പാറേൽ പള്ളി
പാറേൽ പള്ളി കൂദാശയോടനുബന്ധിച്ച് ജനപ്രിയ സാഹിത്യകാരൻ മുട്ടത്തു വർക്കി 1974 ഡിസംബർ അഞ്ചിന് ദീപികയിൽ എഴുതിയത്
പാറേൽ പള്ളിയിലെ പെരുന്നാളിന്റെ നാളുകൾ അടുക്കുമ്പോൾ ഹൃദയം ആനന്ദംകൊണ്ട് തുടിക്കുകയായി. പെരുന്നാളിന്റെ കതിനാവെടികൾ അകലെനിന്ന് മുഴങ്ങി കേൾക്കുമ്പോൾ രോമാഞ്ചമണിയും പള്ളിമണിയൊച്ചകൾ കവിതയാണ്.
കൊച്ചുനാളിലത്തെക്കൂട്ടൂ ഇന്നും.
എന്തൊരാഹ്ലാദമാണ്, എന്തൊരുത്സവം!
അനുഗ്രഹപ്രദായിനിയായ ദൈവമാതാവിന്റെ പവിത്രനാമധേയത്തിൽ പ്രതിഷ്ഠിതമായിരിക്കുന്ന ആ പുണ്യതീർഥാലയം. ആണ്ടുതോറും മഞ്ഞും വെയിലുമുള്ള വൃശ്ചികമാസം ഇരുപത്തിമൂന്നാം തീയതി ദേശദേശാന്തരങ്ങളിൽനിന്നും നാനാജാതിമതസ്ഥരായ ലക്ഷോപലക്ഷങ്ങളെ ആർഷിച്ചുകൊണ്ട് പ്രോജ്വലം വിരാജിക്കുന്നു.
ഇന്നലത്തെ ആ കൊച്ചുകുരിശുപള്ളി ഇന്ന് ബൃഹത്തും അത്യാധുനികവും ശില്പകലാസുന്ദരവും ആയ ഒരു മനോഹരദേവാലയമായി രൂപാന്തരം പ്രാപിച്ചതിൽ ഒരുവേള മറ്റാരെയുംകാൾ സന്തോഷിക്കുന്നത് ഞാനായിരിക്കും.
എന്തുകൊണ്ടെന്നാൽ, ദൈവമാതാവിനെ കൈതൊഴുതുംകൊണ്ടാണ് ഞാൻ സാഹിത്യത്തിന്റെ പൊന്നു തൃ ക്കോവിലിലേക്കു പിച്ചക്കാൽ വച്ചത്. ദൈവമാതാവിനെ പ്രകീർത്തിക്കുന്നതായ 153 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതും എം.പി. പോളിന്റെ അവതാരിക പരിവേഷം അണിയിക്കുന്നതുമായ "ആത്മാഞ്ജലി" എന്ന കാവ്യഗ്രന്ഥമാണ് എന്റെ ആദ്യത്തെ പാദകാണീയ്ക്ക.
എന്റെ ഒന്നിൽപ്പരം നോവലുകളിൽ പാറേൽപ്പെരുന്നാൾ ഞാൻ സമഗ്രമായി വർണിച്ചിട്ടുണ്ട്. എന്റെ രണ്ടു മൂന്നു നോവലുകളുടെ വെള്ളിത്തിരകളിൽ പാറേൽപ്പള്ളി പകർത്തപ്പെട്ടിട്ടുണ്ട്, എന്റെ മിക്കവാറും നോവലുകളിൽ പാറേമാതാവിനെ ഞാൻ ഓർമിക്കാറുമുണ്ട്.
ഈശ്വരാസ്തിത്വ നിഷേധാത്മകങ്ങളായ എത്രയെത്രയോ കൊടുങ്കാറ്റുകൾ വീശുന്നു, ഭൗതികപ്രത്യയശാസ്ത്രങ്ങളുടെ വളഞ്ഞുപുളഞ്ഞുകിടക്കുന്ന പാതകളിലും ഊടുപാതകളിലുംകൂടി എത്രപ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചിരിക്കുന്നു. എന്നിട്ടും ദൈവമാതാവിനോടുള്ള ഭക്തിയും വിശ്വാസവും എന്റെ ഉള്ളിൽ അഭംഗുരമായി അനശ്വരമായി നിലകൊള്ളുന്നു.
കൊച്ചുന്നാളിലത്തെക്കൂട്ടൂ ഇന്നും.
"എന്റെ അമ്മേ എന്റെ ആശ്രയമേ" എന്ന ദിവ്യമന്ത്രം ഒരുദിവസം ഒരിക്കലെങ്കിലും നാവിൽ ഉദിക്കാതിരുന്നിട്ടുണ്ടോ?
ഒരു കോളജ് വിദ്യാർഥിയായിരുന്ന കാലത്ത് ഞാനെഴുതിയ "ആത്മാഞ്ജലി" എന്ന കാവ്യത്തിൽനിന്നു തന്നെ ഒരു ശ്ലോകം ഉദ്ധരിച്ചോട്ടെ:
"എന്നാത്മാവൊരു കോവിലാണതിലെഴും ശ്രീദേവിയാണംബിക
എന്നാത്മാവൊരു മാനമാണതിലെഴും പുണേന്ദുവാണംബിക,
എന്നാത്മാവൊരു പൊയ്കയാണതിലെഴും ഫുല്ലാബ്ജമാണംബിക
എന്നാത്മാവൊരു വീണയാണതിലെഴും സംഗീതമാണംബിക."
Tags : Muttathu Varkey Paremathavu Parelpally Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash