ചെറുപുഴ: കാർഷികരംഗത്തെ തിരിച്ചടി കാരണം ജീവൻ വെടിഞ്ഞ ചെറുപുഴയിലെ മികച്ച കർഷകൻ അമ്പാട്ട് ഏലിയാസിന്റെ കുടുംബത്തിന് ഇനിയും സർക്കാർ സഹായം പ്രഖ്യാപിച്ചില്ല. മുഖ്യമന്ത്രിക്ക് അപേക്ഷ നല്കുകയും ഏലിയാസിന്റെ മരണം കർഷക ആത്മഹത്യയാണെന്നു കൃഷിവകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തിട്ടും കുടുംബത്തിനു സഹായം നല്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല.
ഏലിയാസിന്റെ വീട് സന്ദർശിച്ച് സർക്കാർ സഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ നല്കുമെന്ന് പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ ഉറപ്പു നല്കിയിരുന്നു. എന്നാൽ, ഏലിയാസിന്റെ കുടുംബത്തെ കരകയറ്റാനാവശ്യമായ ക്രിയാത്മക നടപടികളൊന്നുംതന്നെ സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണു കുടുംബം പറയുന്നത്.
ബാങ്കുകളിലും സൊസൈറ്റികളിലുമായി 27 ലക്ഷം രൂപയും വ്യക്തികളിൽനിന്നും മറ്റുമായി വാങ്ങിയ 18 ലക്ഷം രൂപയും ഉൾപ്പെടെ 45 ലക്ഷം രൂപ ആകെ കടമുള്ളതായി വീട്ടുകാർ പറയുന്നു.
പയ്യന്നൂർ പെരുമ്പയിലുള്ള വളം ഡിപ്പോയിൽ മാത്രം രണ്ടര ലക്ഷം രൂപ കൊടുക്കാനുണ്ട്. മരിച്ച കർഷകരുടെ വായ്പകൾ ബാങ്കുകളും സൊസൈറ്റികളും എഴുതിത്തള്ളാറുണ്ട്. അങ്ങനെ ചെയ്താൽ കുടുംബത്തിന്റെ ബാധ്യതകളുടെ ഭാരം കുറയും. എന്നാൽ, വായ്പ എഴുതിത്തള്ളുന്ന കാര്യവും സർക്കാർ തീരുമാനിക്കണം.
കർഷകന്റെ കുടുംബത്തെ സഹായിക്കാൻ ചെറുപുഴ കൃഷിഭവന്റെ നേതൃത്വത്തിൽ ചെറുപുഴയിലെ വി.വി. ബാലകൃഷ്ണൻ കൺവീനറായുള്ള കർഷക കൂട്ടായ്മയിൽ കുടുംബസഹായ നിധി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. 100 രൂപ പ്ലസ് ചലഞ്ച് വഴിയുള്ള പ്രവർത്തനത്തിനു ചെറുപുഴയിലെ കർഷകരിൽനിന്നു മികച്ച പ്രതികരണമാണു ലഭിച്ചുകൊണ്ടിരിക്കുന്നത്.
Tags : Elias' family Cherupuzha Ambat Elias agricultural sector farmer's suicide