തിരുവനന്തപുരം: നെട്ടയത്ത് മലമുകളിൽ ബിജെപി നേതാവിന്‍റെ ഭാര്യയെ അസഭ്യം പറഞ്ഞെന്ന പരാതിയിൽ തുടങ്ങിയ തർക്കം സിപിഎം–ബിജെപി സംഘർഷത്തിൽ കലാശിച്ചു. കല്ലേറിലും ലാത്തിച്ചാർജിലും നാല് ബിജെപി പ്രവർത്തകർക്കും അഞ്ച് പോലീസുകാർക്കും പരിക്കേറ്റു.
കല്ലേറിൽ വട്ടിയൂർക്കാവ് സ്റ്റേഷനിലെ സിപിഒ ദീപുവിന് തലയ്ക്കു ഗുരുതര പരിക്കേറ്റു. ബിജെപി നേതാവിന്‍റെ ഭാര്യയെ അസഭ്യം പറയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്ന സംഭവത്തിൽ വട്ടിയൂർക്കാവ് പോലീസിൽ കുടുംബം പരാതി നൽകിയിരുന്നു.
ഇവരുടെ ഭർത്താവിനെ സിപിഎം പ്രവർത്തകർ ഞായറാഴ്ച ഉച്ചയ്ക്ക് തടഞ്ഞുവച്ചെന്നാണ് ആരോപണം. ഇതെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രാത്രി ഏഴരയോടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ബിജെപി പ്രവർത്തകർ സ്ഥലത്തെത്തി. ഇത് സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ ചോദ്യംചെയ്തു. തുടർന്നു ചേരിതിരിഞ്ഞ് ഇവർ ഏറ്റുമുട്ടി.
സ്ഥലത്തെത്തിയ പോലീസിനു നേരെയും കല്ലേറുണ്ടായി. ഇതോടെ കൂടുതൽ പോലീസിനെ സ്ഥലത്ത് വിന്യസിച്ചു.