പ്രതീകാത്മകചിത്രം
ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ അധികവും മൈദയിലാണു തയാറാക്കുന്നത്. ഇത്തരം വിഭവങ്ങൾ എന്നും കഴിക്കേണ്ടവയല്ലെന്ന് ഓർക്കുക. വല്ലപ്പോഴും മാത്രം കഴിക്കാനുളളതാണെന്ന് മനസിൽ വയ്ക്കുക. ഒരു ഭക്ഷണവും ദോഷമാണ്, തൊടാനേ പാടില്ല എന്നിങ്ങനെ പറയാനാവില്ല. ഒന്നും ശീലമാക്കരുത്. അധിക അളവിൽ കഴിക്കരുത്. പഴങ്ങൾ, പച്ചക്കറികൾ, തവിടു കളയാത്ത ധാന്യങ്ങൾ, മീൻ, മുട്ട തുടങ്ങിയവയാണു ശീലമാക്കേണ്ടത്; എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്.
വയറു നിറയ്ക്കാനുള്ളതല്ല
വ്യത്യസ്തരുചി അനുഭവിച്ചറിയാൻ ഒരു ചെയ്ഞ്ചിനു വേണ്ടി മാസത്തിലൊരിക്കലോ മറ്റോ അല്പം കഴിക്കുന്നതിൽ തെറ്റില്ല. ഓർക്കുക, ഇത്തരം വിഭവങ്ങൾ വയറു നിറയ്ക്കാൻ വേണ്ടിയുളളതല്ല.
വീട്ടിൽത്തന്നെ തയാറാക്കാം
ഫാസ്റ്റ് ഫുഡ് തീരെ ഒഴിവാക്കാനാവില്ല. അപ്പോൾ അതിനെ ആരോഗ്യജീവിതത്തിനു സഹായകമായ രീതിയിൽ മാറ്റിയെടുക്കണം. പുറത്തു നിന്നു വാങ്ങുന്ന മിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും വീട്ടിൽത്തന്നെ തയാറാക്കാനാകും എന്നതാണു വാസ്തവം.
ചീസ് ഒഴിവാക്കി പിസ
പിസ ആരോഗ്യകരമായ രീതിയിൽ വീട്ടിൽ തയാറാക്കാനാകും. പിസബേസ് വാങ്ങി അതിൽ പച്ചക്കറികളും വേവിച്ച ചിക്കനും ചേർത്ത് നമുക്കു തന്നെ തയാറാക്കാം. കൊഴുപ്പു കുറയ്ക്കാൻ പിസയിൽ ചീസ് ഒഴിവാക്കാം.
സ്കൂൾ കുട്ടികൾക്ക്...
ഇടനേരങ്ങളിൽ കഴിക്കാൻ ഫാസ്റ്റ് ഫുഡ് വാങ്ങി കുട്ടികൾക്കു സ്കൂളിൽ കൊടുത്തയയ്ക്കുന്ന ശീലം മാതാപിതാക്കൾ ഉപേക്ഷിക്കണം. ഇത്തരം ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ കിട്ടുന്നില്ല. ഇടഭക്ഷണം കൊഴുപ്പുകൂടിയവയായതിനാൽ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശരിക്കു കഴിക്കാനുമാവില്ല.
ഇടനേരങ്ങളിൽ നട്സ്...
ഇടനേരങ്ങളിൽ കഴിക്കാൻ അനുയോജ്യം നട്സ് ആണ്. ഏതുതരം നട്സ് ആണെങ്കിലും അതിൽ പ്രോട്ടീന്റെ അളവു കൂടുതലാണ്. ശരീരത്തിനാവശ്യമായ മൈക്രോ ന്യൂട്രിയന്റ്സ് എല്ലാമുണ്ട്.
ബ്രഡ് സാൻഡ് വിച്ച്
മല്ലിയില, പുതിനയില മുതലായവ കൊണ്ടു തയാറാക്കിയ ചട്നി ഉപയോഗിച്ചു പച്ചക്കറികൾ നിറച്ച ബ്രഡ് സാൻഡ്് വിച്ച് കൊടുത്തയയ്ക്കാം. ഏത്തപ്പഴമോ മറ്റു പഴങ്ങളോ കൊടുത്തയയ്ക്കാം.
പഴങ്ങൾ, സ്വാഭാവിക പഴച്ചാറുകൾ
പഴങ്ങളും സ്വാഭാവിക പഴച്ചാറുകളും കൊടുത്തയയ്ക്കാം. എണ്ണയിൽ വറുത്ത വിഭവങ്ങൾ പതിവാക്കരുത്. തടി കൂട്ടും.
ഉരുളക്കിഴങ്ങ് ഫ്രൈ പതിവാക്കരുത്
വറുത്ത സാധനങ്ങൾ, കേക്ക്, പഫ്സ്, ഏത്തയ്ക്ക ചിപ്സ് എന്നിവയും ഇടനേരങ്ങളിൽ കഴിക്കാൻ കുട്ടികൾക്കു പതിവായി കൊടുത്തയയ്ക്കരുത്. ഫാസ്റ്റ് ഫുഡെന്നോ ജങ്ക് ഫുഡ് എന്നോ വിശേഷിപ്പിക്കാവുന്ന ഇത്തരം ബേക്കറി വിഭവങ്ങളിൽ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഇല്ല.
ഉരുളക്കിഴങ്ങ് ഫ്രൈ, മെഴുക്കുപുരട്ടി എന്നിവയും പതിവായി കഴിക്കരുത്. ഉരുളക്കിഴങ്ങ് ചേർത്ത ഫാസ്റ്റ് ഫുഡും പതിവാക്കരുത്.
സുരക്ഷിതമാവണം ഭക്ഷണം
വീട്ടിൽ തയാറാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ പുറത്തു നിന്നു ഭക്ഷണം വാങ്ങുന്നതു സ്വാഭാവികം. പക്ഷേ, അത്തരം ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് &
ഡയറ്റ് കണ്സൾട്ടന്റ്
Tags : Fast food Make Fast Food at Home Food and Nutrition HealthNews FamilyHealth