കോഴിക്കോട്: താമരശേരി പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയിൽ ഓട്ടോ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ.
താമരശേരി സ്വദേശി മുരളീധരൻ (56) ആണ് മരിച്ചത്. ഓട്ടോ സമീപത്തു നിർത്തിയിട്ടിട്ടുണ്ട്. മുരളീധരന്റെ ഓട്ടോയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു.
തിങ്കളാഴ്ച ബജാജ് ഫൈനാൻസിൽനിന്നും ജീവനക്കാർ ഓട്ടോ സ്റ്റാൻഡിൽ എത്തിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. പണം ഉടൻ അടയ്ക്കാമെന്നു പറഞ്ഞെങ്കിലും ജീവനക്കാർ ഭീഷണി മുഴക്കിയാണ് മടങ്ങിയതെന്നും ആരോപണമുണ്ട്.
പഞ്ചായത്ത് ഓഫീസിന് തൊട്ടുമുൻപിലാണ് ഓട്ടോ സ്റ്റാൻഡ്. ഭീഷണിയിൽ മനംനൊന്താണ് മരണം എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ആരോപണം പരിശോധിക്കുമെന്നു പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Tags : Auto driver hanging stairs panchayat office