x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

20
NOV
2026

ഇനിയെങ്കിലും ചോരക്കളി നിര്‍ത്തുമോ?

Editorial Audio

വെബ് ഡെസ്ക്
Published: November 20, 2026 12:00 AM IST | Updated: November 20, 2026 05:41 PM IST

ഓരോ രാഷ്ട്രീയ കൊലപാതകക്കേസ് വിധിയിലും ഒരുപാട് പാഠങ്ങളുണ്ട്. രാഷ്ട്രീയ കേരളം പഠിക്കേണ്ടതും മറക്കുന്നതും ബോധപൂര്‍വം ഒഴിവാക്കുന്നതുമായ പാഠങ്ങള്‍. ഈ പാഠങ്ങളാകട്ടെ ജനാധിപത്യത്തിന്റെ ആത്മാവാണ്.

മഹാത്മജിയുടെ നെഞ്ചില്‍ തറച്ച വെടിയുണ്ടകളുടെ അക്രമോത്സുകത വിവിധ രൂപത്തില്‍ ഇപ്പോഴും രാഷ്ട്രീയ ചുടലപ്പറമ്പുകളില്‍ വേതാളനൃത്തമാടുന്നു എന്നത് ജനാധിപത്യസംവിധാനം നേരിടുന്ന ദുരവസ്ഥയാണ്. ആശയങ്ങളോടുള്ള അസഹിഷ്ണുതയില്‍ മനുഷ്യജീവനെടുക്കുന്ന ക്രൂരരാഷ്ട്രീയത്തിന് എന്നാണ് അറുതി വരിക?

കണ്ണൂര്‍ തളിപ്പറമ്പിലെ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ 14 വര്‍ഷത്തിനുശേഷം കോടതിവിധി പുറത്തുവന്നു. കൊലക്കുറ്റം തെളിഞ്ഞ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്‍, ഒന്‍പതാം പ്രതി മനോഹരന്‍, പത്താം പ്രതി ദിനേശന്‍, പന്ത്രണ്ടാം പ്രതി ബിജു, പതിനഞ്ചാം പ്രതി ഷിജിന്‍ മോഹന്‍ എന്നിവരെയാണ് ശിക്ഷിച്ചത്.

മറ്റ് ആറു പ്രതികള്‍ക്ക് മൂന്നു വര്‍ഷത്തില്‍ താഴെയാണ് ശിക്ഷ. മുമ്പ് ജയിലില്‍ കിടന്നതിനാല്‍ ഇവര്‍ക്ക് ജാമ്യം ലഭിക്കും. ഗൂഢാലോചനക്കേസില്‍ പ്രതികളായ സിപിഎം നേതാക്കള്‍ പി. ജയരാജന്‍, ടി.വി. രാജേഷ് എന്നിവരെ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി വെറുതേവിട്ടു. ഇവര്‍ക്കെതിരേ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കേസില്‍ 18 പേരെയാണ് വെറുതേ വിട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകനായ പത്തൊന്പതാം പ്രതി ശ്യാംജിത്തും ഇതില്‍ ഉള്‍പ്പെടുന്നു.

പാര്‍ട്ടിക്കോടതി വിചാരണ നടത്തി നടപ്പാക്കിയ വധശിക്ഷയെന്ന പേരില്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു ഈ കേസ്. 2012 ഫെബ്രുവരി 20ന് ഉച്ചകഴിഞ്ഞു മൂന്നോടെയാണ് കണ്ണപുരം കീഴറ വള്ളുവന്‍കടവില്‍ ഇരുപത്തിയൊന്നുകാരനായ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ചിരുന്ന വാഹനം തളിപ്പറന്പ് അരിയില്‍ ആക്രമിക്കപ്പെട്ട് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു കൊലപാതകം.

യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്നു ഷുക്കൂര്‍. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍റെ വാഹനം ആക്രമിച്ചതിനെത്തുടര്‍ന്നുള്ള സ്വാഭാവിക പ്രതികരണമാണു ഷുക്കൂറിന്റെ കൊലപാതകമെന്ന് സിപിഎം നേതൃത്വം പരസ്യമായി പറഞ്ഞതും ഈ സംഭവത്തെ വേറിട്ടു നിര്‍ത്തി.

കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടി സ്വയമേറ്റെടുക്കുന്നത് ആദ്യമായിട്ടെന്നായിരുന്നു അന്നത്തെ പൊലിസ് റിപ്പോര്‍ട്ട്. അതുവരെ, പകല്‍വെളിച്ചത്തില്‍ പലരുടെ മുന്നില്‍ കൊലപാതകം നടന്നാലും തങ്ങള്‍ക്ക് പങ്കില്ലെന്ന് ആണയിടുമായിരുന്നു രാഷ്ട്രീയ നേതൃത്വങ്ങള്‍.

രണ്ട് ഏജന്‍സികള്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസെന്ന പ്രത്യേകതയും ഇതിനുണ്ട്. ആദ്യം കേരള പൊലിസും പിന്നീട് സിബിഐയുമാണ് കേസ് അന്വേഷിച്ചത്. രണ്ട് ഏജന്‍സികളും കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. ഷുക്കൂറിന്റെ കുടുംബാംഗങ്ങള്‍ മേല്‍ക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കണ്ണൂര്‍ രാഷ്ട്രീയം ഇനിയും കലങ്ങിമറിയുമെന്നാണ് സൂചന.

മുഴുവന്‍ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും പറഞ്ഞിട്ടുണ്ട്. പൊലിസ് അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായോ എന്ന ചോദ്യം ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. തെളിവുകള്‍ യഥാസമയം ശേഖരിച്ചില്ലെന്ന പരാതിയുമുണ്ടായിരുന്നു.

കണ്ണിനു പകരം കണ്ണ് എന്ന കാട്ടുനീതിയാണ് എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളുടെയും പിന്നിലെ ചേതോവികാരം. അവിടെ പ്രത്യയശാസ്ത്രമോ യുക്തിചിന്തയോ മനുഷ്യത്വമോ ഇല്ല. പകവീട്ടല്‍ തുടര്‍ക്കഥയായി മാറുമ്പോള്‍ ഒട്ടേറെ കുടുംബങ്ങള്‍ അനാഥമാകുന്നു. അമ്മമാരുടെ കണ്ണീര്‍ ഭൂമിയെ പൊള്ളിക്കുന്നു. ഒട്ടേറെ ചെറുപ്പക്കാരുടെ ഭാവിയാണ് ഇരുളടയുന്നത്.

മറ്റു പല കേസുകളിലുമെന്നപോലെ ഷുക്കൂര്‍ വധക്കേസിലും സിപിഎമ്മിന്‍റെ പങ്ക് വളരെ വ്യക്തമാണ്. നേതാക്കളുടെ ക്രിമിനല്‍ ഗൂഢാലോചന തെളിഞ്ഞില്ലെങ്കിലും പാര്‍ട്ടിയുടെ കൈകളിലെ ചോരക്കറ കഴുകിക്കളയാനാകില്ല. 'മനുഷ്യനാകണം' എന്ന് സമ്മേളനങ്ങളില്‍ ഉറക്കെയുറക്കെ പാടുമ്പോഴും പിന്നിലൊളിപ്പിച്ച കൊലക്കത്തി ജനാധിപത്യകേരളത്തിന് തീരാക്കളങ്കമാണ്. ശരിയാണ്, സിപിഎം പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. അവിടെയും അമ്മമാരുടെ നിലവിളികളുണ്ട്. അതും അപലപിക്കപ്പെടേണ്ടതുതന്നെ.

എന്നാല്‍, പാര്‍ട്ടി ഗ്രാമങ്ങള്‍ സൃഷ്ടിച്ച് ഉത്തരമലബാറില്‍ പാര്‍ട്ടി കാണിക്കുന്ന താന്തോന്നിത്തത്തിന് സമാനതകളില്ല. അണികളുടെ വൈകാരികതയെ നിയന്ത്രിക്കേണ്ടതിനു പകരം, കവലയോഗങ്ങളില്‍ കൊലവിളി പ്രസംഗങ്ങളും ധാര്‍ഷ്ട്യത്തിന്‍റെ ഗ്വാ ഗ്വാ വിളികളും നടത്തുന്ന നേതാക്കളുടെ പങ്ക് എങ്ങനെ കുറച്ചുകാണാനാകും.

പാര്‍ട്ടികള്‍ മുഴുസമയ ഗുണ്ടകളെ നിലനിര്‍ത്തുകയും അവരെ സമാന്തര കൊലക്കത്തി രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന കാലത്തോളം കൊലപാതകരാഷ്ട്രീയത്തിന് കേരളത്തില്‍ അറുതി വരില്ല. ഇടതുപക്ഷം അധികാരത്തിലിരുന്നപ്പോള്‍ സ്വന്തം പാര്‍ട്ടിയില്‍പെട്ട ക്രിമിനലുകളെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നത് കേരളം കണ്ടതാണ്. ക്രിമിനലുകളെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍പെടുത്താനുള്ള ആര്‍ജവം കാണിക്കാത്തിടത്തോളം ഇവിടെ ഒന്നും നേരേയാകാന്‍ പോകുന്നില്ല.

അതുപോലെ, കേസുകളിലെ അന്വേഷണവീഴ്ചകളും സാക്ഷികള്‍ കൂറുമാറുന്നതും വിചാരണ നീണ്ടുപോകുന്നതും കുറ്റവാളികള്‍ക്ക് നിയമത്തെ ഭയമില്ലാത്ത സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഇതിനു പിന്നിലും അവസാനിക്കാത്ത, തെളിയിക്കപ്പെടാത്ത ഗൂഢാലോചനകളുടെ പരമ്പരയും ഭരണസ്വാധീനവും ഭീഷണിയുമുണ്ട്. കൂടാതെ, കൊല്ലപ്പെടുന്ന പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടികള്‍ നല്‍കുന്ന രക്തസാക്ഷി പരിവേഷവും സ്മാരകങ്ങളും അണികളില്‍ വൈകാരികമായ ആവേശവും പ്രതികാരചിന്തയും നിലനിര്‍ത്താന്‍ പ്രേരകമാകുകയും ചെയ്യുന്നു.

ഈ പാഠങ്ങളൊന്നും പഠിക്കാന്‍ തയാറാകുന്നില്ലെങ്കില്‍, ഈ വിധിയും അനേകം കോടതിവിധികളില്‍ ഒന്നു മാത്രമായി മാറും. ആശയത്തെ ആശയംകൊണ്ട് നേരിടണമെന്ന പക്വമതികളുടെ വാക്കുകള്‍ കൂടുതല്‍ കൂടുതല്‍ ദുര്‍ബലമാകും. ചോരപ്പുഴ ഒഴുകിക്കൊണ്ടേയിരിക്കും. രാഷ്ട്രീയ നേതൃത്വങ്ങളാണ് ഉണര്‍ന്നു ചിന്തിക്കേണ്ടത്.

Tags : editorial

Recent News

Corehub Up