മണിമല: മണിമലയിൽ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തിൽ, അത്യാധുനിക സൗകര്യങ്ങളോടുകൂടി ഇൻഫന്റ് ജീസസ് ആശുപത്രി ഇന്ന് പ്രവർത്തനം ആരംഭിക്കും. പ്രദേശവാസികൾക്ക് സമഗ്രവും ഉന്നതനിലവാരമുള്ളതുമായ ആരോഗ്യപരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി സേവനം ആരംഭിക്കുന്നത്.
ജനറൽ മെഡിസിൻ, പീഡിയാട്രിക്സ് ആൻഡ് നിയോനാറ്റോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഇഎൻടി, ജനറൽ ആൻഡ് ലാപ്രോസ്കോപിക് സർജറി, ഓർത്തോപീഡിക്സ് എന്നീ വിഭാഗങ്ങളിലെ ഒപി സേവനങ്ങൾ നിലവിൽ ലഭ്യമാണ്. കാർഡിയോളജി, പൾമണോളജി, ന്യൂറോളജി, നെഫ്രോളജി, റൂമറ്റോളജി തുടങ്ങി വിവിധ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളിലെയും കൺസൾട്ടേഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്.
100 കിടക്കകളുള്ള ആശുപത്രിയിൽ 24 മണിക്കൂർ അത്യാഹിത വിഭാഗം, ട്രോമ കെയർ, മെഡിക്കൽ ഐസിയു, സർജിക്കൽ ഐസിയു, നവജാത ശിശു തീവ്രപരിചരണ വിഭാഗം, ലേബർ സ്യൂട്ട് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഇന്നലെ നടന്ന ചടങ്ങിൽ ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ തോമസ് തറയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രണ്ട് ലാമിനാർ ഫ്ലോ ഓപ്പറേഷൻ തിയറ്ററുകളുടെ ആശീർവാദ കർമം നിർവഹിച്ചു.
ഫുള്ളിഓട്ടോമേറ്റഡ് ലാബ്, ഫാർമസി, ഡിജിറ്റൽ എക്സ്-റേ എന്നീ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണ്. സിടി സ്കാൻ, അൾട്രാസൗണ്ട് സ്കാൻ, എക്കോകാർഡിയോഗ്രാം, ട്രെഡ്മിൽ ടെസ്റ്റ്, പൾമണറി ഫംഗ്ഷൻ ടെസ്റ്റ് തുടങ്ങിയ പരിശോധനാ സൗകര്യങ്ങൾ ഉടൻ ലഭ്യമാക്കും.
ആദ്യ മൂന്ന് മാസം ഒപി കൺസൾട്ടേഷൻ സൗജന്യമാണെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. പരിചയസമ്പന്നരായ ഡോക്ടർമാരുടെയും സമർപ്പിത നഴ്സിംഗ് സംഘത്തിന്റെയും നേതൃത്വത്തിൽ സുരക്ഷിതവും രോഗീ സൗഹൃദപരവുമായ അന്തരീക്ഷം പ്രദാനം ചെയ്തുകൊണ്ട് മണിമലയിലും സമീപപ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് ആധുനിക ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കുന്ന പ്രധാന ആരോഗ്യകേന്ദ്രമായി ഇൻഫന്റ് ജീസസ് ആശുപത്രിയെ വളർത്തുകയെന്നതാണ് ലക്ഷ്യമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജെയിംസ് പി. കുന്നത്ത് അറിയിച്ചു. ഒപി ബുക്കിംഗിനും വിവരങ്ങൾക്കും: 04828 240 240.
Tags : Infant Jesus Hospital in Manimala