തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നംകുളം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലൊഴികെ സിപിഎമ്മിലെ സിറ്റിംഗ് എംഎൽഎമാർ വീണ്ടും മത്സരിച്ചേക്കും. ജില്ലാ നേതൃത്വം കൈമാറിയ പ്രാഥമികപട്ടികയിലാണ് ഇക്കാര്യം.
പുതുക്കാട് കെ.കെ. രാമചന്ദ്രൻ, ഗുരുവായൂരിൽ എൻ.കെ. അക്ബർ, വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പിള്ളി, മണലൂരിൽ മുരളി പെരുനെല്ലി, ചേലക്കരയിൽ യു.ആർ. പ്രദീപ് എന്നിവർ വീണ്ടും ജനവിധി തേടും. കുന്നംകുളത്ത് എ.സി. മൊയ്തീനു പകരം നിലവിലെ സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ മത്സരിച്ചേക്കും.
ഗുരുവായൂരിൽ യുഡിഎഫിനു കരുത്തനായ സ്ഥാനാർഥി വരികയാണെങ്കിൽ കെ.വി. അബ്ദുൾ ഖാദറിനെ മത്സരിപ്പിക്കാനും കുന്നംകുളത്തു കെ.വി. നഫീസയെ ഇറക്കാനും ആലോചനയുണ്ട്.
ഇരിങ്ങാലക്കുടയിൽ ഡോ.ആർ. ബിന്ദുവിന്റെ സ്ഥാനാർഥിത്വം സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്റെ സ്ഥാനാർഥിത്വം അനുസരിച്ചാകും. സിപിഐയിൽനിന്നു സീറ്റ് വച്ചുമാറിയാൽ തൃശൂരിലേക്ക് ആർ. ബിന്ദുവിനെ പരിഗണിച്ചേക്കും. ചാലക്കുടി, തൃശൂർ എന്നീ ഘടകകക്ഷികൾ മത്സരിച്ച സീറ്റുകളും ഇരിങ്ങാലക്കുടയുമാണു വച്ചുമാറാൻ ആലോചിക്കുന്നത്.
ചാലക്കുടിയിൽ കേരള കോണ്ഗ്രസ് -എമ്മും തൃശൂരിൽ സിപിഐയുമാണു മത്സരിച്ചത്. തൃശൂരിൽ പി. ബാലചന്ദ്രൻ വീണ്ടും മത്സരിക്കണമെന്ന് ആവശ്യമുന്നയിച്ചെങ്കിലും ജയസാധ്യത കുറവാണെന്നാണു വിലയിരുത്തൽ. കഴിഞ്ഞവട്ടം കഷ്ടിച്ചു കടന്നുകൂടിയ ബാലചന്ദ്രനെ ഇക്കുറി തൃശൂരിൽ മത്സരിപ്പിക്കുന്നത് ആത്മഹത്യാപരമാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ചാലക്കുടി മാത്രമാണ് 2021ൽ എൽഡിഎഫിനു നഷ്ടമായ മണ്ഡലം. ശക്തമായ മത്സരം കാഴ്ചവച്ചാൽ ഇക്കുറി പിടിച്ചെടുക്കാമെന്നു മുന്നണി കണക്കുകൂട്ടുന്നു.
ഒല്ലൂരിൽ കെ. രാജൻ, കൊടുങ്ങല്ലൂരിൽ വി.ആർ. സുനിൽകുമാർ, നാട്ടികയിൽ സി.സി. മുകുന്ദൻ അല്ലെങ്കിൽ ഗീത ഗോപി എന്നിവർ മത്സരിക്കും. കയ്പമംഗലത്ത് ഇ.ടി. ടൈസണു പകരം മുൻ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജിനെ മത്സരിപ്പിക്കാനും ആലോചിക്കുന്നു.
Tags : CPM primary list CPM Candidates Thrissur Sitting MLAs contest again