ടെഹ്റാൻ: അമേരിക്കൻ സൈനികർ ഇറാന്റെ മണ്ണിൽ കാലുകുത്തുന്പോൾ വെടിയുതിർക്കാനായി ഇറേനിയൻ സൈനികർ കാത്തിരിക്കുകയാണെന്ന് ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബാഫ്.
പശ്ചിമേഷ്യയിൽ കൂടുതൽ അമേരിക്കൻ സൈനികർ എത്തിച്ചേരുകയും, ആഴ്ചകൾ നീണ്ട കരയുദ്ധത്തിനു പെന്റഗൺ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ വരുകയും ചെയ്യുന്നതിനിടെയാണ് ഗാലിബാഫ് ഇതു പറഞ്ഞത്.
ചർച്ചയെക്കുറിച്ച് പരസ്യപ്രസ്താവന നടത്തുന്ന ശത്രു രഹസ്യമായി കരയാക്രമണത്തിനു പദ്ധതിയിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇറാന്റെ ദൃഢനിശ്ചയവും വിശ്വാസവും വർധിച്ചിരിക്കുകയാണെന്നും മിസൈലുകൾ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാവികരും മറീനുകളും അടക്കം 3500 സൈനികരാണ് വെള്ളിയാഴ്ച പശ്ചിമേഷ്യയിൽ എത്തിച്ചേർന്നത്. ഇതു കൂടാതെ ആയിരക്കണക്കിനു സൈനികർ പശ്ചിമേഷ്യയിലേക്കുള്ള യാത്രയിലാണ്.
ഇതിനിടെ, യുദ്ധം അവസാനിപ്പിക്കുന്നതിനു രൂപരേഖ തയാറാക്കാൻ ലക്ഷ്യമിട്ടുള്ള യോഗം ഇന്നലെ പാക്കിസ്ഥാനിൽ ആരംഭിച്ചു. പാക്കിസ്ഥാൻ, സൗദി, തുർക്കി, ഈജിപ്ത് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരാണു പങ്കെടുക്കുന്നത്.
യുഎസും ഇസ്രയേലും ഇറേനിയൻ യൂണിവേഴ്സിറ്റികളിൽ ബോംബിട്ടതിനു മറുപടിയായി പശ്ചിമേഷ്യയിലെ ഈ രാജ്യങ്ങളുടെ യൂണിവേഴ്സിറ്റികൾ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കി.
ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിൽ ഇന്നലെ രാവിലെ ഉഗ്രസ്ഫോടനങ്ങളുണ്ടായി. സൗദി, യുഎഇ രാജ്യങ്ങളിലേക്ക് ഇറാൻ തൊടുത്ത മിസൈലുകളും ഡ്രോണുകളും നിർവീര്യമാക്കപ്പെട്ടു.
ഗൾഫ് വ്യവസായങ്ങൾ ലക്ഷ്യമിട്ട് ഇറാൻ
ബഹ്റിൻ, യുഎഇയിലെ അബുദാബി എന്നിവിടങ്ങളിലെ അലുമിനിയം ഉത്പാദന കേന്ദ്രങ്ങളിൽ ശനിയാഴ്ച ഇറേനിയൻ ആക്രമണമുണ്ടായി. എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം കന്പനിയുടെ പ്ലാന്റിലുണ്ടായ ആക്രമണത്തിൽ നിരവധിപ്പേർക്കു പരിക്കേറ്റതായി യുഎഇ അറിയിച്ചു.
ബഹ്റിനിലെ അലുമിനിയം ബഹ്റിൻ എന്ന സ്ഥാപനത്തിലുണ്ടായ ആക്രമണത്തിൽ രണ്ടു പേർക്കും പരിക്കേറ്റു. അലുമിനിയം ഉരുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണിത്.
ഇറാനിലെ രണ്ട് ഉരുക്കു നിർമാണ കേന്ദ്രങ്ങളിലുണ്ടായ ആക്രമണത്തിന ു മറുപടിയായാണിതെന്ന് വിപ്ലവഗാർഡ് അറിയിച്ചു. യുഎഇയിലെയും ബഹ്റിനിലെയും പ്ലാന്റുകൾക്ക് അമേരിക്കൻ സൈന്യവുമായി ബന്ധമുണ്ടെന്നും വിപ്ലവഗാർഡ് പറഞ്ഞു.തെക്കൻ ഒമാനിലെ സലാല തുറമുഖത്തും ആക്രമണമുണ്ടായി. ഇതിന്റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല.
കുവൈറ്റ് ഇന്റർനാഷണൽ വിമാനത്താവളത്തിലെ റഡാർ സംവിധാനങ്ങൾക്ക് ഡ്രോൺ ആക്രമണത്തിൽ വലിയ തകരാർ സംഭവിച്ചതായി അവിടുത്തെ സർക്കാർ അറിയിച്ചു. 15 ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
ഇറാനിലും ലബനനിലും മരണസംഖ്യ ഉയരുന്നു
വാഷിംഗ്ടൺ ഡിസി: ഒരു മാസം പിന്നിട്ട യുദ്ധത്തിൽ ഇറാനിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 2,076 പേർ മരിച്ചതായി ഇറേനിയൻ ആരോഗ്യമന്ത്രാലയം അറിയിച്ചുവെന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നു. ഇതിൽ 216 കുട്ടികൾ ഉൾപ്പെടുന്നു. 26,500 പേർക്കു പരിക്കേറ്റു.
അതേസമയം, ഇറേനിയൻ കാര്യങ്ങൾ നിരീക്ഷിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിറ്റീസ് ഇൻ ഇറാൻ എന്ന അമേരിക്കൻ സംഘടന നല്കുന്ന കണക്കുപ്രകാരം 3,461 പേരാണു മരിച്ചത്. ഇവരിൽ 1,208 പേർ സൈനികരാണ്. യുഎസ്, ഇസ്രേലി ഇന്റലിജൻസ് സംഘടനകളുടെ അനുമാനപ്രകാരം 6,000 ഇറേനിയൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇറാനെ പിന്തുണയ്ക്കുന്ന ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് ഇസ്രേലി സേന ലബനനിൽ നടത്തുന്ന ആക്രമണങ്ങളിൽ 1,189 പേർ കൊല്ലപ്പെട്ടു. ഇവരിൽ 124 പേർ കുട്ടികളാണ്. 400നു മുകളിൽ ഹിസ്ബുള്ള ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്.
Tags : Waiting for US troops