x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ബ​ർ​ടാ​പ്പിം​ഗ് നി​ല​ച്ചി​ട്ടു മൂ​ന്നു​മാ​സം; തൊ​ഴി​ലാ​ളി​ക​ളും തോ​ട്ടം ഉ​ട​മ​ക​ളും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

ജോ​ജി തോ​മ​സ്
Published: June 2, 2026 06:13 AM IST | Updated: June 2, 2026 06:13 AM IST

നെ​ന്മാ​റ: ക​ടു​ത്ത വേ​ന​ലും കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ദു​ർ​ബ​ല​മാ​യ തു​ട​ക്ക​വും കാ​ര​ണം റ​ബ​ർ ടാ​പ്പിം​ഗ് മൂ​ന്നു​മാ​സ​ത്തോ​ള​മാ​യി നി​ല​ച്ച​തോ​ടെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളും റ​ബ​ർ​ക​ർ​ഷ​ക​രും ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ ചൂ​ട് ക​ന​ത്ത​തി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച ടാ​പ്പിം​ഗ് ഇ​തു​വ​രെ പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം മേ​ഖ​ല​യി​ലാ​കെ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ​യാ​യി വേ​ന​ൽ​ക്കാ​ലം അ​വ​സാ​നി​ച്ച് മ​ഴ ല​ഭി​ച്ചു തു​ട​ങ്ങു​ന്ന​തോ​ടെ റ​ബ​ർ​മ​ര​ങ്ങ​ളി​ൽ മ​ഴ​മ​റ സ്ഥാ​പി​ച്ച് ടാ​പ്പിം​ഗ് പു​ന​രാ​രം​ഭി​ക്കാ​റു​ണ്ട്.

എ​ന്നാ​ൽ ഈ ​വ​ർ​ഷം വേ​ന​ൽ​മ​ഴ ദു​ർ​ബ​ല​മാ​യ​തും ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​ലേ​റെ​യാ​യി കാ​ര്യ​മാ​യ മ​ഴ ല​ഭി​ക്കാ​ത്ത​തു​മൂ​ലം മ​ഴ​മ​റ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ പോ​ലും ആ​രം​ഭി​ക്കാ​നാ​യി​ട്ടി​ല്ല. ഇ​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ലും തോ​ട്ടം ഉ​ട​മ​ക​ൾ​ക്ക് വ​രു​മാ​ന​വും ഒ​രു​പോ​ലെ ന​ഷ്ട​പ്പെ​ടു​ക​യാ​ണ്. മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ൽ രാ​സ​വ​ള പ്ര​യോ​ഗ​വും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും മ​ര​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നു​മാ​യി ഈ ​സ​മ​യ​ത്ത് ന​ട​ത്തേ​ണ്ടി​രു​ന്ന വ​ള​പ്ര​യോ​ഗം വൈ​കു​ന്ന​ത് ഭാ​വി​യി​ലെ ഉ​ത്പാ​ദ​ന​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ക​ർ​ഷ​ക​ർ​ക്കു​ണ്ട്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്റെ ആ​ഘാ​തം റ​ബ​ർ മേ​ഖ​ല​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യ​മെ​ന്നു ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. സ്‌​കൂ​ൾ തു​റ​ക്കു​ന്ന സാ​ഹ​ച​ര​യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വു​ക​ൾ ക​ണ്ടെ​ത്താ​ൻ പോ​ലും പ​ല കു​ടും​ബ​ങ്ങ​ളും പ്ര​യാ​സ​പ്പെ​ടു​ന്നു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ റ​ബ​ർ ബോ​ർ​ഡി​ന്‍റെ​യോ സ​ർ​ക്കാ​രി​ന്‍റെ​യോ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ധ​ന​സ​ഹാ​യ​മോ ക്ഷേ​മ​പ​ദ്ധ​തി​ക​ളോ ന​ട​പ്പാ​ക്ക​ണ​മെ​ന്നു തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. തൊ​ഴി​ൽ ന​ഷ്ടം നേ​രി​ടു​ന്ന ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham Workers and plantation dispute

Recent News

Corehub Up