അരിയിൽ ഷുക്കൂര്‍
കണ്ണൂർ: അരിയിൽ ഷുക്കൂര്‍ വധക്കേസിൽ18 പേരെ വെറുതെവിട്ട എറണാകുളം സിബിഐ കോടതി വിധിക്കെതിരേ നിയമപോരാട്ടം തുടരുമെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി.
എല്ലാ പ്രതികൾക്കും ശിക്ഷ ലഭിക്കേണ്ടതായിരുന്നു.18 പേരെ വെറുതെ വിട്ടതിൽ ലീഗിനും ഷുക്കൂറിന്റെ കുടുംബത്തിനും പ്രോസിക്യൂഷനും തൃപ്തിയില്ലെന്ന് പാർട്ടി
ഓഫിസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വിധിപകർപ്പ് ലഭിച്ച ശേഷം അപ്പീൽ പോകും. സിബിഐയും അപ്പീൽ പോകുമെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. സർക്കാർ തലത്തിലും ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
കേസ് തേച്ചുമായ്ച്ചു കളയാന്‍ നിരന്തരം ഗൂഢാലോചന നടന്നു. അപ്പോഴൊക്കെ ലീഗ് കാണിച്ച ജാഗ്രതയാണ് 13 പേരെങ്കിലും ശിക്ഷിക്കപ്പെടാൻ കാരണം.
പ്രതികളായ സിപിഎം നേതാക്കളെ രക്ഷിക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന അഡ്വ. ടി.പി. ഹരീന്ദ്രൻ ഉൾപ്പടെയുള്ളവരുടെ ആരോപണം അസംബന്ധമാണ്. ഇത്തരം ആരോപണം ഉന്നയിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കും. പ്രതികളെ രക്ഷിക്കുന്നതിന് സിപിഎമ്മിന്റെ നേതൃത്വത്തിൽ വലിയ ഗൂഢാലോചന നടന്നുവെന്നും ലീഗ് നേതാക്കൾ ആരോപിച്ചു.
രണ്ടാം പ്രതിയെ വെറുതെ വിട്ടതിൽ അപ്പീൽ പോകും
കണ്ണൂർ: വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും ഷുക്കൂർ വധക്കേസിലെ രണ്ടാം പ്രതി പി. ഗണേശനെ വെറുതെ വിട്ടത് അദ്ഭുതപ്പെടുത്തിയെന്ന് കക്ഷിക്കുവേണ്ടി ഹാജരായ അഡ്വ. എ. പദ്മനാഭൻ. ഷുക്കൂറിനെ കുത്തിയതും ഒന്നാം സാക്ഷിയെ ആക്രമിച്ചതും രണ്ടാം പ്രതിയാണെന്ന് കോടതിയിൽ സാക്ഷിമൊഴിയുണ്ട്. എന്നിട്ടും രണ്ടും പ്രതി എങ്ങനെ ശിക്ഷിക്കപ്പെടാതെപോയി എന്നതിൽ ആശങ്കയുണ്ട്.
സാക്ഷികളെ പരമാവധി കോടതിയിൽ എത്തിക്കാനുള്ള ശ്രമം പ്രോസിക്യൂഷൻ നടത്തിയിട്ടുണ്ടെന്നും ജീവനിലുള്ള ഭയം കാരണം ചിലർ ഹാജരാകാതെ പോയിട്ടുണ്ടെന്നും പദ്മനാഭൻ പറഞ്ഞു.
Tags : Muslim League Legal Battle Acquittal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash CBI Court