മലപ്പുറം: കൊച്ചുമകന്റെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് മുത്തച്ഛനും മരിച്ചു. തിരൂര്‍ മംഗലം എന്‍ഒസി പടിയില്‍ ബസ് അപകടത്തില്‍ മരിച്ച മുഹമ്മദ് റിഹാന്റെ (10) മരണവാര്‍ത്തയറിഞ്ഞാണ് മുത്തച്ഛൻ ഹനീഫ(84) മരിച്ചത്.
എന്‍ഒസി പടി പള്ളിക്ക് സമീപം വച്ചായിരുന്നു മുഹമ്മദ് റിഹാന് അപകടത്തില്‍പ്പെട്ടത്. പള്ളിയില്‍ നിന്നു പഠനം കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ തിരൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
ബസ് തട്ടി വീണ കുട്ടിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആലത്തിയൂര്‍ മലബാര്‍ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു റിഹാന്.
അപകടവാര്‍ത്തയറിഞ്ഞ് കുഴഞ്ഞുവീണ ഹനീഫയെ ഉടന്‍ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ദീര്‍ഘകാലമായി പെരുന്തിരുത്തി മഹല്ല് പ്രസിഡന്റായി സേവനമനുഷ്ഠിച്ചയാളാണ് ഹനീഫ.
Tags : Grandfather death heart attack grandson