പ്രതി അലക്സ് തോമസ്
കറുകച്ചാൽ: കള്ളനോട്ടുകളുമായി യുവാവ് പിടിയിൽ. മാമ്പതി ഭാഗത്ത് താമസിക്കുന്ന മല്ലപ്പള്ളി, ആനിക്കാട് രണ്ടുപറയിൽ അലക്സ് വാവ എന്ന അലക്സ് തോമസി(23)നെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് 500 രൂപയുടെ 62 വ്യാജനോട്ടുകൾ കണ്ടെടുത്തു. വെള്ളിയാഴ്ച രാത്രി ഏട്ടരയ്ക്ക് കറുകച്ചാൽ ബെവ്കോ ഷോപ്പിൽനിന്നു മദ്യം വാങ്ങാനെത്തിയ യുവാവ് 500 രൂപ നല്കി. ഇത് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞ ബിവറേജസ് ജീവനക്കാർ കറുകച്ചാൽ പോലീസിൽ വിവരം അറിയിക്കുകയാ യിരുന്നു.
തുടർന്ന് പോലീസ് എത്തി ചോദ്യം ചെയ്തപ്പോൾ ഒരു സുഹൃത്താണ് പണം നൽകിയതെന്ന് ഇയാൾ അറിയിച്ചു. തുടർന്ന് ഇയാൾ പറഞ്ഞ സുഹൃത്തിനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് കണ്ടെത്തി പിടികൂടി ചോദ്യംചെയ്തപ്പോൾ രണ്ട് കള്ളനോട്ടുകൾ കൂടി ഇയാളിൽനിന്നു കണ്ടെത്തി. ലോട്ടറി അടിച്ച പണമാണെന്ന് പറഞ്ഞ് അലക്സ് തോമസ് എന്ന ആളാണ് മൂന്ന് 500 രൂപ നോട്ടുകൾ നൽകിയതെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു.
തുടർന്ന് രാത്രി രണ്ടു മണിയോടെ പോലീസ് സാഹസികമായി അലക്സ് തോമസിനെ തേടി മാമ്പതി ഭാഗത്തെ താമസസ്ഥലത്തെത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അലക്സിനെ പോലീസ് പിടികൂടുകയായിരുന്നു. തെരച്ചിലിൽ 500ന്റെ 62 നോട്ടുകൾ ഇയാളിൽനിന്നു പിടികൂടി. നോട്ട് ആരാണ് നൽകിയതെന്ന് വെളിപ്പെടുത്താൻ ഇയാൾ തയാറായിട്ടില്ല.
കറുകച്ചാൽ പോലീസ് സ്റ്റേഷനിലെ ആറു കേസുകളിലും, 2023ൽ കാപ്പാ ചുമത്തിയ പ്രതിയാണെന്നും പോലീസ് പറഞ്ഞു. എസ്.എച്ച്.ഒ. എസ്.രാജേഷ്, എസ്.ഐ.മാരായ ടി.എസ്.ജയകൃഷ്ണൻ, ബിജു തോമസ്, സിപിഓരായ ബ്രിജിത്ത് കൃഷ്ണ, ആന്റണി വിക്ടർ, ജിബിൻ ലോബോ, സ്വരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .
Tags : NattuVishasham DistrictNews