കായംകുളം: ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കൊല്ലം ഇരവിപുരം വാളത്തുംഗൽ സ്വദേശി മെന്റൽ അപ്പു എന്ന അൽത്താഫ് (27), ഇരവിപുരം വടക്കേവിള സ്വദേശി തൗഫീഖ് (22) എന്നിവരാണ് പിടിയിലായത്.
കായംകുളം പോലീസ് ഇരവിപുരത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. മാർച്ച് അഞ്ചിന് രാവിലെ 6.15ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കരീലക്കുളങ്ങര സ്പിന്നിംഗ് മില്ലിലെ ജീവനക്കാരിയും കൃഷ്ണപുരം കാപ്പിൽ സ്വദേശിനിയുമായ യുവതിയ്ക്ക് നേരെയായിരുന്നു ആക്രമണം.
നമ്പർ പ്ലേറ്റില്ലാത്ത ടു വീലറിൽ യുവതിയെ പിന്തുടർന്ന പ്രതികൾ കായംകുളം സെന്റ് മേരീസ് സ്കൂളിന് മുൻവശം വച്ച് യുവതിയെ തലയ്ക്കും കഴുത്തിനും ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മാലയുടെ കൊളുത്ത് പൊട്ടി യുവതിയുടെ വസ്ത്രത്തിനുള്ളിലേക്ക് വീണിരുന്നു.
ആക്രമണത്തെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് യുവതി വീണതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നാല് ദിവസം കൊണ്ട് 250ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഹെൽമെറ്റ് ധരിച്ചെത്തിയ പ്രതികളെ തിരിച്ചറിഞ്ഞത്.
Tags : kerala police crime news kayamkulam alappuzha