മാഡ്രിഡ്: ഹന്താവൈറസ് ബാധ സ്ഥിരീകരിച്ച എം.വി ഹോണ്ടിയസ് എന്ന ആഡംബരക്കപ്പലിലെ യാത്രക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കി. സ്പെയിനിലെ ഗ്രനഡില തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ നിന്ന് യാത്രക്കാരെ അതീവ ജാഗ്രതയോടെയാണ് പുറത്തെത്തിക്കുന്നത്.
കപ്പലിലെ യാത്രക്കാരിലൊരാൾ മരിച്ച് 21 ദിവസത്തിന് ശേഷം മേയ് രണ്ടിനാണ് കപ്പലിൽ ഹന്താവൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതുവരെ മൂന്നുപേർ രോഗബാധയെത്തുടർന്ന് മരണപ്പെട്ടു. നിലവിൽ എട്ടുപേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.
സ്പാനിഷ്, ഫ്രഞ്ച് സ്വദേശികളെയാണ് ആദ്യം കപ്പലിൽ നിന്ന് പുറത്തെത്തിച്ചത്. ഇവരെ സൈനിക ട്രക്കുകളിൽ വിമാനത്താവളത്തിലെത്തിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ യാത്രക്കാരെ കൊണ്ടുപോകാനായി എത്തിയിട്ടുണ്ട്.
കപ്പലിൽ നിന്ന് മാറ്റുന്ന യാത്രക്കാർക്ക് നിലവിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, 42 ദിവസം കർശനമായ ക്വാറന്റൈനിൽ കഴിയണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുണ്ട്. ഇവരെ അതത് രാജ്യങ്ങളിലെത്തിച്ച് വിശദമായ പരിശോധനകൾക്ക് വിധേയരാക്കും.
ആഫ്രിക്കൻ രാജ്യമായ കേപ് വെർഡെയിലായിരുന്ന കപ്പൽ, മികച്ച ചികിത്സയും രക്ഷാപ്രവർത്തനവും ഉറപ്പാക്കാനാണ് സ്പെയിനിലെത്തിച്ചത്. അർജന്റീന, ചിലി തുടങ്ങിയ രാജ്യങ്ങളിലൂടെയുള്ള യാത്രയ്ക്കിടയിലാകാം വൈറസ് ബാധയുണ്ടായതെന്നാണ് നിഗമനം.
കാനഡ, യു.കെ, യു.എസ്, ജർമനി, ഓസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം യാത്രക്കാരും ജീവനക്കാരുമാണ് കപ്പലിലുള്ളത്. തിങ്കളാഴ്ചയോടെ ഒഴിപ്പിക്കൽ പൂർത്തിയാകും.
എലികൾ ഉൾപ്പെടെയുള്ള കരണ്ടുതീനി ജീവികളിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. കടുത്ത പനിയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമാണ് ഇതിന്റെ പ്രധാന ലക്ഷണം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത് അപൂർവമാണെങ്കിലും കപ്പൽ പോലുള്ള അടഞ്ഞ സാഹചര്യങ്ങളിൽ അതീവ ജാഗ്രത ആവശ്യമാണ്.
Tags : Hantavirus Passengers Latest News