കണ്ണൂർ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ പ്രചരിച്ച വ്യാജ കത്തുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ. സുധാകരൻ എംപിയുടെ മരുമകൻ അജിത് കുമാറിനെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. കത്ത് പ്രചരിപ്പിച്ച കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സൈബർ പോലീസിന്റെ നടപടി. സുധാകരന്റെ സഹോദരിയുടെ മകനാണ് അജിത് കുമാർ.
നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ കെ. സുധാകരനെ മത്സരിപ്പിക്കരുതെന്നും പകരം ടി.ഒ. മോഹനനെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയ്ക്ക് സണ്ണി ജോസഫ് എഴുതിയ കത്തെന്ന വിധത്തിലായിരുന്നു പ്രചാരണം. കെപിസിസി പ്രസിഡന്റിന്റെ ലെറ്റർ ഹെഡിലെഴുതിയ രീതിയിലാണ് വ്യാജ കത്ത് തയാറാക്കിയത്.
കണ്ണൂരിൽ മത്സരിക്കാൻ സുധാകരൻ ശാഠ്യം പിടിച്ചത് സ്ഥാനാർഥി നിർണയ ഘട്ടത്തിൽ കോൺഗ്രസിൽ വലിയ പ്രതിസന്ധിയും വിവാദവുമായിരുന്നു. ദിവസങ്ങൾ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിലാണ് മുൻ മേയർ ടി.ഒ. മോഹനനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ കത്ത് പ്രചരിച്ചത്.
സുധാകരന്റെ സ്ഥാനാർഥിത്വം ഇല്ലാതാക്കിയത് സണ്ണി ജോസഫ് ആണെന്ന വികാരം ഉയർത്തിവിടുകയായിരുന്നു ലക്ഷ്യമെന്നു പോലീസ് പറയുന്നു. താൻ അങ്ങനെ കത്തെഴുതിയിട്ടില്ലെന്നു വ്യക്തമാക്കിയ സണ്ണി ജോസഫ് പോലീസിൽ പരാതി നൽകി. സമൂഹമാധ്യമങ്ങളിൽ കത്ത് പ്രചരിപ്പിച്ച കെ.ജെ. ജോസഫ്, അബ്ദുൽ ഖാദർ എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അജിത് കുമാറിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
സമൂഹമാധ്യമ ഗ്രൂപ്പുകളിൽ കണ്ട കത്ത് വ്യക്തികൾക്കു ഫോർവേഡ് ചെയ്തുവെന്നതിനപ്പുറം തനിക്ക് കത്തുമായി ബന്ധമില്ലെന്നാണ് അജിത് കുമാർ പോലീസിനോടു പറഞ്ഞത്. കത്ത് വ്യാജമാണോ യഥാർഥമാണോ എന്ന് അറിയില്ലായിരുന്നുവെന്നും അജിത് പോലീസിനോട് പറഞ്ഞതായാണു വിവരം.
Tags : Fake letter KPCC President congress Police Sudhakaran sunny joseph