x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുഞ്ചിരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസം: ലീഗ് നിര്‍മിച്ച വീടുകളിലെ കയറിക്കൂടലിനെച്ചൊല്ലിയും വിവാദം


Published: April 23, 2026 05:14 PM IST | Updated: April 23, 2026 05:14 PM IST

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് തൃക്കൈപ്പറ്റ വെള്ളിത്തോടില്‍ മുസ്‌ലിം ലീഗ് നിര്‍മാണം പൂര്‍ത്തിയാക്കിയ 51 വീടുകളിലെ കയറിക്കൂടലിനെച്ചൊല്ലിയും വിവാദം.

ഗൃഹപ്രവേശനച്ചടങ്ങിന് മുസ്‌ലിം ലീഗ് ഗുണഭോക്താക്കളില്‍നിന്ന് 12,000 രൂപ വീതം പിരിവെടുക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടന്നതും ചില പത്രങ്ങളില്‍ വാര്‍ത്ത വന്നതുമാണ് വിവാദത്തിന് ആധാരം.

ഗൃഹപ്രവേശനച്ചടങ്ങ് കേമമാക്കുന്നതിന് മുസ്‌ലിം ലീഗ് പിരിവ് നടത്തുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഭവന പദ്ധതി ഗുണഭോക്താക്കള്‍ പറഞ്ഞു. വീടുകളിലെ കയറിക്കൂടല്‍ കൂട്ടായി നടത്തുന്നതിന് സ്വന്തം നിലയ്ക്കാണ് പിരിവെന്ന് അവര്‍ വ്യക്തമാക്കി.

നിര്‍മാണം പൂര്‍ത്തിയായതും ഫെബ്രുവരി 26ന് താക്കോല്‍ദാനം നടന്നതുമായ 51 വീടുകളില്‍ കയറിക്കൂടല്‍ ഈ മാസം 27നാണ് തീരുമാനിച്ചത്. ഒരാഴ്ച മുമ്പ് ചേര്‍ന്ന ഗുണഭോക്താക്കളുടെ യോഗമാണ് ഗൃഹപ്രവേശനച്ചടങ്ങ് സംയുക്തമായി നടത്താന്‍ തീരുമാനിച്ചത്.

പുനരധിവാസത്തിന് സഹായിച്ചവര്‍, ഭവന നിര്‍മാണം നടത്തിയ തൊഴിലാളികള്‍, സമീപവാസികള്‍ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിക്കാനും തീരുമാനിച്ചു. പന്തല്‍ നിര്‍മാണം, അതിഥികളടക്കം 1,500 പേര്‍ക്കുള്ള ഭക്ഷണം എന്നിവയ്ക്കടക്കം വരുന്ന ചെലവില്‍ ഒരു കടുംബത്തിന്‍റെ വിഹിതമായി കണക്കാക്കിയതാണ് 12,000 രൂപ.

ഓരോ കുടുബവും സ്വന്തം നിലയ്ക്ക് ഗൃഹപ്രവേശനച്ചടങ്ങ് സംഘടിപ്പിച്ചാല്‍ ചെലവ് ഇതിലും വളരെ കൂടുതലാകും. കയറിക്കൂടല്‍ കൂട്ടായി നടത്തുന്നത് സംബന്ധിച്ച് മുസ്‌ലിം ലീഗ് ഉള്‍പ്പെടെ ഒരു പാര്‍ട്ടിയുമായും ദുരന്തബാധിതര്‍ കൂടിയാലോചന നടത്തിയിട്ടില്ല. വിവിധ പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ദുരന്തബാധിതര്‍ക്കിടയിലുണ്ട്.

എന്നിരിക്കേയാണ് ചിലര്‍ കുപ്രചാരണം നടത്തുന്നതെന്ന് ഭവന പദ്ധതി ഗുണഭോക്താവായ കാരക്കാടന്‍ സെയ്തലവി പറഞ്ഞു. നിക്ഷേപ്ത താത്പര്യങ്ങളോടെ കുപ്രചാരണം നടത്തുന്നവര്‍ ദുരന്തബാധിതരെ അപമാനിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

മുട്ടില്‍-മേപ്പാടി സംസ്ഥാന പാതയോടുചേര്‍ന്നുള്ള പ്രദേശമാണ് മനുക്കുന്നുമലയുടെ താഴ്‌വാരത്തുള്ള വെള്ളിത്തോട്. ഇവിടെ ഭവന പദ്ധതിക്ക് 11.5 ഏക്കര്‍ ഭൂമിയാണ് മുസ്ലിം ലീഗ് വിലയ്ക്കു വാങ്ങിയത്. 105 വീടുകളാണ് വെള്ളിത്തോടില്‍ നിര്‍മിക്കുന്നത്. അടുത്ത ഘട്ടത്തില്‍ താക്കോല്‍ദാനം നടത്തേണ്ട വീടുകളുടെ പ്രവൃത്തി നടന്നുവരികയാണ്.

എട്ട് സെന്‍റ് സ്ഥലവും 1,060 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും ഫര്‍ണിച്ചറുമാണ് ഓരോ കുടുംബത്തിനും ലീഗ് നല്‍കുന്നത്. മൂന്ന് കിടപ്പുമുറിയും അനുബന്ധ സൗകര്യങ്ങളുമുള്ളതാണ് ഓരോ വീടും. ശുദ്ധജല വിതരണത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി ഹാള്‍, പാര്‍ക്ക് ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഭവന സമുച്ചയത്തില്‍ ഉണ്ടാകും.

Tags : Controversy house League

Recent News

Corehub Up