പയ്യന്നൂർ: എസ്ഐയെയും സംഘത്തെയും വടിവാളിന് വെട്ടുകയും അടിച്ച് പരിക്കേൽപ്പിക്കുകയും പോലീസ് വാഹനം തകർക്കുകയും ചെയ്ത സംഭവത്തിലെ കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കത്തിനു കോടതി തടയിട്ടു.
കേസ് നടത്താൻ താത്പര്യമില്ലെന്ന് കാണിച്ച് ഇന്നലെ തളിപ്പറന്പ് സെഷൻസ് കോടതിയിൽ സർക്കാർ നൽകിയ അപേക്ഷയിന്മേലാണു കോടതി നിർണായക ഇടപെടൽ നടത്തിയത്. പൊതുമുതൽ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു കേസ് പിൻവലിക്കാൻ സർക്കാർ നീക്കം നടത്തിയത്.
എന്നാൽ, കേരള നിയമസഭയിൽ പൊതുമുതൽ നശിപ്പിച്ച സംഭവത്തിലെ കേസുകൾ പിൻവലിക്കാൻ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചാണു കേസ് പിവലിക്കാൻ പറ്റില്ലെന്നു കോടതി വ്യക്തമാക്കിയത്. കേസ് തുടരണമെന്നു കോടതി നിർദേശിച്ചു.
2015 സെപ്റ്റംബർ 17-നാണ് പയ്യന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് പഴയങ്ങാടി എസ്ഐ ആയിരുന്ന കെ.പി.ഷൈൻ, സിപിഒ മാരായ പ്രമോദ്, സുനിൽ എന്നിവരെ സംഘർഷം നടക്കുന്ന രാമന്തളി കുന്നത്തെരുവിൽ സ്പെഷൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു.
ഇവർ കുന്നത്തെരുവിലെത്തിയപ്പോൾ സിപിഎം പ്രവർത്തകനായ അനൂപിന്റെ നേതൃത്വത്തിൽ ഇരുപത്തഞ്ചോളം പേരടങ്ങുന്ന സംഘം അസഭ്യം പറഞ്ഞ് ആക്രമിച്ചെന്നാണ് കേസ്.
പോലീസ് വാഹനം തകർത്തതിലൂടെ 60,000 രൂപയുടെ നഷ്ടമുണ്ടായതായും പരാതിയിലുണ്ടായിരുന്നു.
Tags : Police attack Case Police vehicle damage case court blocks move Payyannur Police attacked case