പ്രതീകാത്മക ചിത്രം.
പ്രണയം സത്രീ-പുരുഷ ഹൃദയങ്ങളുടെ മഹോത്സവമാണ്! ഒരാൾ ആത്മാവിന്റെ ഭാഷയിൽ സംസാരിക്കുന്നത് അനുരാഗത്തിലാകുമ്പോൾ മാത്രമാണ്. പ്രണയം മരണത്തെപ്പോലെ ശക്തമാണ്, മഹാസമുദ്രങ്ങൾക്കുപോലും അണയ്ക്കാൻ കഴിയാത്ത ജ്വാല! പ്രണയത്തെയും വ്യക്തിബന്ധങ്ങളെയും കുറിച്ചുള്ള പരമ്പരാഗത സങ്കൽപങ്ങളിൽ വലിയ മാറ്റങ്ങളാണ് 'ജെൻ സീ' തലമുറയിൽ സംഭവിക്കുന്നത്. പങ്കാളിക്കായി സ്വന്തം വ്യക്തിത്വം പൂർണമായും അടിയറവുവയ്ക്കുന്ന പഴയ രീതിക്കു പകരം, പ്രണയത്തിലും സ്വന്തമായ ഇടവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന രീതിയാണു പുതിയ തലമുറ സ്വീകരിക്കുന്നത്. ഇതു വ്യക്തികളുടെ മാനസികാരോഗ്യത്തിനും ദീർഘകാല ബന്ധങ്ങളുടെ നിലനിൽപിനും സഹായകരമാണെന്നു മാനസികാരോഗ്യ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.
ബന്ധങ്ങളിൽ ഒന്നിച്ചു സമയം ചെലവഴിക്കുന്നതും പരസ്പരം ആശ്രയിക്കുന്നതും സ്വാഭാവികമാണെങ്കിലും, ഒരു വ്യക്തിയുടെ സ്വന്തം താത്പര്യങ്ങൾ, കരിയർ, സൗഹൃദങ്ങൾ എന്നിവയെ ബാധിക്കാൻ പാടില്ലെന്ന് 'ജെൻ സീ' വിശ്വസിക്കുന്നു. 'ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്നാൽ എനിക്ക് എന്റേതായ സ്വാതന്ത്ര്യവും വേണം' എന്ന കാഴ്ചപ്പാടാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്. ബന്ധത്തിൽ ആയിരിക്കുമ്പോൾതന്നെ സ്വന്തം വ്യക്തിത്വം നിലനിർത്തുന്നതു വ്യക്തിഗത വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.

പങ്കാളികൾ തമ്മിലുള്ള പൊരുത്തം എന്നത് ഒരേ കാര്യങ്ങൾ ചെയ്യുന്നതിലോ, ഒരേ അഭിപ്രായം പുലർത്തുന്നതിലോ മാത്രമല്ല, മറിച്ചു പരസ്പരമുള്ള വ്യത്യാസങ്ങളെ മാനിക്കുക എന്നതു കൂടിയാണെന്ന് 'ജെൻ സീ'പറയുന്നു. തനിച്ചുള്ള യാത്രകൾ, സ്വന്തമായ ഹോബികൾ, വേറിട്ട സൗഹൃദങ്ങൾ എന്നിവ പ്രണയക്കുറവിന്റെ ലക്ഷണമല്ല; മറിച്ച്, അത് ഇരുവർക്കും മാനസിക സമ്മർദമില്ലാതെ വളരാനുള്ള ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
ഒരാൾ മറ്റൊരാളെ പൂർണതയിലെത്തിക്കുന്നു, എന്ന പഴയ സങ്കൽപത്തിനു പകരം, സ്വന്തം നിലയിൽ പൂർണതയുള്ള രണ്ടു വ്യക്തികൾ ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്ന ശൈലിയാണ് 'ജെൻ സീ' പിന്തുടരാൻ ആഗ്രഹിക്കുന്നത്. പരസ്പര ആശ്രയത്വം കുറയ്ക്കുന്നതിലൂടെ ബന്ധങ്ങളിൽ ഉണ്ടായേക്കാവുന്ന അനാവശ്യമായ മാനസിക സമ്മർദങ്ങളും തർക്കങ്ങളും ഒഴിവാക്കാൻ സാധിക്കുന്നു. സ്വാതന്ത്ര്യവും വൈകാരിക അടുപ്പവും സമന്വയിപ്പിക്കുന്ന ഈ രീതി, കൂടുതൽ മാനസികാരോഗ്യവും സുസ്ഥിരമായ പ്രണയബന്ധങ്ങളിലേക്കു വഴിതുറക്കുന്നുവെന്ന് 'ജെൻ സീ' വിശ്വസിക്കുന്നു.
Tags : HeathNews FamilyHealth Gen Z Relationship