ടെൽ അവീവ്: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ത്യൻ ജനതയോട് ഏറെ ബഹുമാനമുണ്ടെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേലിൽ ഇറാന്റെ മിസൈൽ ആക്രമണമുണ്ടായ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തെ കുറിച്ച് നെതന്യാഹു മാധ്യമങ്ങളെ അറിയിച്ചത്. മോദിയെ അടുത്ത സുഹൃത്തെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
ഇസ്രയേലിനും ജൂത ജനതയ്ക്കും ഒപ്പം നിൽക്കുന്നതിന് അദ്ദേഹം മോദിയോട് നന്ദി അറിയിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയുമായി ദീർഘനേരം സംസാരിച്ചതായും മറ്റു പ്രാദേശിക നേതാക്കളുമായി ചർച്ചകൾ തുടരുകയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ ബന്ധപ്പെട്ടതായും, സംഘർഷത്തിൽ ആശങ്ക അറിയിച്ചതായും നേരത്തെ നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. സംഘർഷ സാഹചര്യത്തിൽ സാധാരണക്കാരുടെ ജീവന് മുൻഗണന നൽകണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.
Tags : benjamin netanyahu narendra modi israel iran