ഇരിട്ടി താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സൂപ്രണ്ടിനെ ഉപരോധിച്ചപ്പോൾ.
ഇരിട്ടി: യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസ് ഉപരോധ സമരത്തിൽ സംഘർഷം. ആശുപത്രി സൂപ്രണ്ട് എം. രാജേഷിനെ മണിക്കൂറുകളോളം ഓഫീസിനുള്ളിൽ തടഞ്ഞുവച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇരിട്ടി പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്തു നീക്കി. അറസ്റ്റിന് വഴങ്ങാതിരുന്ന പ്രവർത്തകരും പോലീസും തമ്മിൽ ഓഫീസിനുള്ളിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ഫാർമസിയുടെ പോരായ്മ, മാതൃശിശു വാർഡ് തുറക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചത്.
ഇന്നലെ ഉച്ചയ്ക്കുശേഷം രണ്ടരയോടെ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പ്രവർത്തകർ ഇരച്ചുകയറി. ഉന്നയിച്ച ആവശ്യങ്ങൾക്ക് രേഖാമൂലം മറുപടി കിട്ടാതെ പിരിഞ്ഞുപോകില്ലെന്ന നിലപാട് സ്വീകരിച്ചു. ഫാർമസി ഉച്ചയ്ക്ക് രണ്ടുവരെ മാത്രം പ്രവർത്തിക്കുന്നത് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് രേഖാമൂലം എഴുതി നൽകണമെന്ന് വാശിപിടിച്ചു. ഫാർമസിയുടെ പ്രവർത്തന സമയം വൈകുന്നേരം ആറുവരെയാക്കുമെന്ന് ഉറപ്പ് നൽകണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഇരിട്ടി എസ്ഐ മുഹമ്മദ് നജ്മിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി. പോലീസും പ്രവർത്തകരുമായി വാക്കേറ്റം ഉണ്ടായി. പിരിഞ്ഞുപോകാൻ പോലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ വഴങ്ങിയില്ല. കൂടുതൽ പോലീസ് എത്തുകയും ബലപ്രയോഗത്തിലൂടെ പ്രവർത്തകരെ സൂപ്രണ്ടിന്റെ ഓഫീസിൽ നിന്ന് പുറത്താക്കി വാതിലടയ്ക്കുകയും ചെയ്തു.
ഓഫീസിന് മുന്നിൽ ഏറെ നേരം കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്ത് നീക്കുകയായിരുന്നു. പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിധിൻ നടുവനാട്, വിപിൻ ജോസഫ്, എബിൻ പുന്നവേലിൽ, സി.സി. മിധേഷ്, റാഷിദ് പുന്നാട്, പി. ഷിബിൻ, സി.കെ. അർജുൻ, സുനിൽ കുര്യൻ, അമൽ മാത്യു, അമൽ ബാബുരാജ്, റജിനോൾഡ് മൈക്കിൾ, ടോണി വർഗീസ്, മോബിഷ് ദാസ്, പി. നജീബ്, റജീഷ് പുന്നാട് എന്നിവർ നേതൃത്വം നൽകി.
Tags : Youth Congress activists nattuvishesham local news