എബിൻ തോമസ്
ഹരിപ്പാട്: പായിപ്പാട് ജലോത്സവത്തിനിടെ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവ് മരിച്ചു. പുന്നമട അവലൂക്കുന്ന് കൊറച്ചേരി കണ്ടത്തിൽ തോമസ് ജോസഫിന്റെ മകൻ എബിൻ തോമസ് (മത്തായി-31) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഫിനിഷിംഗ് പോയിന്റിലെ പവലിയനു സമീപമായിരുന്നു അപകടം. മോട്ടോർ ബോട്ടിലെ ജീവനക്കാരനായിരുന്നു എബിൻ തോമസ്. ബോട്ടിലിരിക്കെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് 25 അടിയോളം ആഴമുള്ള ആറ്റിലേക്കു മറിഞ്ഞുവീഴുകയായിരുന്നു. ജലോത്സവ ഡ്യൂട്ടിയിലുണ്ടായിരുന്ന അഗ്നിരക്ഷാസേന ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
അരമണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ ഫയർഫോഴ്സ് സംഘം എബിനെ വെള്ളത്തിൽനിന്ന് കരയ്ക്കെത്തിച്ചു. തുടർന്ന് പോലീസ് ബോട്ടിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസി. സ്റ്റേഷൻ ഓഫീസർ പ്രശാന്ത്, എസ്എഫ്ആർഒ രാജേഷ്, ഫയർമാൻമാരായ രാഹുൽ, നിഖിൽ, ഉണ്ണി സുധാകരൻ, ഹോം ഗാർഡുമാരായ സജിത്ത്, സുരേഷ്, മെക്കാനിക് അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. സംഭവത്തിൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
Tags : Nattuvishesham DistrictNews DeepikaNews dies