കൊച്ചി: എൽപിജി പ്രതിസന്ധിയിൽ കൊച്ചി നഗരത്തിലെ ഹോസ്റ്റലുകളുടെ പ്രവര്‍ത്തനങ്ങളും താളം തെറ്റുന്നു. പാചകവാതക സിലിണ്ടര്‍ ക്ഷാമം ഹോസ്റ്റലുകളുടെ നടത്തിപ്പിനെയും ബാധിച്ചിരിക്കുകയാണ്. ഒന്നോ രണ്ടോ ദിവസങ്ങളിലേക്കുള്ള ഗ്യാസ് സിലിണ്ടറുകള്‍ മാത്രമാണ് മിക്ക ഹോസ്റ്റലുകളിലും ശേഷിച്ചിരിക്കുന്നത്. സിലിണ്ടര്‍ ലഭിക്കാന്‍ ദിവസങ്ങളോളം കാലതാമസമെടുക്കുന്നത് ഹോസ്റ്റലുകളെ അടച്ചു പൂട്ടലിലേക്ക് അടുപ്പിക്കുകയാണ്.
കാക്കനാട് ഇന്‍ഫോപാര്‍ക്കിനടുത്ത ഒരു ഹോസ്റ്റലില്‍ നിലവില്‍ പ്രഭാതഭക്ഷണം നല്‍കുന്നില്ല. ചില ഹോസ്റ്റുകള്‍ ബ്രെഡ് ആന്‍ഡ് ജാം, പഴങ്ങള്‍, സാലഡ് എന്നീ ഭക്ഷണങ്ങളിലേക്കും ഒതുങ്ങി. സ്വന്തമായി ഭക്ഷണം പാകം ചെയ്യാവുന്ന പേയിംഗ് ഗസ്റ്റ് ആയി തുടരുന്ന വീടുകളില്‍ ഗ്യാസ് ഉപയോഗം പരാമവധി കുറയ്ക്കാണ് നിര്‍ദേശം.
ഹോസ്റ്റല്‍ പൂട്ടുമെന്ന് അറിയിച്ചിട്ടില്ല. എന്നാല്‍ മൂന്നു കറികളൊക്കെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു കറി മാത്രമാണ് കിട്ടുന്നത്. ഭക്ഷണത്തിന്‍റെ അളവും കുറഞ്ഞു എന്നാണ് ചങ്ങമ്പുഴ പാര്‍ക്കിനടുത്ത ഐവി നെസ്റ്റ് ഹോസ്റ്റലില്‍ താമസിക്കുന്ന, കൊച്ചിയില്‍ ജോലി ചെയ്യുന്ന യുവതിയുടെ വാക്കുകള്‍.
നിലവിലെ അവസ്ഥയെ കുറിച്ച് ഹോസ്റ്റലിലെ കുട്ടികളോട് പറഞ്ഞിട്ടുണ്ട് എന്നാണ് എറണാകുളം നോര്‍ത്ത്, അയ്യപ്പന്‍കാവിലെ മിത്ര ലേഡീസ് ഹോസ്റ്റലിലെ വാര്‍ഡന്‍ സനൂജ പറയുന്നത്.
കഷ്ടിച്ച് ഒരാഴ്ചത്തേക്കുള്ള ഗ്യാസ് മാത്രമാണ് ബാക്കിയുള്ളത്. പറ്റാവുന്നിടത്തെല്ലാം സിലിണ്ടറിനായി വിളിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. പുട്ടും പഴവും, ബ്രെഡും ഒക്കെയായി ഗ്യാസ് അധികം ചെലവാക്കാതെയുള്ള ഭക്ഷണമാണ് ഇപ്പോള്‍ നല്‍കുന്നത്. ഇപ്പോള്‍ ഭക്ഷണം കൊടുക്കുന്നുണ്ട്.
മൂന്നാല് ഐറ്റംസ് ഉണ്ടായിരുന്നതൊക്കെ കുറച്ചു, രണ്ടു കറികള്‍ മാത്രമാക്കി. മീന്‍ വറുക്കല്‍ ഒന്നുമില്ല, കറി മാത്രമാക്കി. ഗ്യാസ് തീര്‍ന്നു കഴിഞ്ഞാല്‍ ഭക്ഷണമില്ലാതെ നില്‍ക്കാനുള്ള സാഹചര്യം മാത്രമേ നല്‍കാന്‍ ആവുകയുള്ളു. ഹോട്ടലുകളും പ്രതിസന്ധിയില്‍ ആയതിനാല്‍ അവര്‍ക്ക് അങ്ങനെ നില്‍ക്കാനും സാധിക്കില്ല എന്ന് വാര്‍ഡന്‍ ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.
'രണ്ടു ദിവസത്തേക്ക് കൂടിയുള്ള ഗ്യാസ് മാത്രമേയുള്ളു. ബുക്ക് ചെയ്തിട്ടും സിലിണ്ടര്‍ കിട്ടാനില്ല. ഗ്യാസ് തീര്‍ന്നു കഴിഞ്ഞാല്‍ പിന്നെ താമസം മാത്രമേ കൊടുക്കാന്‍ ആവുകയുള്ളു. വിറകടുപ്പ് തുടങ്ങനോ മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ നടപ്പാക്കാന്‍ ഇപ്പോള്‍ സാധിക്കില്ല' - ജന്ന ജെന്‍ഡ്‌സ് ഹോസ്റ്റൽ ഉടമ അര്‍ഷാദ് (എറണാകുളം നോര്‍ത്ത്).
'ഗ്യാസ് ഇപ്പോള്‍ കിട്ടാനില്ലല്ലോ. തല്‍ക്കാലം ഉള്ള ഗ്യാസ് വച്ചാണ് പാചകം ചെയ്യുന്നത്. ഉടന്‍ തന്നെ അത് തീരും. അത് തീരുമ്പോള്‍ എന്ത് ചെയ്യുമെന്ന് അറിയില്ല. നിലവില്‍ കുട്ടികള്‍ കുറവാണ്'- സെന്‍റ് മേരീസ് ലേഡീസ് ഹോസ്റ്റല്‍ (എംജി റോഡ്)