മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ മയക്കുമരുന്ന് സംഘമായ 'ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ' തലവൻ നെമെസിയോ ഒസെഗ്വേര സെർവാന്റസ് (എൽ മെഞ്ചോ) കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം കടുത്ത സംഘർഷത്തിൽ.
എൽ മെഞ്ചോ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ മെക്സിക്കോയിലെ വിവിധ നഗരങ്ങളിൽ സായുധരായ ഗുണ്ടാസംഘങ്ങൾ തെരുവിലിറങ്ങി. വാഹനങ്ങൾ തീയിടുകയും റോഡുകൾ തടയുകയും ചെയ്തു. പ്രധാന പാതകളിൽ ട്രക്കുകളും ബസ്സുകളും തടഞ്ഞുനിർത്തി കാർട്ടൽ അംഗങ്ങൾ തീയിട്ടു. ഇത് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗതാഗത സംവിധാനങ്ങളെ പൂർണമായും തകർത്തു.
മെക്സിക്കൻ സുരക്ഷാ സേനയും മയക്കുമരുന്ന് സംഘങ്ങളും തമ്മിൽ പലയിടത്തും ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. സായുധരായ തോക്കുധാരികൾ പരസ്യമായി തെരുവുകളിൽ പട്രോളിംഗ് നടത്തുന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. അമേരിക്കയും മെക്സിക്കോയും ഒരുപോലെ തിരയുന്ന കുപ്രസിദ്ധ കുറ്റവാളിയായിരുന്നു എൽ മെഞ്ചോ. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് കോടിക്കണക്കിന് രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്.
സംഘർഷം ബാധിച്ച പ്രദേശങ്ങളിൽ ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. എൽ മെഞ്ചോയുടെ മരണം കാർട്ടലുകൾ തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിന് വഴിമാറുമോ എന്ന ആശങ്കയിലാണ് മെക്സിക്കൻ സർക്കാർ. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ മയക്കുമരുന്ന് മാഫിയാ തലവനായിരുന്നു ഇയാൾ.
Tags : Drug lord 'El Mencho' Mexico