x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം: ജീവനക്കാരുടെ കുറവുകൾ കണ്ടെത്താൻ നിർദേശം


Published: February 23, 2026 07:13 PM IST | Updated: February 23, 2026 07:13 PM IST

ആലപ്പുഴ: ആരോഗ്യ വകുപ്പിൽ വിവാദങ്ങൾ തുടരുന്നതിനിടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ കുറവുകൾ കണ്ടെത്താൻ നിർദേശം. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാറാണ് വിവിധ വകുപ്പ് മേധാവികൾക്ക് ഈ നിർദേശം നൽകിയിരിക്കുന്നത്.

ഫെബ്രുവരി 25ന് മുൻപ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും പ്രിൻസിപ്പൽ നിർദേശം നൽകി. മെഡിക്കൽ കോളജ് ആശുപത്രിയിൽ വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ഗൈനക്കോളജി വിഭാഗത്തിൽ ജീവനക്കാർ കുറവാണെന്ന ആക്ഷേപം മുൻ വകുപ്പ് മേധാവിയും വിവാദമായ ഈ കേസിലെ പ്രതിയുമായ ഡോ. ലളിതാംബിക ഉന്നയിച്ചിരുന്നു.

ഈ ആരോപണം നിഷേധിച്ചു കൊണ്ട് ആരോഗ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഡോ. ലളിതാംബികയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിൽ ഇപ്പോൾ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ ആരോഗ്യ വകുപ്പിന്‍റെ നിർദേശ പ്രകാരം പ്രിൻസിപ്പൽ വകുപ്പ് മേധാവികൾക്ക് രേഖാ മൂലം കത്തയച്ചിരിക്കുന്നത്.

മെഡിക്കൽ കോളജ് ആശുപത്രിയുടെ ആവശ്യങ്ങൾ മുൻനിർത്തി ഒരു സമഗ്ര ഹ്യൂമൻ റിസോഴ്സ് വിലയിരുത്തൽ നടത്തണമെന്നാണ് പ്രധാന നിർദേശം. പുതിയ തസ്തികകൾക്കുള്ള പ്രൊപ്പോസലുകൾ എല്ലാ വകുപ്പ് മേധാവികളും അടിയന്തരമായി സമർപ്പിക്കണം.

നിലവിലുള്ള സ്ഥിരം ജീവനക്കാർ, കരാർ ജീവനക്കാർ, എച്ച്ഡിഎസ് വഴി നിയമിക്കപ്പെട്ടവർ എന്നിവരുടെ കൃത്യമായ കണക്കുകൾ ശേഖരിക്കണം. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കണം പ്രൊപ്പോസലുകൾ സമർപ്പിക്കേണ്ടത്.

ഏതെല്ലാം വിഭാഗങ്ങളിൽ പുതിയ തസ്തികകൾ അത്യാവശ്യമാണെന്ന് കണ്ടെത്തണം. ഇത് നിശ്ചിത മാതൃകയിൽ തയാറാക്കി നൽകണം. സാമ്പത്തിക ബാധ്യതയും ആവശ്യകതയും ഇതിൽ വ്യക്തമാക്കണമെന്ന് നിർദേശമുണ്ട്.

നഴ്സിംഗ് അസിസ്റ്റന്‍റ് ഗ്രേഡ് അറ്റൻഡന്‍റ് എന്നീ തസ്തികകളിൽ അടിയന്തര നിയമനം നടത്തുന്നത് സംബന്ധിച്ച് പ്രത്യേക ശ്രദ്ധ നൽകണമെന്നും പ്രിൻസിപ്പൽ വിവിധ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി.

പലപ്പോഴും കോടിക്കണക്കിന് രൂപയുടെ ബഹുനില കെട്ടിടങ്ങൾ നിർമിക്കാറുണ്ടെങ്കിലും പല വിഭാഗങ്ങളിലും ആവശ്യത്തിന് ജീവനക്കാർ കാണാറില്ല. ഇത് ആരോഗ്യ മേഖലയിലെ വിവിധ സംഘടനകളടക്കം ചൂണ്ടിക്കാണിച്ചിട്ടും മുഖം തിരിച്ചു നിന്ന ആരോഗ്യ വകുപ്പാണ് ഇപ്പോൾ വിവാദമുണ്ടായതിന് പിന്നാലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ തുടക്കമിടുന്നത്.

Tags : Instructions staff shortages Medical College Hospital

Recent News

Corehub Up