ടെഹ്റാന്: ഇസ്രായേലും അമേരിക്കയും ചേർന്ന് ടെഹ്റാനിൽ നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നു. ഇസ്രായേലിനും മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. 'ഓപ്പറേഷൻ ഖതം അൽ തൂഫാൻ' (കൊടുങ്കാറ്റിനെ അവസാനിപ്പിക്കുക) എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിലൂടെ നൂറുകണക്കിന് മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചിരിക്കുന്നത്.
ശനിയാഴ്ച പുലർച്ചെ ടെഹ്റാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തി. അമേരിക്കൻ സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു ഈ നീക്കം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.
ആക്രമണത്തിന് തൊട്ടുപിന്നാലെ ഇറാൻ പ്രത്യാക്രമണം പ്രഖ്യാപിച്ചു. ഇസ്രായേലിലെ ടെൽ അവീവ്, ജെറുസലേം നഗരങ്ങളിലും അബുദാബി, ബഹ്റൈൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും മിസൈൽ വർഷമുണ്ടായി.
യുഎഇ, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടു. ബഹ്റൈനിലെ അമേരിക്കൻ നാവിക ആസ്ഥാനമായ ഫിഫ്ത്ത് ഫ്ലീറ്റിന് നേരെ ആക്രമണം നടന്നതായാണ് സൂചന. ഖത്തർ തങ്ങളുടെ വ്യോമാതിർത്തിയിൽ രണ്ട് മിസൈലുകൾ വെടിവെച്ചിട്ടു.
സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഇറാൻ, ഇസ്രായേൽ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ വ്യോമപാതകൾ പൂർണ്ണമായും അടച്ചു. കേരളത്തിലേക്കുള്ളതടക്കം നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.
രാജ്യം യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് പ്രഖ്യാപിച്ച ഇസ്രായേൽ പ്രതിരോധ മന്ത്രി രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാൻ നിർദ്ദേശം നൽകി. ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസികൾ നിർദ്ദേശിച്ചു. പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനാണ് നിർദേശം.
Tags : Gulf region Operation Khatam al-Toofan' Iran