Editorial Audio
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ആത്മാവിനെ ഒന്നു നോക്കുകപോലും ചെയ്യാതെ അതിന്റെ 90ാം വാർഷികവും നാം ആചരിക്കുന്നു. അടിമത്തവും വർണവിവേചനവും നിരോധിച്ച ലോകത്തെ എല്ലാ ഔദ്യോഗിക പ്രഖ്യാപനങ്ങളും നേരിട്ട ദുർവിധിയാണിത്. വിപ്ലവങ്ങളുടെയും സമരങ്ങളുടെയും രാഷ്ട്രീയ-മത അനിവാര്യതകളുടെയും ഭാഗമായി നിയമങ്ങളുണ്ടാകും. പക്ഷേ, മേൽക്കോയ്മയോട് ആർത്തിയുള്ള സവർണാധികാരം തുല്യതയെ അംഗീകരിക്കില്ല. 1936 നവംബർ 12നായിരുന്നു താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കൾക്ക് തിരുവിതാംകൂറിലെ ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന വിളംബരമുണ്ടായത്. പക്ഷേ, പ്രാർഥിക്കാനല്ലാതെ പൂജാരിയാകാൻ ഇന്നും തടസമാണ്. 90 വർഷംകൊണ്ട് നാം ഒരടി മുന്നോട്ടു വച്ചില്ല. നമ്മുടെ നവോത്ഥാനങ്ങൾക്കു വാർഷികങ്ങളേയുള്ളൂ; തുടർച്ചയില്ല.
ആധുനിക തിരുവിതാംകൂറിന്റെ മാഗ്നകാർട്ട എന്നറിയപ്പെട്ട ക്ഷേത്രപ്രവേശന വിളംബരത്തിൽ ഒപ്പുവച്ചത് തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയാണ്. അവർണർക്കും ദളിത്-ആദിവാസി വിഭാഗങ്ങൾക്കും തിരുവിതാംകൂറിലെ എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളിലും പ്രവേശിക്കാനും ആരാധന നടത്താനുമുള്ള അവകാശമായിരുന്നു അത്.
വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള പൊതുവഴികളിലൂടെ താഴ്ന്ന ജാതിക്കാർക്കും അവർണർക്കും സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ വൈക്കം സത്യഗ്രഹം (1924-25), അയിത്താചാരങ്ങൾക്കും ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനും എതിരായി നടത്തിയ ഗുരുവായൂർ സത്യഗ്രഹം (1931-32) തുടങ്ങിയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലം ക്ഷേത്രപ്രവേശന വിളംബരത്തിനു പ്രേരകമായി. പക്ഷേ, പെട്ടെന്നുള്ള വിളംബരത്തിനു കാരണം വേറെയുണ്ട്.
ഇതു തിരുവിതാംകൂറിലെ മാത്രം കാര്യമായിരുന്നില്ല. ജാതിവ്യവസ്ഥയും അയിത്തവും ഹിന്ദുമതത്തിനുള്ളിൽ നിന്നുകൊണ്ട് പരിഷ്കരിക്കാനാവില്ലെന്ന തിരിച്ചറിവ് ഡോ. ബി.ആർ. അംബേദ്കറെ കടുത്ത തീരുമാനങ്ങൾക്കു പ്രേരിപ്പിച്ചു. ഒരു ഹിന്ദുവായി ജനിച്ച താൻ ഹിന്ദുവായി മരിക്കില്ലെന്ന് അദ്ദേഹം 1935ൽ പ്രഖ്യാപിച്ചു. ആത്മാഭിമാനവും സമത്വവും സ്വാതന്ത്ര്യവും നേടണമെങ്കിൽ മതം മാറണമെന്ന് അദ്ദേഹം അധഃസ്ഥിത ജനവിഭാഗങ്ങളോട് ആഹ്വാനം ചെയ്തു. കേരളത്തിൽ സി.വി. കുഞ്ഞുരാമനും സഹോദരൻ അയ്യപ്പനുമൊക്കെ ഇതേ ചർച്ചകൾ സജീവമാക്കി.
ഇത് ഹിന്ദുമത നേതാക്കളെയും ഭരണാധികാരികളെയും ആശങ്കയിലാക്കിയെന്നതാണ് യാഥാർഥ്യം. താമസിയാതെ ക്ഷേത്രപ്രവേശന വിളംബരം നടത്താൻ രാജാവ് നിർബന്ധിതനായി. ഇതോടെ വലിയൊരു വിഭാഗം ആളുകൾ മതപരിവർത്തന നീക്കങ്ങളിൽനിന്നു പിന്മാറി. എന്നാൽ, കൊച്ചിയിലെയും മലബാറിലെയും പിന്നാക്ക ജാതിക്കാർക്ക് ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുവോളം കാത്തിരിക്കേണ്ടിവന്നു.
എന്താണ് ഇന്നത്തെ സ്ഥിതി? ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പിന്നാക്കവിഭാഗക്കാരെ ശാന്തി, കഴകം തസ്തികകളിൽ നിയമിക്കുമ്പോൾ ചില ക്ഷേത്രങ്ങളിൽ ഉയർന്ന ജാതിക്കാരുടെ പ്രതിഷേധങ്ങളും ബഹിഷ്കരണങ്ങളും ഉണ്ടാകുന്നു. വടക്കൻ കേരളത്തിലെ ചില പ്രത്യേക സമുദായങ്ങളിലെ തെയ്യങ്ങൾക്ക് ക്ഷേത്രമുറ്റത്ത് പ്രവേശനം നൽകാൻ ഇന്നും മടിയാണ്.
പൊതുചടങ്ങുകളിൽ ആചാരങ്ങളുടെ പേരിൽ ദളിത് വിഭാഗത്തിൽപെട്ട ജനപ്രതിനിധികളെപ്പോലും മാറ്റിനിർത്തിയ സംഭവങ്ങളുണ്ടായി. ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും എല്ലാ മതങ്ങളിലും രാഷ്ട്രീയധാരകളിലും മേൽക്കോയ്മയുടെ വൈറസുകൾ സജീവമാണ്. ജാതിയില്ലെന്ന് അവകാശപ്പെടുന്ന മതവിശ്വാസികളിലും പുരോഗമന രാഷ്ട്രീയക്കാരിലും മഹാഭൂരിപക്ഷവും വിവാഹത്തിലുൾപ്പെടെ ഒരു വിട്ടുവീഴ്ചയും നടത്താറില്ല.
അയിത്തത്തിന്റെ പൂർവമുഖമാണ് അടിമത്തം. 1863ലാണ് അമേരിക്കയിൽ ഏബ്രഹാം ലിങ്കൺ അടിമവിമോചന പ്രഖ്യാപനത്തിൽ ഒപ്പുവച്ചത്. പക്ഷേ, 100 വർഷത്തിനുശേഷം അമേരിക്കയുടെ തലസ്ഥാനത്തെ ലിങ്കൺ സ്മാരകത്തിനു മുന്നിൽ നിന്നുകൊണ്ട് മാർട്ടിൻ ലൂഥർ കിംഗിനു പ്രസംഗിക്കേണ്ടിവന്നു, വെളുത്തവരും കറുത്തവരും ഒന്നിച്ചിരുന്ന് അത്താഴം കഴിക്കുന്ന ദിവസത്തെക്കുറിച്ച് സ്വപ്നം കാണുന്നുവെന്ന്. വീണ്ടും 63 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഒന്നിച്ച് അത്താഴം കഴിക്കാറുണ്ട്. പക്ഷേ, കറുത്തവരുടെ ജീവിതത്തിനും പ്രാധാന്യമുണ്ടെന്ന് അവർക്ക് നിരന്തരം ഓർമിപ്പിക്കേണ്ടിവരുന്നു.
ബ്രിട്ടീഷ് പാർലമെന്റ് അടിമത്തം നിരോധിച്ചത് 1833ലാണ്. പക്ഷേ, പിന്നീടും അടിമക്കച്ചവടം നടത്തി. 1794ൽ ഫ്രാൻസ് അടിമത്തം നിരോധിച്ചെങ്കിലും നെപ്പോളിയൻ അത് പുനഃസ്ഥാപിച്ചിരുന്നു. പിന്നീട് 1848 ഏപ്രിൽ 27ന് വീണ്ടും പ്രഖ്യാപിച്ചു. പക്ഷേ, വ്യവസ്ഥ തുടർന്നു. ഐക്യരാഷ്ട്രസഭ 1948 ഡിസംബർ 10നാണ് അടിമവ്യവസ്ഥ നിരോധിച്ചത്. 1950ൽ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയുടെ 14, 15, 16, 17 വകുപ്പുകൾ രാജ്യമാകെ തുല്യതയുടെ കാവലായി. പക്ഷേ, ഇന്നും ദളിതരും ആദിവാസികളും കൊടിയ ദുരിതങ്ങളിലൂടെ കടന്നുപോകുന്നു.
ഉത്തരേന്ത്യയിലെ സ്ഥിതി കൂടുതൽ ദയനീയമാണ്. വഴിനടക്കാൻ, ഒരേ പാത്രത്തിൽനിന്നു വെള്ളം കുടിക്കാൻ, കിണറ്റിൽനിന്നു വെള്ളം കോരാൻ, കണക്കുപറഞ്ഞു കൂലി ചോദിക്കാൻ നിവൃത്തിയില്ല. സാമൂഹിക ഭ്രഷ്ടുകൾ തുടരുകയാണ്... ഒരു തുല്യതയുമില്ല. രാജ്യസഭയിൽ സമർപ്പിച്ച നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, 2023ൽ 53,372 കേസുകളും 2024ൽ 48,669 കേസുകളും പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 90-ാം വാർഷികം ആധുനിക നാഗരികതയോട് ആവശ്യപ്പെടുന്നത്, താഴ്ന്ന ജാതിക്കാരിൽനിന്നു കവർന്നെടുത്ത അന്തസ് ഉൾപ്പടെ എല്ലാം ഇനിയെങ്കിലും ഉടമകൾക്കു തിരികെക്കൊടുക്കാനാണ്. ഭരണകൂടങ്ങളും മതങ്ങളും പ്രസംഗങ്ങളുടെ പുകമറയിൽനിന്നു പുറത്തുവരണം. ജാതിവിവേചനം നിലനിൽക്കുന്നു എന്നതിന്റെ ആദ്യ അർഥം വിദ്യാഭ്യാസം പരാജയപ്പെട്ടു എന്നതാണ്. പ്രീ പ്രൈമറി മുതൽ കുട്ടികളെ തുല്യത പരിശീലിപ്പിക്കണം, ശിക്ഷണവും ശിക്ഷയുമുണ്ടാകണം. ഭരണഘടനാ മൂല്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.
ജാതിബോധം കൊണ്ടുനടക്കുന്ന അധ്യാപകരെ പുറത്താക്കാൻ നിയമനിർമാണം നടത്തണം. കുട്ടികൾക്കു മാത്രമല്ല, രാഷ്ട്രീയ-മത നേതാക്കൾക്കും ബോധവത്കരണം നടത്തണം. കോടതികൾ കർശനമായി ഇടപെടണം. ദളിതർക്കും ആദിവാസികൾക്കും തുല്യ അവസരങ്ങളും സാന്പത്തിക ശക്തീകരണവും ഉറപ്പാക്കണം. പട്ടികജാതി-പട്ടികവർഗ വകുപ്പ് ഔദാര്യങ്ങളുടെ വിതരണത്തിനുള്ളതല്ല; അവകാശങ്ങളുടെ പുനഃസ്ഥാപനത്തിനുള്ളതാണ്.
നവോത്ഥാനം ചരിത്രസ്മരണയല്ല, കാലികമായ ഉത്തരവാദിത്വങ്ങളുടെ ആർക്കുമൊഴിവില്ലാത്ത നിരന്തരമായ ഏറ്റെടുക്കലാണ്. സമഗ്രപദ്ധതിയില്ലെങ്കിൽ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 100-ാം വാർഷികത്തിലും നാം പ്രസംഗിച്ചുകൊണ്ടിരിക്കും; യാതൊരു കുറ്റബോധവുമില്ലാതെ.
Tags : DEEPIKA EDITORIAL