ജയ്പുർ: രാജസ്ഥാനിൽ കാമുകിയുടെ ഭർത്താവിനെയും മക്കളെയും ബന്ധുവിനെയും കൊലപ്പെടുത്തിയ യുവാവും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടയാളെ കൊലപ്പെടുത്തിയ യുവതിയും വിവാഹിതരാകുന്നു.
കൊടും കുറ്റവാളികളായ പ്രിയ സേത്ത്-ഹനുമാൻ പ്രസാദ് എന്നിവരാണ് വധു വരൻന്മാർ. വിവാഹത്തിനായി ഹൈക്കോടതിയിൽ നിന്ന് ഇരുവർക്കും 15 ദിവസത്തെ പരോൾ അനുവദിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശർമ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് സങ്കനേർ ജയിലിൽ കഴിയുന്ന പ്രിയ, ആറ് മാസം മുന്പാണ് അതെ ജയിലിൽ വച്ച് ഹനുമാനെ പരിചയപ്പെടുന്നതും പ്രണയത്തിലായതും.
പോലീസിനെ ഭയന്ന് കൊല നടത്തിയ പ്രിയ സേത്ത്
ഡേറ്റിംഗ് ആപ്ലിക്കേഷനിലുടെയാണ് പ്രിയ, ദുഷ്യന്ത് ശർമയെ പരിചയപ്പെടുന്നത്. പരിചയപ്പെടാനെന്ന വ്യാജേന ബജാജ് നഗറിലെ ഒരു ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ദുഷ്യന്തിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു പ്രിയയുടെ ലക്ഷ്യം. കാമുകന്റെയും മറ്റൊരാളുടെയും സഹായം പ്രിയക്ക് ലഭിച്ചിരുന്നു.
ഫ്ലാറ്റിലെത്തിയ ദുഷ്യന്തിനെ ഇവർ തടവിലാക്കി. തുടർന്ന് ദുഷ്യന്തിന്റെ പിതാവിനെ വിളിച്ച് മോചനദ്രവ്യമായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. അദ്ദേഹം മൂന്ന് ലക്ഷം രൂപയാണ് കൈമാറിയത്.
തുടർന്ന് ദുഷ്യന്ത് പുറത്തിറങ്ങിയാൽ തങ്ങളെ പോലീസ് പിടികൂടുമെന്ന് ഭയപ്പെട്ട മൂവരും ചേർന്ന് ഇയാളെ കൊന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാൻ മുഖത്ത് നിരവധി തവണ കുത്തികയും ഒരു സ്യൂട്ട്കേസിനുള്ളിൽ വച്ച് ആമേർ എന്ന കുന്നിൻ മുകളിൽ ഉപേക്ഷിക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ പോലീസ് മൃതദേഹം കണ്ടെത്തി പ്രിയയെയും സുഹൃത്തുകളെയും അറസ്റ്റ് ചെയ്തു.
കാമുകിക്ക് വേണ്ടി അഞ്ച് കൊല ചെയ്ത ഹനുമാൻ പ്രസാദ്
2017 ഒക്ടോബർ രണ്ടിനായിരുന്നു ഹനുമാൻ പ്രസാദ്, കാമുകിയുടെ ഭർത്താവിനെയും മൂന്ന് മക്കളെയും ബന്ധുവിനെയും കൊലപ്പെടുത്തിയത്. ഭർത്താവിനെ കൊല്ലാൻ യുവതി ഹനുമാനെ വിളിച്ചുവരുത്തുകയായിരുന്നു.
മൃഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ ഭർത്താവിനെ ഹനുമാൻ കൊലപ്പെടുത്തി. പിടിക്കപ്പെടാതിരിക്കാൻ കൊലപാതകം കണ്ടു നിന്ന മക്കളെയും ബന്ധുവിനെയും കൂടി കൊന്നു. ഏറെ ഞെട്ടലുണ്ടാക്കിയ സംഭവവമായിരുന്നു ഇത്.
Tags : Murder Convicts Love Jail marriage