പ്രതീകാത്മക ചിത്രം
മലപ്പുറം: വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഇ-ഡിസ്ട്രിക്ട് പേർട്ടൽ വഴി അപേക്ഷിച്ചാലുടൻ കാലതാമസമില്ലാതെ നഷ്ടപരിഹാരം നൽകുന്നുണ്ടെന്നും ഇതിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ അറിയിച്ചു.
മലപ്പുറത്ത് ജില്ലാ വികസന സമിതി യോഗത്തിൽ ടി.പി.അഷ്റഫലി എംഎൽഎയുടെ പ്രതിനിധിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
അഞ്ചാംപനി ബാധിച്ച് ജില്ലയിൽ കുഞ്ഞുങ്ങൾ മരിക്കാനിടയായ സാഹചര്യത്തിൽ വാക്സിനേഷൻ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കണമെന്ന് ഡോ. എം.പി. അബ്ദുസമദ് സമദാനി എംപിയുടെ പ്രതിനിധി ഇബ്രാഹിം മുതൂർ ആവശ്യപ്പെട്ടു. എടപ്പാളിൽ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനാവശ്യമായ പ്രപ്പോസൽ സമർപ്പിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. റവന്യു ടവർ നിർമാണ നടപടികൾ വേഗമാക്കണമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
മഞ്ചേരി മെഡിക്കൽ കോളജിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ് നിർമാണ നടപടികളുടെ ഭാഗമായി മെഡിക്കൽ കോളജ് പരിസരത്തെ മണ്ണ് നീക്കം ചെയ്യുന്നതിന് മുൻകൈയെടുത്ത ജില്ലാ കളക്ടറെ എം. റഹ്മത്തുള്ള അഭിനന്ദിച്ചു. നിർമാണ നടപടികൾ ഡിസംബറോടെ പൂർത്തിയാക്കുമെന്നും ചുറ്റുമതിൽ, ഗേറ്റ്, ഫർണിച്ചർ തുടങ്ങിയവയ്ക്ക് ആവശ്യമായ വിശദമായ പ്രപ്പോസൽ കൊടുത്തിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
മഞ്ചേരി മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി എന്നിവയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന വിധത്തിൽ ഡോക്ടർമാരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി നിയമിക്കുന്ന പ്രവണത ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്നുണ്ടെങ്കിൽ അവസാനിപ്പിക്കണമെന്ന് എംഎൽഎ നിർദേശിച്ചു.
താഴെക്കാട്-ആലിപ്പറന്പ് കുടിവെള്ള പദ്ധതി ഡിസംബറോടെ കമ്മീഷൻ ചെയ്യാനുള്ള നടപടികൾ ആരംഭിക്കണമെന്ന് നജീബ് കാന്തപുരം എംഎൽഎ ആവശ്യപ്പെട്ടു.
എൻഎച്ച് വഴി പൈപ്ലൈന് തടസം നേരിടുന്നതു മൂലമുള്ള കാലതാമസം ഒഴിവാക്കാനാവശ്യമായ നടപടികളെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
ഓരോടംപാലം-വൈലോങ്ങര ബൈപാസ്, പെരിന്തൽമണ്ണ ജംഗ്ഷൻ നവീകരണം തുടങ്ങിയ പ്രവൃത്തികൾ വേഗമാക്കണമെന്നും ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ പി.കെ. നവാസ്, എം. റഹ്മത്തുള്ള, നജീബ് കാന്തപുരം തുടങ്ങിയവരും പ്ലാനിംഗ് ഓഫിസർ ടി.വി. ഷാജു, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ, എംപി, വിവിധ മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ പ്രതിനിധികളും സംബന്ധിച്ചു.