വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക ജയിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് സൈനിക നടപടി ടെഹ്റന്റെ സൈനിക ശക്തി നശിപ്പിച്ചുവെന്നും ഇറാൻ തകർന്നടിഞ്ഞുവെന്നും ട്രംപ് പറഞ്ഞു.
ഓപ്പറേഷന് എപ്പിക് ഫ്യുറിയെന്ന പേരില്‍ ലോകത്തെ ഏറ്റവും വലിയ തീവ്രവാദരാഷ്ട്രത്തിനെതിരെ അമേരിക്കന്‍ സൈന്യം നടപടി തുടങ്ങിയിട്ട് ഒരു മാസം പിന്നിടുകയാണ്. ഇക്കാലയളവിനുള്ളില്‍ തന്നെ വലിയ വിജയം യുഎസ് സൈന്യത്തിന് നേടാന്‍ കഴിഞ്ഞുന്നെും ട്രംപ് അവകാശപ്പെട്ടു.
പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങൾ പൂർത്തിയാകുന്നതോടെ ജോലി പൂർത്തിയാകും. ലോകത്തെ കരുത്തുറ്റ സൈന്യം അമേരിക്കയാണെന്ന് തെളിഞ്ഞു. ഇറാന്റെ നേതൃനിര ഒന്നടങ്കം ഇല്ലാതായി. ഭരണകൂട മാറ്റം ലക്ഷ്യമിട്ടിട്ടില്ല, പക്ഷെ അത് സംഭവിക്കും. ആണവ കേന്ദ്രങ്ങൾ തകർത്തു. ഏത് നീക്കവും അമേരിക്ക അറിയും, തകർക്കും.
‘ഈ യുദ്ധത്തിൽ അമേരിക്ക ജയിച്ചിരിക്കുന്നു. ഞാൻ എപ്പോഴും നയതന്ത്രത്തിന്റെ പാത തിരഞ്ഞെടുക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇറാൻ എല്ലാ കരാർ ശ്രമങ്ങളെയും നിരസിച്ചുകൊണ്ട് തങ്ങളുടെ ആണവ പദ്ധതികളുമായി മുന്നോട്ട് പോവുകയായിരുന്നു. ഒബാമയുടെ ആണവകരാർ നിലവിൽ ഉണ്ടായിരുന്നെങ്കിൽ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയായേനെ.
ഹോർമുസ് കടലിടുക്ക് വഴി എണ്ണ ഇറക്കുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങൾ ആ പാതയുടെ സംരക്ഷണം ഏറ്റെടുക്കണം. യുഎസിന് അതിന്റെ ആവശ്യമില്ല. ഇറാൻ ഹോർമുസ് അടച്ച സാഹചര്യത്തിൽ, ഇന്ധനത്തിനായി ഈ പാതയെ ആശ്രയിക്കുന്ന രാജ്യങ്ങൾ അത് സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെനസ്വേല ഉള്ളതിനാൽ നമുക്ക് ഇനി പശ്ചിമേഷ്യയിൽനിന്ന് നിന്ന് എണ്ണ വേണ്ട. ഫെബ്രുവരി 28 നാണ് യുദ്ധം തുടങ്ങിയത്. 32,000 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. ഇപ്പോൾ ആ സംഖ്യ 45,000 ആയി. മറ്റു പ്രസിഡന്റുമാർ ചെയ്ത തെറ്റ് താൻ തിരുത്തിക്കൊണ്ട് ഇരിക്കുകയാണ്. ഞങ്ങൾ ഈ ജോലി പൂർത്തിയാക്കാൻ പോവുകയാണ്. അത് വളരെ വേഗത്തിൽ തന്നെ പൂർത്തിയാക്കുമെന്നും ട്രംപ് പറഞ്ഞു.
പശ്ചിമേഷ്യയിലെ സഖ്യകക്ഷികളായ ഇസ്രയേൽ, സൗദി അറേബ്യ, ഖത്തർ, യുഎഇ, കുവൈറ്റ്, ബഹ്റൈൻ എന്നീ രാജ്യങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. അവർ മികച്ച രീതിയിൽ കൂടെയുണ്ട്. ഒരു തരത്തിലും, ഒരു രൂപത്തിലും അവർക്ക് പരിക്കേൽക്കാനോ അവർ പരാജയപ്പെടാനോ ഞങ്ങൾ അനുവദിക്കില്ലെന്നും ഡോണൾഡ് ട്രംപ് കൂട്ടിച്ചേർത്തു.