ടെൽ അവീവ്: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ ഇറാനെ പിന്തുണച്ച് ഹിസ്ബുള്ള. ഇറാനെതിരായ ആക്രമണങ്ങൾ തുടരുന്നതിനിടെ ഇസ്രയേലിന് നേരെ ഹിസ്ബുള്ള മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ.
ലബനനിൽ നിന്ന് മിസൈൽ ആക്രമണമുണ്ടായെന്ന് ഇസ്രയേൽ സേന സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ഹിസ്ബുള്ള ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് നിരവധി മിസൈലുകൾ തൊടുത്തുവെന്നാണ് ഐഡിഎഫിന്റെ ആരോപണം.
ഹിസ്ബുള്ള ഒപ്പം ചേർന്നതായി ഇറാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തു. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടതിലുള്ള പ്രതികാരമാണിതെന്നാണ് വിശദീകരണം.
മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് നടത്തിയ മിസൈൽ ആക്രമണങ്ങൾ വ്യോമസേന തടഞ്ഞതായി ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.
ലെബനനിലെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളിൽ ആക്രമണം ആരംഭിച്ചതായും ഐഡിഎഫ് വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ ഹിസ്ബുള്ള ഇടപെട്ടാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ നേരത്തെ അറിയിച്ചിരുന്നു.
Tags : Missile attack Hezbollah iran israel