പരിധിവരെ പരിഹാരം കാണുന്നതിനും വനമേഖലകൾ പുഷ്ടിപ്പെടുത്തുന്നതിനും വനമേഖലയിൽ വിവിധയിനം മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനോടൊപ്പം പഴവർഗങ്ങളിൽ പെട്ട പ്ലാവ്, മാവ്, കശുമാവ്, റന്പൂട്ടാൻ, ആത്ത, പേര, കൊക്കോ, പപ്പായ തുടങ്ങിയവയും വച്ചുപിടിപ്പിക്കണം. ഇത് ഒരു പരിധിവരെ നാട്ടിൻപുറങ്ങളിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നത് ഒരു പരിധിവരെ പ്രതിരോധിക്കാൻ സഹായിക്കും.
എം.ടി.ജോണി മുണ്ടയ്ക്കാമറ്റത്തിൽ
(കേരള കോണ്ഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി)
മലയോര മേഖലയെ പ്രതിസന്ധിയിലാക്കി വന്യജീവി ആക്രമണം തുടർക്കഥയാകുകയാണ്. ഓരോ ആക്രമണം സംഭവിക്കുന്പോഴും പ്രതിഷേധം ഉയരും. ഇത് അവസാനിക്കുന്നതോടെ അധികൃതർ എല്ലാംമറന്ന് പഴയപടിയിലാകും. യുദ്ധസാഹചര്യത്തിൽ നടപ്പാക്കേണ്ട പ്രതിരോധ മാർഗങ്ങൾ ഓരോ ദിവസവും വൈകുന്തോറും പലരുടേയും ആയുസാണ് ഇല്ലാതാകുന്നത്. പ്രദേശത്തെ യുവാക്കളെക്കൂടി ഉൾപ്പെടുത്തി റാപ്പിഡ് റെസ്പോണ്സ് ടീമിന്റെപ്രവർത്തനം കാര്യക്ഷമമാക്കണം.
കെ.എസ്.അരുണ് (ഡിസിസി വൈസ് പ്രസിഡന്റ്).
ജനവാസമേഖലകളിൽനിന്നു ആക്രമണകാരികളായ കാട്ടാനകളെ തുരത്തുന്നതിനു പകരം ജീവരക്ഷാർഥം വെടിവച്ചുകൊല്ലണമെന്നു മുൻ മന്ത്രി എം.എം. മണി. ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തിയാൽ വീണ്ടും ഇതു നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യും. ഈ സാഹചര്യത്തിൽ കാട്ടാന ആക്രമണത്തിൽനിന്നു ജനങ്ങൾക്ക് ശാശ്വതമായ പരിഹാരമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
എം.എം. മണി (മുൻ മന്ത്രി)
Tags : Nattuvishesham DistrictNews DeepikaNews Wild animals