വാഷിംഗ്ടൺ ഡിസി: ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് വ്യത്യസ്ത പരാമർശങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം ഏകദേശം പൂർത്തിയായെന്ന് അഭിമുഖത്തിൽ പറഞ്ഞ ട്രംപ്, പിന്നീട് യുദ്ധം തുടരുമെന്ന് പറയുകയായിരുന്നു.
സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ ആദ്യത്തെ അവകാശവാദം. ഏകദേശം നാലോ അഞ്ചോ ആഴ്ചകൾ യുദ്ധം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിച്ചത്, എന്നാൽ യുഎസ് വളരെയേറെ മുന്നിലാണെന്നും ഇത് വേഗത്തിൽ തന്നെ അവസാനിച്ചെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഇറാന് നാവിക സേനയില്ല, ആശയവിനിമയ സംവിധാനങ്ങളില്ല, വ്യോമസേനയുമില്ല. അവരുടെ മിസൈലുകൾ ചിതറിപ്പോയി, നിങ്ങൾ തന്നെ നോക്കിയാൽ മനസിലാകും, നിർമാണത്തിൽ ഉൾപ്പെടെ അവരുടെ ഡ്രോണുകൾ എല്ലായിടത്തും നശിപ്പിക്കപ്പെടുകയാണ്. സൈനികപരമായി അവർക്ക് ഇനി ഒന്നും തന്നെ അവശേഷിക്കുന്നില്ല.-ട്രംപ് പറഞ്ഞു.
ഹോർമൂസ് കടലിടുക്ക് അമേരിക്ക ഏറ്റെടുക്കുന്നത് പരിഗണനയിൽ ആണ്. എണ്ണ വില കുറയ്ക്കാൻ ചില രാജ്യങ്ങൾക്ക് മേലുള്ള ഉപരോധം നീക്കുന്നത് ആലോചനയിലാണെന്നും ട്രംപ് പറഞ്ഞു.
തുടർന്ന് ഏതാനും മണിക്കൂറുകൾക്കകം, റിപ്പബ്ലിക്കൻ പാർട്ടിയിലെ യോഗത്തിൽ ശത്രുവിനെ പൂർണമായും പരാജയപ്പെടുത്തുന്നത് വരെ യുദ്ധം തുടരുമെന്നും അതുവരെ അമേരിക്ക പിന്മാറില്ലെന്നുമാണ് ട്രംപ് പറഞ്ഞത്.
ഈ ആഴ്ച യുദ്ധം അവസാനിപ്പിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമനേയിയെ തിരഞ്ഞെടുത്തത് നിരാശാജനകമായ ഒരു തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : us president donald trump contradictory statements iran