സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. അന്‍ഷാദ്
ഇന്ന് രാവിലെ തൃശൂര്‍ വെസ്റ്റ് പൊലിസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. അന്‍ഷാദ് പരാതികള്‍ കേള്‍ക്കുന്ന തിരക്കിലായിരുന്നു. അനാഥരായ രണ്ടു കുഞ്ഞുങ്ങള്‍ക്ക് വെളിച്ചമായ രക്ഷകനെക്കുറിച്ച് കേള്‍ക്കാനാണ് എത്തിയതെന്ന അറിയിച്ചപ്പോള്‍ അദ്ദേഹം സ്നേഹപൂര്‍വം അത് നിരസിച്ചു. വാര്‍ത്ത ഇനി കൊടുക്കണോ, ഞാന്‍ ഒരു കര്‍മം ചെയ്തുവെന്ന് മാത്രമേ ഉള്ളൂ. ഞാന്‍ ആരോടും സത്യം പറയാതിരുന്നതാണ്. നമ്മള് ചെയ്യുന്ന കാര്യം എന്തിനാണ് പുറത്ത് അറിയിക്കുന്നത്. - ഇന്‍സ്പെക്ടര്‍ അന്‍ഷാദ് പറഞ്ഞു. ആരോരുമില്ലാത്ത കുരുന്നുകള്‍ക്ക് പിതാവായത് താങ്കളിലെ നന്മയെ വര്ധിപ്പിച്ചിട്ടേയുള്ളുവെന്ന് പറഞ്ഞ് നിര്ബന്ധിപ്പിച്ചപ്പോഴാണ് അഭിമുഖത്തിന് അദ്ദേഹം തയാറായത്.
2017 ജനുവരി 14നാണ് ഇരിട്ടിയിലെ കട വരാന്തയില്‍ രണ്ട് മക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ശോഭയെ രണ്ടാം ഭര്‍ത്താവ് മഞ്ജുനാഥ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം ഇരിട്ടി ബസ് സ്റ്റാന്‍ഡിന് സമീപത്തെ കിണറ്റില്‍ തള്ളിയ ശേഷം, കുഞ്ഞുങ്ങളെ ട്രെയിനില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു. തെളിവുകളില്ലാതിരുന്ന ആ മരണം ഒരുപക്ഷേ ആത്മഹത്യയാകാമായിരുന്നു. ഇരിട്ടി പൊലിസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐ ആയിരുന്ന എസ്. അന്‍ഷാദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം നടത്തിയ അന്വേഷണം രണ്ടു കൊലപാതകങ്ങളുടെ ചുരുളാണ് അഴിച്ചത്.
അതോടൊപ്പം ആരോരുമില്ലാത്ത ആ കുരുന്നുകളുടെ സംരക്ഷകന്‍ എന്ന ചുമതല കൂടി അന്‍ഷാദ് ഏറ്റെടുക്കുകയായിരുന്നു. അവര്‍ക്ക് സ്നേഹവും കരുതലും പകരുന്ന അച്ഛനായി. ആരുമറിയാതെ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ അദ്ദേഹം ഏറ്റെടുത്ത ആ ദൗത്യം നന്മയുടെ നിശബ്ദമായൊരു അധ്യായമാണ്. ഉയിര് എന്ന സിനിമയ്ക്ക് പ്രചോദനമായതും ഈ സംഭവം തന്നെയാണ്. സോഷ്യല്‍വര്‍ക്കില്‍ മാസ്റ്റര്‍ ഡിഗ്രിയെടുത്ത്, വനം വകുപ്പിലെയും സെയില്ടാക്സിലെയും ജോലിയുപേക്ഷിച്ച് പൊലിസ് സബ് ഇന്‍സ്പെക്ടറുടെ വേഷമണിഞ്ഞ പാലക്കാട്ടുകാരന് എസ്.അന്‍ഷാദ് 2017 ലെ ആ പ്രൊബേഷന്‍ കാലത്തെ നെഞ്ചുപൊള്ളിക്കുന്ന ഓര്‍മകള്‍ പങ്കിട്ടു.
ക്രൈം നമ്പര്‍ 77/17, ഫ്ലാഷ് ബാക്ക്
2017 ജനുവരി 21. പൊലിസ് കുപ്പായമിട്ട് സബ് ഇന്‍സ്പെക്ടര്‍ ട്രെയിനിയായിട്ട് ഞാന്‍ ഇരിട്ടി പൊലിസ് സ്റ്റേഷനില്‍ എത്തിയിട്ട് രണ്ടു മാസമേ ആയിട്ടുള്ളു. രാവിലെ 11 ആയപ്പോഴേക്കും സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ കോള്‍ എത്തി. ഇരിട്ടിയിലെ പൊട്ടക്കിണറ്റില്‍ ഒരു സ്ത്രീയുടെ മൃതദേഹം കിടക്കുന്നുവെന്നായിരുന്ന ആ കോള്‍. പൊലിസുകാര്‍ക്കൊപ്പം ഞാന്‍ അവിടെ ചെന്നു. പുഴുവരിച്ച് വികൃതമായി ദുര്‍ഗന്ധം വമിക്കുന്ന ആ ശവശരീരത്തിന് ഏഴു ദിവസം പഴക്കമുണ്ടായിരുന്നു. മൂക്കുത്തിയും കാലില്‍ കൊലുസുമിട്ട യുവതിയുടെ കൈത്തണ്ടയില്‍ കന്നഡയില്‍ ആര്. രാജു എന്നെഴുതിയിട്ടുമുണ്ട്.
അതുകൊണ്ടുതന്നെ പ്രാഥമിക പരിശോധനയില്‍ മൃതദേഹം കന്നഡക്കാരിയുടേതാണെന്ന നിഗമനത്തിലെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി സ്റ്റേഷനിലെത്തി ക്രൈം കാര്‍ഡ് പരിശോധിച്ചെങ്കിലും കാണാതായവരുടെ പട്ടികയില്‍ സമാനമായ സ്ത്രീകളില്ല. മറ്റ് സ്റ്റേഷനുകളിലും മിസിംഗ് കേസുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. മരണത്തില്‍ ആര്‍ക്കും പരാതിയുമില്ല. പിറ്റേന്ന് വിവരശേഖരണത്തിനായി ഇരിട്ടിയിലെ പലയിടത്തും നടന്നു. അങ്ങനെയാണ് മൃതദേഹം കണ്ട സ്ഥലത്തിനടുത്തായി ഒരു നാടോടി കുടുംബം താമസിച്ചിരുന്നെന്ന വിവരം കിട്ടിയത്.
ഭാര്യയും ഭര്‍ത്താവും രണ്ടുകുട്ടികളുമടങ്ങുന്ന കുടുംബം. രണ്ടാഴ്ച മുമ്പ് അവിടെ എത്തിയ ഇവരെക്കുറിച്ച് ആര്‍ക്കും കൂടുതലായൊന്നും അറിയില്ല. അന്വേഷണത്തില്‍ സമീപത്തെ കടയില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയില്‍ നിന്ന് ഒതു തുമ്പു ലഭിച്ചു. മരിച്ചത് അവിടെ താമസിച്ച സ്ത്രീയാണ്. അവരുടെ കൈയില്‍ പച്ചകുത്തിയത് താന്‍ കണ്ടിട്ടുണ്ടെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. അങ്ങനെ മേല്‍ ഉദ്യോഗസ്ഥരുടെ അനുമതിയോടെ ഉളിക്കലില്‍, ശ്രീകണ്ഠപുരം, ചക്കരക്കല്‍ എന്നിവിടങ്ങള്ിലൊക്കെ മഫ്തിയില്‍ അന്വേഷിച്ചു.
അത് ശോഭ തന്നെ...
അന്വേഷണത്തിനിടെ സംസാരിച്ച ഒരു നാടോടി പെണ്‍കുട്ടി നിര്‍ണായകമായ ഒരു വിവരം നല്കി. മരിച്ചത് ശോഭച്ചേച്ചിയാണ്. അവര്‍ക്ക രണ്ടു മക്കളുമുണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ശോഭ മുമ്പൊരിക്കല്‍ വിളിച്ച ഒരു ഫോണ്‍ നമ്പറും ആ കുട്ടി നല്കി. ഇതിനിടെ മുങ്ങിമരണമാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചു. ലഭിച്ച ഫോണ്‍ നമ്പറിലെ കോള്‍ ഡീറ്റെയില്‍സ് എടുത്തപ്പോള്‍ കര്‍ണാടക നമ്പറാണെന്ന് മനസിലായി. അതിനിടെയാണ് മറ്റൊരു കേസ് അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാട പൊലിസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഇരിട്ടി പൊലിസ് സ്റ്റേഷനിലെത്തിയത്.
ഇവരെക്കൊണ്ട് പൊലിസ് ആണെന്ന് പറയാതെ ആ നമ്പറിലേക്ക് വിളിച്ചു. അത് കര്‍ണാടകയിലെ തുമകൂരില്‍ ഡെക്കറേഷന്ജോലി ചെയ്യുന്ന മഞ്ജുനാഥ് എന്നയാളുടേതായിരുന്നു. സൈബര്‍ സെല്ലില്‍ നിന്ന് ലഭിച്ച കോള്‍ വിവരങ്ങളും ഇത് ശരിവയ്ക്കുന്നതായിരുന്നു. ഇതോടെ മഞ്ജുനാഥിനെ ഞാന്‍ നേരിട്ട് വിളിച്ചു. ശോഭ തന്റെ സഹോദരന്റെ മകളാണെന്നും അവരുടെ ഭര്‍ത്താവിനെ കാണാതായിയെന്നും അതറിഞ്ഞ് അവരെ സഹായിക്കാനായി താന്‍ ഇരിട്ടിയില്‍ വന്നിരുന്നുവെന്നും അയാള്‍ പറഞ്ഞു.
മൃതദേഹം തിരിച്ചറിയാന്‍ വരണമെന്ന് പലവട്ടം വിളിച്ച് ആവശ്യപ്പെട്ടിട്ടും അയാള്‍ വന്നില്ല. ഒടുവില്‍ ബന്ധുവെന്ന് അവകാശപ്പെട്ട് വന്ന ആളും അഭിഭാഷകനും കേസിന്റെ വിവരങ്ങളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ആവശ്യപ്പെട്ടെങ്കിലും ബന്ധുവിനെ ചോദ്യം ചെയ്തപ്പോള്‍ ബന്ധുവേഷം കെട്ടിയ വക്കീല്‍ ഗുമസ്തനാണെന്ന് മനസിലായി. ഇരുവരെയും തിരിച്ചയച്ചു.
മഞ്ജുനാഥിനെ തേടി കര്‍ണാടകയിലേക്ക്...
മഞ്ജുനാഥിനെ കണ്ടെത്താനായി കര്‍ണാടകയിലേക്ക് പുറപ്പെട്ടു. കോറ സ്റ്റേഷനില്‍നിന്ന് പൊലിസുകാരെക്കൂട്ടി പുലര്‍ച്ചെ അഞ്ചിന് മഞ്ജുനാഥിന്റെ വീട്ടിലെത്തിയെങ്കിലും അയാള്‍ അവിടെ ഇല്ലെന്നായിരുന്നു ഭാര്യയുടെ മറുപടി. ഞങ്ങള്‍ പുറത്ത് മറഞ്ഞു നിന്നു. ഇതറിയാതെ പുറത്തേക്ക് ഇറങ്ങിയ മഞ്ജുനാഥിനെ ഞങ്ങള്‍ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ശോഭയെ കൊന്ന് കിണറ്റിലിട്ടതാണെന്ന നിര്‍ണായക വിവരം ലഭിച്ചു.
ശോഭയുടെ ഭര്‍ത്താവായ രാജു അവരെ ഉപേക്ഷിച്ചുപോയപ്പോള്‍ താനുമായി അടുപ്പത്തിലായെന്നും പിന്നീട് നാട്ടിലേക്ക് തിരിച്ചുപോകാന്‍ അനുവദിക്കാതിരുന്നതിനാലാണ് കൊലപാതകമെന്നുമായിരുന്നു കുട്ടികളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവരെക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു അയാളുടെ മറുപടി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജയിലിലാക്കി. ഇതിനിടെ രാജുവിന്റെ ബന്ധുക്കളെയും കണ്ടെത്താന്‍ കഴിഞ്ഞു. സഹോദരി കാവ്യ , രാജുവിനെ കാണാതായിട്ട് ഒരു വര്‍ഷമായെന്നും എന്തോ സംഭവിച്ചിട്ടുണ്ടെന്ന സംശയമുണ്ടെന്നും പറഞ്ഞു.
മഞ്ജു നാഥിനെ തെളിവെടുപ്പിനായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയ സമയത്ത് ഇയാളെ വിശദമായി ചോദ്യം ചെയ്തു. രാജു എവിടെയെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു അയാളുടെ മറുപടി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ രാജുവിനെ ശോഭയും താനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് മഞ്ജുനാഥ് നടത്തിയത്. ഞങ്ങള്‍ക്കത് ശരിക്കും ഷോക്ക് ആയിരുന്നു. ശോഭയും മഞ്ജുനാഥും തമ്മിലുള്ള ബന്ധത്തിന് തടസമാണെന്ന് തോന്നിയ രാജുവിനെ കഴുത്തില്‍ കയറിട്ടുമുറുക്കിക്കൊന്ന് കാട്ടിനുള്ളിലിട്ട് കത്തിക്കുകയായിരുന്നുവെന്നായിരുന്നു പ്രതിയുടെ മറുപടി.
നോവായി ആ കുരുന്നുകള്‍
ശോഭയെ കൊന്നത് 2017 ജനുവരി 14ന് ആയിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ മക്കളായ ആറു വയസുകാരനെയും നാലു വയസുകാരിയെയും കൂട്ടി ബംഗളൂരുവിലേക്ക് പോയി, മജെസ്റ്റിക്കില്‍ വച്ച് കുട്ടികളെ കാണാതായി എന്നായിരുന്നു മഞ്ജുനാഥിന്റെ മറുപടി. രണ്ടു കൊലപാതകങ്ങള്‍ തെളിഞ്ഞെങ്കിലും ആ കുഞ്ഞുങ്ങള്‍ എവിടെയാണെന്ന ചിന്ത എന്നെ വല്ലാതെ അലട്ടി. ആ കുഞ്ഞുങ്ങളെ ഇയാള്‍ കൊന്നോ അല്ലെങ്കില്‍ ഭിക്ഷാടന മാഫിയയ്ക്കോ സെക്സ് റാക്കറ്റിനോ വിറ്റോ, അതുമല്ലെങ്കില്‍ രണ്ടാളെയും രണ്ടിടത്തേക്ക് മാറ്റിയോ എന്നുള്ള ആശങ്കയും സങ്കടവുമായിരുന്നു എനിക്ക്. അന്ന് എന്റെ മൂത്ത മകന് അഞ്ചു വയസാണ്.
അവന്റെ കളിച്ചിരികളും കൊഞ്ചലുമൊക്കെ കാണുമ്പോള്‍ ആ കുട്ടികളെക്കുറിച്ചുള്ള വേദന എന്നില്‍ കൂടുമായിരുന്നു. പൊലിസ് കസ്റ്റഡി അവസാനിക്കാന്‍ രണ്ടു ദിവസം മാത്രമേ ബാക്കിയുള്ളു. അന്നത്തെ ചോദ്യം ചെയ്യലില്‍ ഞാനവരെ ബംഗളൂരുവില്‍നിന്ന് മുംബൈക്കുള്ള ട്രെയിനിൽ കയറ്റിവിട്ടു.. ഇത് സത്യമാ സാറേ എന്ന് മഞ്ജുനാഥ് മൊഴി നല്കി. ഞങ്ങളുടെ കൈയില്‍ തെളിവുകളൊന്നും ഇല്ല. പ്രതി പറഞ്ഞ സമയം അനുസരിച്ച് നോക്കിയപ്പോള്‍ ഒരാൾ മുംബൈ ട്രെയിനുണ്ട്- അത് ലോകമാന്യ തിലക് ആയിരുന്നു.
ഒന്നരമാസമായി കുട്ടികളെ കാണുന്നില്ല. പൊലിസിന്റെ കൈയില്‍ കിട്ടിയാല്‍ കുഞ്ഞുങ്ങളെ കണ്ടെത്തേണ്ട സമയവും കഴിഞ്ഞു. ഇനി അവര്‍ രണ്ടുവഴിക്ക് തിരിഞ്ഞിരിക്കുമോയെന്ന ചിന്ത എന്നെ വല്ലാതെ അലട്ടിക്കൊണ്ടേയിരുന്നു.
കുട്ടികളെ തേടി ബംഗളൂരുവിലേക്ക്
ഞാനും മറ്റൊരു പൊലിസ് ഉദ്യോഗസ്ഥനും കുട്ടികളെ തെരഞ്ഞ് ബംഗളൂരുവിലെ തെരുവു മുഴുവന്‍ നടന്നു. എന്റെ സുഹൃത്തുക്കളായ റിയാസും റൈഫും കുട്ടികളുടെ ചിത്രവും എന്റെ ഫോണ്‍നമ്പറും നല്കി ഗ്രാഫിക് കാര്‍ഡുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. മാധ്യമങ്ങള്‍ക്ക് നല്കി. പലയിടത്തുനിന്നായി ഫോണ്‍കോളുകള്‍ വന്നു. കോളുകളില്‍ പറയുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ എത്തിയെങ്കിലും നിരാശമാത്രമായിരുന്നു ഫലം. അതിനിടെ എന്റെ പ്രൊബേഷന്‍ തീരാറായി.
കുഞ്ഞുങ്ങളെ എങ്ങനെയെങ്കിലും കണ്ടെത്തണമെന്ന ചിന്തയില്‍ ഞാനും സഹപ്രവര്ത്തകന് സതീഷ് വീണ്ടും മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ ഒടുവില്‍ മുംബൈയിലെത്തിയിരുന്നു. റെയില്‍വേ അധികൃതര്‍ അവരെ രക്ഷപ്പെടുത്തി സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുഞ്ഞുങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി മുംബൈയില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചു. ഒടുവില്‍ മാര്‍ച്ച് 11 ന് കാലടി പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ ബിനു എന്നെ വിളിച്ചു.
ഒന്നര വര്‍ഷം മുമ്പ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് മുംബൈയില്‍ പോയിരുന്നു. അന്ന് അവിടെവച്ച് പരിചയപ്പെട്ട പിആര്‍ഒ ആയ വനിതാ പൊലിസുകാരി വിളിച്ചിരുന്നു. ഒന്നരമാസമായി മുംബൈ ചില്‍ഡ്രന്‍സ് ഹോമില്‍ മലയാളം കുറച്ചുസംസാരിക്കുന്ന രണ്ട് കുട്ടികളുണ്ടെന്ന വിവരം ലഭിച്ച കാര്യം അറിയിച്ചു. ഉടന്‍ കുട്ടികളുടെ ഫോട്ടോ അയച്ചുകൊടുത്തു. ബിനു മറ്റു പൊലിസ് സ്റ്റേഷനുകളിലേക്ക് വിവരം അറിയിച്ചു. ഒടുവില്‍ എന്നെ വിളിക്കുന്നു. അവിടെ നിന്ന് കിട്ടി ഫോട്ടോ ഞാന്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു.
ഇത് തങ്ങളുടെ കുട്ടികളാണെന്ന് പറഞ്ഞ് അവര്‍ വലിയ കരച്ചിലായിരുന്നു. ആ നിമിഷം എനിക്ക് ഇപ്പോഴും ഓര്‍ക്കുമ്പോള്‍ കണ്ണു നിറയും. അത്രയും ദിവസം ആഗ്രഹിച്ച സംഭവം ഉടന്‍ കണ്ടെത്തിയപ്പോള്‍ സന്തോഷമായി. മാര്‍ച്ച് 19ന് രാജുവിന്റെ സഹോദരി കാവ്യയെയും ഇവിടത്തെ സിഡബ്ല്യുസിയില്‍ നിന്നുള്ള കത്തുമായി കാറില്‍ മുംബൈയിലേക്ക് പോയി. കുഞ്ഞുങ്ങള്‍ തന്റെ സഹോദരന്റെ മക്കള്‍ തന്നെയാണെന്ന് കാവ്യ തിരിച്ചറിഞ്ഞു. തുടര്‍ന്ന് കുട്ടികളെയും കൂട്ടി മാര്‍ച്ച് 19 ന് ഇരിട്ടിയില്‍ തിരിച്ചെത്തി.
കുട്ടികളുടെ സംരക്ഷകനായതെങ്ങനെ ?
ബംഗളൂരു റെയില്‍വേസ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍നിന്ന് കുര്‍ള എക്സ്പ്രസിന്റെ ഒന്നാംനമ്പര്‍ ബോഗിയിലാണ് മഞ്ജുനാഥ് ഇരുവരെയും കയറ്റിവിട്ടത്. ബാത്ത്റൂമിനോട് ചേര്‍ന്നുള്ള ഇടനാഴിയില്‍ ഇരുത്തി. രണ്ടു ദിവസം അവന് നാലു വയസുകാരി അനിയത്തിയെ ചേര്‍ത്തുപിടിച്ചു. ആരൊക്കെയെ നല്കി ഭക്ഷണം പങ്കുവച്ചു കഴിഞ്ഞു. (സംസാരത്തിനിടെ ഇന്‍സ്പെക്ടര്‍ അന്‍ഷാദിന്റെ വാക്കുകള്‍ ഇടറി). ദൈവകൃപകൊണ്ട് മക്കളെ തിരിച്ചു കിട്ടി.
കാവ്യയ്ക്കും കുടുംബത്തിനും കുഞ്ഞുങ്ങളോട് വലിയ സ്നേഹമായിരുന്നു. പക്ഷേ ആ കുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല കൂടി ഏറ്റെടുക്കാനുള്ള സാമ്പത്തികശേഷി അവര്‍ക്കില്ലായിരുന്നു. കുഞ്ഞുങ്ങള്‍ വീണ്ടും തെരുവിലേക്ക് തന്നെ എത്തപ്പെടുമോയെന്ന് ഞാന്‍ ഭയന്നു. അവരെ നാട്ടിലെത്തിച്ചപ്പോള്‍ തന്നെ നല്ല വിദ്യാഭ്യാസം നല്കി എന്റെ മക്കളെപ്പോലെ വളര്‍ത്തണം എന്നാണ് മനസ് പറഞ്ഞത്. ഞാന്‍ ശിശുക്ഷേമ സമിതിയെ സമീപിച്ച് സംരക്ഷണ മാര്‍ഗങ്ങള്‍ തേടി. കുറേപ്പേര് കുട്ടികളെ ദത്തെടുക്കാന്‍ സന്നദ്ധരായി. എന്നാല്‍ ബന്ധുക്കളുടെ സമ്മതത്തോടെ പാലക്കാട്ടെ പ്രമുഖ സ്കൂളില്‍ രണ്ടു പേരെയും ചേര്‍ത്തു.
മക്കളുടെ അന്‍ഷാദ് അങ്കിള്‍...
അവരും നന്നായി വളരണം. അതായിരുന്നുഎന്റെ ആഗ്രഹം. അന്ന് ആറും നാലും വയസുണ്ടായിരുന്ന ആ ചേട്ടനും അനിയത്തിയും ഇപ്പോള്‍ 14 ഉം 12 ഉം വയസുകാരായി. രണ്ടാളും നന്നായി പഠിക്കും. മോന് ഒരുപാട് മാനസിക പ്രയാസങ്ങളിലൂടെ കടന്നുപോയെങ്കിലും ആള് ഇന്ന് മിടുക്കനാണ്. മോള് അസാധാരണ കഴിവുള്ള കുട്ടിയാണ്. യുട്യൂബിലൊക്കെ അവളുടെ ഡാന്‍സുണ്ട്. - കുട്ടികളെക്കുറിച്ച് പറയുമ്പോള്‍ ഇന്‍സ്പെക്ടര്‍ അന്‍ഷാദിന്റെ മുഖത്ത് നിറയുന്നത് പിതൃ വാത്സല്യമാണ്.
എനിക്കിപ്പോള്‍ നാലു മക്കളാണ്. ഭാര്യ സുനൈനയും മക്കളായ അയാന് റോവലിനും അഹാന് റോവലിനുമൊപ്പം മിക്കപ്പോഴും അവരെ കാണാന്‍ പോകാറുണ്ട്. എന്റെ കുടുംബാംഗങ്ങള്‍ക്കെല്ലാം കുട്ടികളെ വലിയ ഇഷ്ടമാണ്. അന്‍ഷാദ് അങ്കിള്‍ എന്നു വിളിച്ചു ഓടിയെത്തുന്ന അവര്‍ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കും. എന്റെ ഇളയ മോനും മോളും വായാടികളാണ്. പിന്നെ കാവ്യയ്ക്കും കുടുംബത്തിനുമൊപ്പം കുട്ടികളെ ഇടയ്ക്കിടെ നാട്ടിലേക്കും അയയ്ക്കാറുണ്ട്.
എന്റെ മക്കളെപ്പോലെ തന്നെയാണ് അവരും വളരുന്നത്. അതില്‍കൂടുതലായി പ്രത്യേകിച്ചൊന്നും എനിക്ക് തോന്നാറില്ല. ഈ ബന്ധം ഇതുപോലെ തന്നെ എന്നും തുടരണമെന്നാണ് ആഗ്രഹം. അവരെ ഏത് ഉയരത്തിലെത്തിക്കാനും എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യും - മൊബൈല്‍ ഫോണിലുള്ള കുട്ടികളുടെ ചിത്രങ്ങളിലേക്ക് വാത്സല്യത്തോടെ നോക്കിയിരിക്കെ ഇന്‍സ്പെക്ടര്‍ അന്‍ഷാദ് പറഞ്ഞുനിര്‍ത്തി.
Tags : Humanity KeralaPolice TrueHero #RealLifeHero ChildProtection