തൃപ്പൂണിത്തുറ: ബുള്ളറ്റ് നിയന്ത്രണം വിട്ട് മീഡിയനിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗർ ആളൂക്കാരൻ വീട്ടിൽ പരേതനായ ബിജുവിന്റെ മകൻ ഹോർമിസ് മാത്യു (24) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 1.45ഓടെ ചമ്പക്കര ഭാഗത്ത് മെട്രോ പില്ലർ 953ന് സമീപത്തായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഹോർമിസിനെ ഉടൻ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൃപ്പൂണിത്തുറയിൽ നിന്ന് വൈറ്റില ഭാഗത്തേക്ക് പോകവെയാണ് ആണ് അപകടത്തിൽപ്പെട്ടത്. എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ ഒന്പതിന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംസ്കരിക്കും.
ബംഗളൂരുവിൽ ബിഎസ്സി നഴ്സിംഗ് പഠനം കഴിഞ്ഞ് ജോലി ചെയ്യവേ പിതാവ് അസുഖ ബാധിതനായതിനെ തുടർന്ന് നാട്ടിലെത്തിയ ഹോർമിസ് മേയ് ഒന്നിന് വീണ്ടും ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. പിതാവ് ബിജു കഴിഞ്ഞ മാർച്ച് ആദ്യ വാരമാണ് മരിച്ചത്. മാതാവ്: നിഖി ഉറുമീസ്. സഹോദരങ്ങൾ: സെലിൻ, ജോസഫ്.