കൊച്ചി: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ. സുധാകരനെ മത്സരിപ്പിക്കരുത് എന്ന പേരില്‍ പ്രചരിക്കുന്ന കത്തിനെ കുറിച്ചും വി.ഡി. സതീശന്‍ വിശദീകരിച്ചു. സിപിഎം കള്ളക്കത്ത് പ്രചരിപ്പിക്കുകയാണ് എന്നാണ് സതീശന്‍ പറയുന്നത്.
സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗം ഉണ്ടായപ്പോഴും തനിക്ക് ഭൂരിപക്ഷം കൂടിയിട്ടുണ്ട്. താന്‍ ഒരു എതിരാളിയെയും നിസാരനായി കാണുന്ന ആളല്ല. ക്ലാസ് ലീഡര്‍ ആയി മത്സരിച്ചിട്ടുണ്ട്. അന്നും ഇന്നും എതിരാളിയെ ശക്തനായി കാണുന്നയാളാണ്. തനിക്കെതിരെ മത്സരിച്ച ഒരു സ്ഥാനാര്‍ഥിയും നിസാരക്കാരനല്ല. 2006ല്‍ എറണാകുളം റൂറലില്‍ ഒമ്പതു സീറ്റും പരാജയപ്പെട്ടപ്പോള്‍ താന്‍ മാത്രമാണ് വിജയിച്ചതെന്നും സതീശൻ പറഞ്ഞു.
"ഇത്തവണ നൂറില്‍ അധികം സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ എത്തും. യുഡിഎഫ് ജയിച്ചില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയ വനവാസത്തിന് പോകും. ഞാന്‍ എന്തെങ്കിലും മാറ്റിപ്പറഞ്ഞിട്ടുണ്ടോ? മുഖ്യമന്ത്രിയല്ലേ മാറ്റിപ്പറയുന്നത്. നൂറിലധികം സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ വരും. ഇത് കേരളം കണ്ട ഏറ്റവും മോശം സര്‍ക്കാരാണ്. അതാണ് ഞാന്‍ നൂറില്‍ നില്‍ക്കുന്നത്.
കെപിസിസി പ്രസിഡന്‍റിന്‍റെ മാത്രമല്ല എന്‍റെ പേരിലും കത്ത് പ്രചരിക്കുന്നുണ്ട്. കെ. സുധാകരന് സീറ്റ് കൊടുക്കരുതെന്ന് ഞങ്ങള്‍ പറഞ്ഞതായി. കള്ളക്കത്ത് പ്രചരിപ്പിക്കുകയാണ്. സിപിഎം എത്ര തരംതാണിരിക്കുകയാണ്. മുഖ്യമന്ത്രി ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമില്ല, ആര്‍എസ്എസുമായി ബന്ധമില്ല എന്ന് കള്ളങ്ങള്‍ പറഞ്ഞു. അത് ഞങ്ങള്‍ പൊളിച്ചു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് 18 മാസത്തോളം പെന്‍ഷന്‍ കിട്ടിയില്ലെന്ന് പച്ചക്കള്ളം പറഞ്ഞു. അത് ഞങ്ങള്‍ പൊളിച്ചടുക്കി. നുണയന്‍ പിണറായി തന്നെ. നുണറായി എന്ന പേരും ഞാന്‍ ഇട്ടു' - വി.ഡി. സതീശന്‍ പറഞ്ഞു.
Tags : CPIM fake letter V.D. Satheesan UDF