കാരക്കസ്: രാഷ്ട്രത്തലവന്മാരെ റാഞ്ചുന്നത് ഇനിയും ആവർത്തിക്കാനിടയുണ്ടെന്നും ആഗോള രാഷ്ട്രീയ സ്ഥിരതയ്ക്ക് യുഎസ് ഭീഷണിയാണെന്നും ഒരു രാജ്യവും സുരക്ഷിതമല്ലെന്നും മഡുറോയുടെ മകനും പാർലമെന്റ് അംഗവുമായ നിക്കോളാസ് മഡുറോ ഗറാ പറഞ്ഞു. വെനസ്വേലയുടെ ദേശീയ അസംബ്ലിയിൽ പ്രസംഗിക്കുകയായിരുന്നു നിക്കോളാസ് മഡുറോ ഗറാ.
വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും റാഞ്ചിയ യുഎസ് നടപടി അപകടകരമായ കീഴ്വഴക്കം ഉണ്ടാക്കിയെന്ന് നിക്കോളാസ് പറഞ്ഞു.
അങ്ങ് തിരികെവരും വരെ ഓരോരുത്തരും അവരവരുടെ കർത്തവ്യങ്ങൾ നിർവഹിക്കും. മാതൃരാജ്യത്തിനായി എന്തു ചെയ്യേണ്ടി വന്നാലും അതിനായി ഉറച്ചുനിൽക്കുമെന്നും ഞങ്ങൾ അങ്ങയെ വളരെയധികം സ്നേഹിക്കുന്നുവെന്നും വികാരാധീനനായി നിക്കോളാസ് മഡുറോ ഗറാ പറഞ്ഞു.
വെനസ്വേലയിലെ പുതിയ ഭരണനേതൃത്വത്തോട് മഡുറോ ഗറാ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനും പിന്തുണ പ്രഖ്യാപിച്ചു.
Tags : US is a threat global political stability no country is safe Nicolas Maduro Guerra