വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ അപ്പസ്തോലിക് കൊട്ടാരത്തിലെ ഔദ്യോഗിക പേപ്പൽ അപ്പാർട്ട്മെന്റിലേക്കു താമസം മാറി. സഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടശേഷം പത്തു മാസത്തോളം അദ്ദേഹം നേരത്തേ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽനിന്നു കഴിഞ്ഞ ശനിയാഴ്ചയാണു തന്റെ മുൻഗാമികൾ താമസിച്ചിരുന്ന പരമ്പരാഗത വസതിയിലേക്കു മാർപാപ്പ താമസം മാറിയത്.
ഞായറാഴ്ചതോറുമുള്ള ത്രികാല പ്രാർഥനയ്ക്കായി മാർപാപ്പ ജനാലയിലൂടെ നേതൃത്വംകൊടുക്കുന്ന സ്വകാര്യ പഠനമുറി, ഡൈനിംഗ് റൂം, വിശുദ്ധ കുർബാന അർപ്പിക്കുന്നതിനുള്ള സ്വകാര്യ ചാപ്പൽ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ ഈ അപ്പാർട്ട്മെന്റിലുണ്ട്.
മാർപാപ്പയോടൊപ്പം അദ്ദേഹത്തിന്റെ സെക്രട്ടറിമാരായ മോൺ. എഡ്ഗാർഡ് ഇവാൻ റിമായികുന ഇംഗ, ഫാ. മാർക്കോ ബില്ലേരി എന്നിവരും ഈ ഔദ്യോഗിക അപ്പാർട്ട്മെന്റിൽ താമസിക്കും.
2013ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനമൊഴിഞ്ഞശേഷം ദീർഘകാലം ആൾത്താമസമില്ലാതെ കിടന്നിരുന്ന ഈ വസതി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുശേഷമാണ് ഇപ്പോൾ ലെയോ പതിനാലാമനായി സജ്ജമാക്കിയത്.
മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പ തന്റെ ഭരണകാലയളവിൽ പരന്പരാഗത വസതിക്കു പകരം കാസ സാന്താ മാർത്തയിലെ അപ്പാർട്ട്മെന്റിൽ താമസിക്കാനായിരുന്നു താത്പര്യപ്പെട്ടിരുന്നത്. എന്നാൽ, ലെയോ പതിനാലാമൻ ഈ പതിവ് തിരുത്തുകയും അപ്പസ്തോലിക് കൊട്ടാരത്തിനൊപ്പം കസ്തേൽ ഗൊണ്ടോൾഫോയിലെ വേനൽക്കാല വസതിയിൽ താമസിക്കുന്ന പാരമ്പര്യം പുനരാരംഭിക്കുകയും ചെയ്തു.
Tags : Pope Leo XIV moves into residence