പ്രതീകാത്മക ചിത്രം
നെയ്യാർഡാം: നെയ്യാർഡാമിലെ പർവതാരോഹണ പരിശീലന കേന്ദ്രം നാട്ടുകാരുടെയും സാഹസികയാത്രക്കാരുടേയും പ്രതീക്ഷയാണ്. പുതിയ സർക്കാരിന്റെ പരിഗണനയ്ക്കായി നിവേദനം നൽകാനുള്ള പുറപ്പാടിൽ നാട്ടുകാർ.
നെയ്യാർഡാമിലെ പർവതാരോഹണ പരിശീലനകേന്ദ്ര പദ്ധതി ഫയലിലായി. ഇതു സംബന്ധിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയമിച്ചെങ്കിലും ആ സമിതി തയാറാക്കിയ റിപ്പോർട്ട് നടപ്പിലാക്കാൻ സ്പോർട്സ് വകുപ്പ് ശ്രമിക്കുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ എട്ടു വർഷമായി ഫയലിൽ ഒതുങ്ങുന്ന ഈ പദ്ധതി യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിൽ തുടരുകയാണ് നാട്ടുകാർ.
നെയ്യാർഡാമിലും പരിസരത്തും കൂറ്റൻ പാറകളും മലയിടുക്കുകളും ധാരാളമുണ്ട്. ആനമുടി കഴിഞ്ഞാൽ ഏറ്റവും വലിയ കൊടുമുടിയായ അഗസ് ത്യകൂടവും ഇവിടെ തന്നെ. അതിനാൽ 45 വർഷങ്ങൾക്ക് മുൻപ് തന്നെ ഉയർന്ന ആവശ്യമാണ് ഇവിടെ പർവതാരോഹണപരിശീലനകേന്ദ്രം സ്ഥാപിക്കണമെന്നത്.
ഇവിടം സന്ദർശിച്ച കേണൽ ജി.വി. രാജയാണ് ആദ്യമായി ഇത്തരമൊരു നിർദേശം മുന്നോട്ടു വച്ചത്. ഇതിനായി വിദഗ്ധരെത്തി പഠനങ്ങളും നടത്തി. ഡാർജിലിംഗ് മോഡലിൽ കേന്ദ്രം സ്ഥാപിക്കാനാണ് അന്നു ശുപാർശ ചെയ്തത്. എന്നാൽ അതു ശുപാർശയായി തന്നെനിന്നു. അതിനിടെ നീലലോഹിതദാസ് കായികമന്ത്രി ആയപ്പോൾ വീണ്ടും ഇക്കാര്യം ചർച്ചയായി, ബഡ്ജറ്റിൽ പണവും അനുവദിച്ചു.
നെയ്യാർഡാമിലെ കാളിപ്പാറയാണ് ആസ്ഥാനമായി അന്നു തെരഞ്ഞെടുത്തത്. അണക്കെട്ടിൽനിന്നും കേവലം ഒരു കിലോമീറ്റർ അകലെയുള്ള കാളിപ്പാറ ഇവിടുത്തെ ഉയരമുള്ള ഭാഗമായതിനാലാണ് അത് തെരഞ്ഞെടുത്തത്. ഒരു വർഷത്തിൽ മിക്ക മാസങ്ങളിലും ഡാമിൽ എൻസിസി, ദേശീയ പർവതാരോഹണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയും വിവിധ സ്വകാര്യ പർവതാരോഹകരും ഇ വിടെ വരെയും പരിശീലന ത്തിനെത്തുക പതിവാണ്.
കാളിപ്പാറ എന്ന 4000 അടി ഉയരമുള്ള പാറയിലാണ് പരിശീലനം നടത്തുന്നത്. ഇതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രത്തിനായി നീക്കം തുടങ്ങിയത്. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ സ്ഥാപനം തുടങ്ങാനാ യിരുന്നു ശ്രമം. അതിനായി ദില്ലിയിൽ നിന്നും ചിലരെത്തി പരിശോധനയും നടത്തിയിരു ന്നു. എന്നാൽ അതും തടസപ്പെട്ടു. ഇതിനിടയ്ക്ക് പലവുരു നാട്ടുകാരും പർവതാരോഹകരും നിവേദനങ്ങൾ നൽകിയിരുന്നു. പർവതാരോഹണത്തിൽ പരിശീലം നേടി പാസായ നിരവധി പേർ നാട്ടിൽ തന്നെ ഉണ്ട്. അവർക്കു തൊഴിലിനും നെയ്യാർഡാമിന്റെ വികസനത്തിനും വഴി വയ്ക്കുന്ന പദ്ധതിയാണ് ജീവൻ വയ്ക്കാതെ പോകുന്നത്.