വിദ്യാർഥികളും അധ്യാപകരും
അബുജ: നൈജീരിയയിലെ ഓയോ സംസ്ഥാനത്തുനിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോയ 39 വിദ്യാർഥികളെയും അഞ്ച് അധ്യാപകരെയും 56 ദിവസത്തിനുശേഷം സൈനികനീക്കത്തിലൂടെ മോചിപ്പിച്ചു.
ദൗത്യത്തിനിടെ ഏതാനും സൈനികർക്കു ജീവൻ നഷ്ടപ്പെട്ടതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. ഒറിയർ ലോക്കൽ ഗവൺമെന്റ് പരിധിയിൽനിന്ന് ‘അൻസാരു’ എന്ന തീവ്രവാദി ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയ ഇവർ 56 ദിവസത്തോളമാണ് കൊടുംകാട്ടിൽ ഭീകരരുടെ തടവിൽ കഴിഞ്ഞത്. മോചിപ്പിക്കപ്പെട്ടവർക്ക് ആവശ്യമായ വൈദ്യസഹായവും മാനസിക പിന്തുണയും നൽകിവരികയാണ്.
വിദ്യാർഥികളും അധ്യാപകരും സുരക്ഷിതരായി തിരിച്ചെത്തിയതിൽ ഓയോ രൂപത ബിഷപ് ഇമ്മാനുവൽ ബഡേജോയും കുട്ടികളുടെ മാതാപിതാക്കളും ആശ്വാസവും സന്തോഷവും പ്രകടിപ്പിച്ചു. ജീവൻ ബലിനൽകിയ സൈനികരുടെ കുടുംബങ്ങളെ ബിഷപ് അനുശോചനം അറിയിക്കുകയും ചെയ്തു.