തിരുവനന്തപുരം: കണ്ടു കണ്ടങ്ങിരിക്കും നേതാക്കളെ.... പിന്നെ കാണുന്നത് മറുകണ്ടത്താണ്. ചാട്ടവും ചരടുവലികളും ഏറെ കണ്ട നിയമസഭാ തെരഞ്ഞെടുപ്പിലേക്കാണ് കേരളം നീങ്ങുന്നത്. അപ്രതീക്ഷിത നീക്കങ്ങൾ മൂന്നു മുന്നണികളിലും ഏറെ കണ്ട തെരഞ്ഞെടുപ്പു പോരാട്ടത്തിൽ ഇനിയും വിസ്മയങ്ങൾ അവസാനിക്കുന്നില്ലെന്നാണ് നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
മുൻ തെരഞ്ഞെടുപ്പുകളിലൊന്നും കാണാനാകാത്ത വിധം ഇക്കുറി വിമത സ്ഥാനാർഥികളും തെരഞ്ഞെടുപ്പു ഗോദയിൽ നിറയുകയാണ്. മുൻമന്ത്രിയും എംഎൽഎമാരും നിയമസഭാംഗങ്ങളായിരുന്നവരും തലമുതിർന്ന നേതാക്കളുമൊക്കെയായി ഒരു ഡസനിലേറെപ്പേർ പലകണ്ടം ചാടി നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് ഭീഷണിയുയർത്തുന്നു.
മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി കേഡർ പാർട്ടിയായ സിപിഎമ്മാണ് വിമത ശല്യത്തിൽ ഇത്തവണ ഏറെ പൊറുതി മുട്ടുന്നത്. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ നിന്നുള്ള തലമുതിർന്ന നേതാക്കൾ പോലും എതിർ പാളയത്തിൽ എത്തി സിപിഎമ്മിനെ പരസ്യമായി വെല്ലുവിളിക്കുന്നു.
എം.വി. ഗോവിന്ദനെതരേ ടി.കെ. ഗോവിന്ദൻ
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഭാര്യ പി.കെ. ശ്യാമളയ്ക്കുമെതിരേ കൊട്ടാര വിപ്ലവം നടത്തി പാർട്ടിയിൽ നിന്നു പുറത്തായതാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദൻ. തളിപറന്പിൽ മൂന്നു തവണ എംഎൽഎയായിരുന്ന എം.വി ഗോവിന്ദനു പിന്നാലെ ഭാര്യ പി.കെ. ശ്യാമളയ്ക്കു സീറ്റു നൽകിയതിലെ അതൃപ്തി പരസ്യമായി പറഞ്ഞാണ് സ്വതന്ത്രനായി മത്സരിക്കാൻ തയാർ എടുക്കുന്നത്. എന്നാൽ, പാർട്ടിയെ ആക്രമിക്കാതെയായിരുന്നു സംസ്ഥാന സെക്രട്ടറിയെ ടി.കെ. ഗോവിന്ദൻ കടന്നാക്രമിച്ചത്. യുഡിഎഫ് പിന്തുണ കൂടി ടി.കെ. ഗോവിന്ദന് ലഭിക്കുന്നതോടെ പാർട്ടിയുടെ കോട്ടയായ തളിപറന്പിൽ എന്തു സംഭവിക്കുമെന്നത് തെരഞ്ഞെടുപ്പു ഫലം വരുന്നതു വരെ കാത്തിരു ന്നു കാണേണ്ടി വരും.
പി.കെ. ശശിയുടെ പൂഴിക്കടകൻ വീഴുമോ വീഴ്ത്തുമോ?
പാലക്കാട് സിപിഎമ്മിനെ വിറപ്പിക്കുന്ന വിമതരുടെ കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്ന നേതാവാണ് ഷൊർണൂർ മുൻ എംഎൽഎയും മുതിർന്ന നേതാവുമായ പി.കെ.ശശി. വിമതരെ സംഘടിപ്പിച്ച പി.കെ. ശശിയുടെ കൂട്ടായ്മ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ ഏതാനും പഞ്ചായത്തുകളിൽ നിർണായക സ്വാധീനമായി വളർന്നു കഴിഞ്ഞു. ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി പി.കെ. ശശിയെത്തുന്പോൾ ഇവിടെ ഇടതുമുന്നണി ഏറെ പ്രതിരോധത്തിലാകും. മൂന്നാം ടേമിന്റെ ഇളവ് പല സ്ഥാനാർഥികൾക്കും സിപിഎം നൽകിയപ്പോൾ നെന്മാറയിൽ സീറ്റ് നൽകാത്തതിൽ കെ. ബാബുവിനും അതൃപ്തിയുണ്ട്.
ബാലഗോപാലിനെ വിറപ്പിച്ചെത്തിയ അയിഷാപോറ്റി
ധനമന്ത്രി കെ.എൻ. ബാലഗോപാലിന് അപ്രതീക്ഷ ഭീഷണിയുയർത്തിയാണ് മൂന്നുതവണ സിപിഎം എംഎൽഎയായിരുന്ന അയിഷാപോറ്റി കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയായത്. അയിഷാപോറ്റി സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പിച്ചതിനു പിന്നാലെ കഴിഞ്ഞ തവണ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ആർ. രശ്മി ബിജെപിയുടെ ഭാഗമായി സ്ഥാനാർഥിയായി.
ആലപ്പുഴ ജില്ലയിൽ ഭീഷണിയുയർത്തി ജി. സുധാകരൻ
അന്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കുന്നതോടെ ഇതിന്റെ അലയൊലികൾ ആലപ്പുഴയിലെ സമീപ മണ്ഡലങ്ങളിലും പ്രതിഫലിക്കുമെന്നാണ് യുഡിഎഫ് കണക്കൂകൂട്ടൽ. യഥാർഥ കമ്യൂണിസ്റ്റുകളെ ഒപ്പം കൂട്ടാനുള്ള നീക്കത്തിൽ ജി. സുധാകരൻ വഴി കോണ്‍ഗ്രസിന് ഒരുപരിധിവരെ സാധിച്ചെന്നാണ് വിലയിരുത്തൽ.
ജി. സുധാകരനെ പിന്തുണച്ചതിൽ കോണ്‍ഗ്രസിലും കലഹം
സിപിഎം നേതാവ് ജി. സുധാകരനെ യുഡിഎഫ് പിന്തുണച്ചതിൽ യുഡിഎഫിലെ കലഹവും പൊട്ടിത്തെറിയിലേക്ക്. ഇതിൽ പ്രതിഷേധിച്ച് കെപിസിസി സെക്രട്ടറി എം.ജെ. ജോബ് പാർട്ടി വിട്ടിരുന്നു. 52 വർഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച ജോബ് ഇന്നലെ ബിജെപിയിൽ ചേർന്നിരുന്നു.
ചാലക്കുടിയിൽ ബിജു ചിറയത്ത് യുഡിഎഫിന് ഭീഷണി
25 വർഷത്തെ കോണ്‍ഗ്രസ് ബന്ധം ഒരു ദിവസം കൊണ്ട് തകർത്തെറിഞ്ഞാണ് ബിജു എസ്. ചിറയത്ത് ചാലക്കുടിയിൽ കേരള കോണ്‍ഗ്രസ്- എമ്മിന്റെ ഇടതു സ്ഥാനാർഥിയായത്. ചാലക്കുടി നഗരസഭയിലെ 25 വർഷമായുള്ള കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന ബിജുവിന്റെ ചാട്ടത്തിൽ കോണ്‍ഗ്രസും യുഡിഎഫും പകച്ചു. കോണ്‍ഗ്രസിലെ നിലവിലെ എംഎൽഎയായ സനീഷ്കുമാർ ജോസഫാണ് ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി.
സിപിഐ തള്ളിയ മുകുന്ദൻ ബിജെപി സ്ഥാനാർഥി
നാട്ടികയിലെ സിപിഐ സ്ഥാനാർഥി പട്ടികയിൽ നിന്ന് അപ്രത്യക്ഷനായ സി.സി. മുകുന്ദൻ, ആദ്യം കോണ്‍ഗ്രസിനെ സമീപിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ബിജെപിയിലെത്തി നാട്ടികയിലെ സ്ഥാനാർഥിയായി.
ദേവികുളത്തെ എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക്
ദേവികുളത്ത് സിപിഎം എംഎൽഎയായിരുന്ന എസ്. രാജേന്ദ്രൻ ഇത്തവണ അവിടെ മത്സരിക്കാൻ എത്തുന്നത് ബിജെപി ടിക്കറ്റിലാണ്.
ഇടുക്കിയിൽ എം.എം. മണിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജേന്ദ്രനെ ബിജെപി പാളയത്തിൽ എത്തിച്ചത്.
കാഞ്ഞിരപ്പള്ളിയിൽ ബിജെപിയിൽ കാലുമാറ്റ ഭീഷണി
കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി ജോർജ് കുര്യനു വിമത ഭീഷണി ഉയർത്തി ബിജെപി മുൻ ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു സ്വതന്ത്രനാകുമെന്ന ഭീഷണിയുണ്ട്. ഇവിടെ നോബിൾ മാത്യുവിന്റെ പേരുമുണ്ടായിരുന്നു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പിലെ വെളിപ്പെടുത്തലുമായി വി. കുഞ്ഞികൃഷ്ണൻ
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിലെ കണക്കുകളെ പൊളിച്ചടുക്കിയാണ് സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണൻ കണ്ണൂരിൽ ആദ്യ കലാപക്കൊടി ഉയർത്തിയത്. നിലവിലെ എംഎൽഎയായ ടി.ഐ മധുസൂദനൻ രക്തസാക്ഷി ഫണ്ട് തട്ടിപ്പു നടത്തിയെന്ന ഗുരുതര ആരോപണമായിരുന്നു കുഞ്ഞുകൃഷ്ണൻ ഉയർത്തിയത്. സ്വതന്ത്രനായി ജനവിധി തേടുന്ന കുഞ്ഞുകൃഷ്ണനെ പയ്യന്നൂരിൽ ആർഎസ്പി സഹായിക്കും.കുഞ്ഞുകൃഷ്ണനും യുഡിഎഫ് പിന്തുണയോടെയാകും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുക.
വി.എസിന്റെ നിഴലായി നടന്ന എ. സുരേഷ് മലന്പുഴയിൽ വി.എസിന്റെ പിൻഗാമിയാകുമോ?
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിഴലായി ഒപ്പം നടന്ന പിഎ എ. സുരേഷാണ് ഇന്ന് വി.എസിന്റെ അവസാനകാലത്തെ തട്ടകമായിരുന്ന മലന്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി. സിപിഎം കോട്ടയായി അറിയപ്പെടുന്ന മലന്പുഴയിലും സുരേഷിലൂടെ യുഡിഎഫിന് മാറ്റമുണ്ടാക്കാൻ കഴിയുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
Tags : Rebel Vazhcha Niyama Sabha Election Kerala Assembly Election LDF UDF NDA BJP Congress CPM