മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പരസ്പരം സഹായിക്കുന്നതിന്റെ ഭാഗമായാണ് പി.കെ. ശ്യാമളയുടെയും മുഹമ്മദ് റിയാസിന്റെയും സ്ഥാനാർഥിത്വമെന്ന് തളിപ്പറന്പ് മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയും സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടേറിയറ്റംഗവുമായ ടി.കെ. ഗോവിന്ദൻ. പി.കെ. ശ്യാമളയുടെ വാഴ്ത്തുപാട്ടുകാരായി ജയരാജനും മുഖ്യമന്ത്രിയും മാറിയെന്നും എം.വി. ഗോവിന്ദന്റെ വീട് കേന്ദ്രീകരിച്ച് ഉപജാപകസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ടി.കെ. ഗോവിന്ദൻ ദീപികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
പാർട്ടി കോട്ടകളിലെ പ്രതികരണം എങ്ങനെ?
മലപ്പട്ടം, മയ്യിൽ, ആന്തൂർ പ്രദേശത്തെ സിപിഎം പ്രവർത്തകർക്ക് ഞാൻ ഉയർത്തിയ ആശയത്തോട് യോജിപ്പുണ്ട്. അതിനെ ആരും എതിർക്കുന്നില്ല. ഞാൻ എന്തുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇടയായതെന്ന ആശയം പാർട്ടിഗ്രാമങ്ങളിലെ പ്രവർത്തകർ സ്വീകരിക്കുന്നുണ്ട്. സിപിഎം നേതാക്കളുടെ ഗർവ്, അഹങ്കാരം, ധിക്കാരം ഇതിനൊക്കെ എതിരായിട്ടുള്ള ഒരു വികാരം പാർട്ടി അണികളിലുണ്ട്. നേതാക്കൾക്കെതിരേയുള്ള പ്രതിഷേധത്തിനു പരസ്യമായി പാർട്ടി ഗ്രാമങ്ങളിലുള്ളവർ രംഗത്തുവന്നില്ലെങ്കിലും അവരുടെ മനസിൽ പ്രതിഷേധമുണ്ട്. ഇവരുടെ പിന്തുണ തീർച്ചയായും എനിക്കുണ്ടാകും.
ടി.കെ. ഗോവിന്ദനും ഭാര്യ കെ.പി. രമണിയും പാർട്ടി ഓഫീസുകളിൽനിന്നു നിരവധി തവണ ഭക്ഷണം കഴിച്ച കാര്യം സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും സെക്രട്ടേറിയറ്റംഗം എം.വി. ജയരാജനും ആരോപിച്ചിരുന്നു?
വിവരക്കേട് പറയുന്നവരോട് എനിക്ക് മറുപടിയില്ല. വിവരം ഉള്ളവർ ആരെങ്കിലും ഭക്ഷണം കഴിച്ചതിന്റെ കണക്കു ചോദിക്കാറുണ്ടോ? തരംതാഴ്ന്ന വർത്തമാനമാണ് ജയരാജൻ പറയുന്നത്. സിപിഎം എന്ന പാർട്ടിക്കുവേണ്ടിയാണു ഞാൻ എന്റെ സർവ സുഖങ്ങളും ത്യജിച്ചിട്ടുള്ളത്. ജോലിയിൽനിന്നു ലീവെടുത്ത് പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചു. ജോലിയിൽനിന്നു നേരത്തെ റിട്ടയർ ചെയ്ത് ആനുകൂല്യങ്ങളെല്ലാം പാർട്ടിക്കു നല്കി. ഈ പറയുന്ന രാഗേഷും എം.വി. ജയരാജനും പാർട്ടിക്കുവേണ്ടി എന്താണ് ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു തന്റെയുംകൂടി അറിവോടെയാണ് പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വമെന്ന്?
മുഖ്യമന്ത്രിയറിയാതെ ഒരിക്കലും പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വം നിശ്ചയിക്കില്ല. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പരസ്പരം സഹായിക്കലാണ്. പാർട്ടി സെക്രട്ടറിയുടെ ഭാര്യയെ ഇവിടെ സ്ഥാനാർഥിയാക്കുക, മുഖ്യമന്ത്രിയുടെ മകളുടെ കെട്ടിയോനെ അവിടെ സ്ഥാനാർഥിയാക്കുക, പിബി മെംബറുടെ ഭാര്യയെ അപ്പുറത്ത് സ്ഥാനാർഥിയാക്കുക. ഇങ്ങനെ പരസ്പര സഹായസംഘങ്ങളായാണ് പാർട്ടിയിൽ ഇവർ പ്രവർത്തിക്കുന്നത്.
പിണറായി വിജയൻ പണ്ടത്തെ രീതിയിൽനിന്നു മാറിയോ?
പിണറായിക്ക് എങ്ങനെയാണ് മാറ്റം വന്നതെന്ന കാര്യമാണ് എന്നെ അതിശയപ്പെടുത്തുന്നത്. ഞാൻ ആദരിക്കുന്ന നേതാവാണ് പിണറായി വിജയൻ. പിണറായി ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ ഞാൻ ഏരിയാ സെക്രട്ടറിയാണ്. അതുകൊണ്ട് നല്ല രീതിയിലുള്ള ബന്ധമാണു ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. എന്നാൽ, എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയുടെ കാര്യത്തിൽ വാഴ്ത്തുപാട്ടുകാരായി മാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പാർട്ടിയിലെ സമുന്നത നേതാക്കൾ. ശ്യാമളയ്ക്കുവേണ്ടി എം.വി. ജയരാജൻ പാർട്ടി പത്രത്തിൽ ലേഖനമെഴുതി. പാർട്ടിക്കുവേണ്ടി എത്ര സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗമല്ലേ പേരാവൂരിൽ മത്സരിക്കുന്നത്. ഇവരുടെ ആരുടെയും മഹത്വം വിവരിച്ച് ലേഖനം എഴുതിയിട്ടില്ല. ഒരു സ്ഥാനാർഥിയുടെ കാര്യത്തിൽമാത്രം എന്താണ് ഇങ്ങനത്തെ നിലപാട് സ്വീകരിക്കുന്നത്.
തളിപ്പറന്പ് മണ്ഡലത്തിലെ കഴിഞ്ഞ അഞ്ചുവർഷത്തെ വികസനം എങ്ങനെയായിരുന്നു?
കഴിഞ്ഞ അഞ്ചുവർഷം അധികാരത്തിന്റെ ഹുങ്കാണ് എം.വി. ഗോവിന്ദൻ എംഎൽഎ ജനങ്ങളോടു കാണിച്ചിരിക്കുന്നത്. തളിപ്പറന്പ് മണ്ഡലത്തിലെ ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണു ഗോവിന്ദൻ നടപ്പാക്കിയ കോടികളുടെ വികസനങ്ങൾ. പാർട്ടി അറിയാതെയാണ് പല വികസനങ്ങളും. എംഎൽഎയുടെ വീട്ടിൽ നിന്നാണ് എവിടെ വികസനം വരുത്തേണ്ടതെന്ന് തീരുമാനിക്കുന്നത്. ഈ വീട് കേന്ദ്രീകരിച്ചാണ് ഉപജാപകസംഘങ്ങൾ പ്രവർത്തിക്കുന്നത്.
തുടർഭരണം ഉണ്ടാകുമോ?
ഇനിയൊരു അധികാരം കിട്ടിക്കഴിഞ്ഞാൽ ഇവർ എന്താകും എന്ന ഒരു ഭയപ്പാട് ജനങ്ങൾക്കുണ്ട്. സിപിഎമ്മിൽ സംഭവിച്ചിരിക്കുന്ന അപചയങ്ങളെക്കുറിച്ച് ജയിംസ് മാത്യു ഉൾപ്പെടെയുള്ള നേതാക്കൾക്കറിയാം. ഇത്തരം അപചയങ്ങൾ സംഭവിച്ച് കഴിഞ്ഞാൽ പാർട്ടി ഇല്ലാതാകും. അതുകൊണ്ടാണ് സച്ചിദാനന്ദൻ മാഷ് ഇനിയൊരു ഭരണതുടർച്ച ഉണ്ടായിക്കൂടായെന്ന് പറഞ്ഞത്. അദ്ദേഹം കമ്യൂണിസ്റ്റ് വിരുദ്ധനല്ല. എന്നിരുന്നാലും അദ്ദേഹം പറഞ്ഞത് ശരിയാണ്. തുടർഭരണം ഉണ്ടാകില്ല.
Tags : Chief Minister Pinarayi vijayan Jayarajan P.K. Shyamala T.K. Govindan Kerala Assembly Election Niyama Sabha Election