അസിസ്റ്റന്‍റ് പ്രഫസർ ആൻ സ്റ്റാൻലി പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോൾ
പെരുവന്താനം: കുട്ടികളുടെ അവകാശസംരക്ഷണം, ശിശുസംരക്ഷണം, കുട്ടികൾക്ക് സുരക്ഷിതവും ഉൾക്കൊള്ളുന്നതുമായ അന്തരീക്ഷം ഉറപ്പാക്കൽ എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് പെരുവന്താനം സെന്‍റ് ആന്‍റണീസ് കോളജിലെ സോഷ്യൽ വർക്ക് വിഭാഗത്തിന് സംസ്ഥാനതല അംഗീകാരം. കേരള സർക്കാരിന്‍റെ വനിതാ ശിശുവികസന വകുപ്പിന്‍റെ സർട്ടിഫിക്കറ്റ് ഓഫ് ഇൻസ്റ്റിറ്റ്യൂഷണൽ റെക്കഗ്നിഷൻ ആണ് കോളജിന് ലഭിച്ചത്.
2026 നവംബർ 14-ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ശിശുദിനാഘോഷച്ചടങ്ങിൽവച്ച് സോഷ്യൽ വർക്ക് വിഭാഗം അസിസ്റ്റന്‍റ് പ്രഫസർ ആൻ സ്റ്റാൻലി പുരസ്‌കാരം ഏറ്റുവാങ്ങി.
കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ശിശുസംരക്ഷണത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വളർത്തുന്നതിനും വിവിധ സാമൂഹിക ഇടപെടലുകളിലൂടെ കുട്ടികളുടെയും സമൂഹത്തിന്‍റെയും ശാക്തീകരണത്തിനും സോഷ്യൽ വർക്ക് വിഭാഗം നടത്തിവരുന്ന നിരന്തര പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് സുരക്ഷിതവും സൗഹൃദപരവുമായ സാമൂഹിക സാഹചര്യം സൃഷ്ടിക്കുന്നതിനും വിഭാഗം നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് ഈ അംഗീകാരം കൂടുതൽ പ്രചോദനമാകും.
കേരള സർക്കാർ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ശ്രീമതി വി. വിഗ്നേശ്വരി ഐഎഎസ് ഉൾപ്പെടെയുള്ള വകുപ്പധികൃതരോടും പ്രവർത്തനങ്ങളിൽ സഹകരിച്ച എല്ലാവരോടും കോളജ് സോഷ്യൽ വർക്ക് വിഭാഗം നന്ദി അറിയിച്ചു.
ഈ നേട്ടം കോളേജിന്‍റെ സാമൂഹിക പ്രതിബദ്ധതയ്ക്കും കുട്ടികളുടെ ക്ഷേമത്തിനായി നടത്തുന്ന സേവനപ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായി വിലയിരുത്തപ്പെടുന്നു.
Tags : School ChildProtection Achievement Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash